അഭിനയത്തിലെ മോഹന്‍ലാലിന്റെ പ്രാവീണ്യത്തെ കുറിച്ച് മലയാളികളോട് പ്രത്യേകിച്ച് പറയേണ്ടതില്ല. ഗായകനായും നിര്‍മ്മാതാവായും തിളങ്ങിയതിന് ശേഷം ഇപ്പോള്‍ സംവിധായകനായും തന്റെ പ്രതിഭ തെളിയിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. എന്നാല്‍ സിനിമയ്ക്ക് പുറത്തുള്ള മോഹന്‍ലാലിനെ കുറിച്ച് പലര്‍ക്കും അറിവുണ്ടാകില്ല. പെയിന്റിങ്ങുകളോടും ശില്പ്പങ്ങളോടുമുള്ള ലാലേട്ടന്റെ കമ്പം വാര്‍ത്തകളില്‍ ഇടയ്ക്കിടെ വരാറുള്ളതാണ്. അതുപോലെ വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ അടക്കമുള്ള ജീവജാലങ്ങളോട് അളവറ്റ കരുതലും സ്നേഹവും പ്രകടിപ്പിക്കുന്ന മോഹന്‍ലാല്‍ എന്ന സഹജീവി സ്നേഹിയെ പരിചയപ്പെടുത്തുകയാണ് ആര്‍ട്ടിസ്റ്റ് എസ്. സുരേഷ് ബാബു.
‘മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം’ എന്ന പേരില്‍ തയ്യാറാക്കിയ വീഡിയോയിലാണ് മോഹന്‍ലാലിന്റെ സഹജീവികളോടുള്ള കരുതലിനെ കുറിച്ച് അദ്ദേഹം പറയുന്നത്. മോഹന്‍ലാലിന്റെ നൂറോളം ചിത്രങ്ങള്‍ വരച്ചിട്ടുള്ള കലാകാരനാണ് സുരേഷ് ബാബു. അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ക്കൊപ്പം കവിതാശകലങ്ങളും കൂട്ടിയിണക്കിയുള്ള ഒരു ദൃശ്യവിഷ്കാരമാണ് ഈ വീഡിയോ.
മോഹന്‍ലാലിനെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി സുരേഷ് ബാബു വരച്ച പുതിയ ഫാമിലി പോട്രെയ്റ്റ് പരിചയപ്പെടുത്തിയാണ് വീഡിയോ ആരംഭിക്കുന്നത്. ഭാര്യ സുചിത്ര, മക്കളായ പ്രണവ്, വിസ്മയ എന്നിവര്‍ക്കൊപ്പം വീട്ടിലെ വളര്‍ത്തുമൃഗങ്ങളെയും ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായി സുരേഷ് ബാബു പറഞ്ഞു.
വാഷ്ബേസനില്‍ ഒരു ഉറുമ്പ് വീണാല്‍ അതെടുത്ത് മാറ്റിയ ശേഷം മാത്രം ടാപ്പ് തുറക്കുന്ന ലാലേട്ടനെ ഞാന്‍ കണ്ടിട്ടുണ്ടെന്ന് സുരേഷ് ബാബു പറയുന്നു. കാട് കണ്ടാല്‍ കിരീടവും ചെങ്കോലും മറക്കുന്ന ലാലേട്ടനെ ശിക്കാറില്‍ കണ്ടിട്ടുണ്ടെന്നും ലാലേട്ടനിലെ സഹജീവി സ്നേഹിയെ പറ്റി എവിടെയും ചര്‍ച്ചയായിട്ടില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
താന്‍ വരച്ച മോഹന്‍ലാലിന്റെ കാരിക്കേച്ചറുകള്‍ എല്ലാം ചേര്‍ത്ത് ഒരു ബുക്ക് പബ്ലിഷ് ചെയ്യാന്‍ ഒരുങ്ങുകയാണ്, അതിനായി 4 ചിത്രങ്ങള്‍ കൂടി വരയ്ക്കണമെന്നും സുരേഷ് ബാബു പറഞ്ഞു. ജനത മോഷന്‍ പിക്ചേഴ്സ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജ്, മഞ്ജുവാര്യര്‍ അടക്കമുള്ള പ്രമുഖര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.