പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായ പ്രൊജക്ടാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി ടീമിന്റെ പുതിയ ചിത്രം. സിനിമയെ കുറിച്ചുള്ള ഓരോ അപ്ഡേറ്റിനും അത്രത്തോളം പിന്തുണയാണ് ലഭിക്കുന്നത്. എന്താണ് സിനിമയുടെ പേര്, കഥാപശ്ചാത്തലം എങ്ങനെയാകും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയാകും, ആരൊക്കെയാകും മറ്റ് അണിയറക്കാര്‍ എന്നിങ്ങനെ നിരവധി സംശയങ്ങളാണ് ചിത്രത്തെ ചുറ്റിപറ്റി സിനിമപ്രേമികള്‍ക്കിടയില്‍ ഉയര്‍ന്ന്. മമ്മൂട്ടി- ലിജോ ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് വന്‍ ജനസ്വീകാര്യത ലഭിച്ചതോടെ മോഹന്‍ലാല്‍ ചിത്രത്തിനും പ്രതീക്ഷ ഉയര്‍ന്നു.
ഇപ്പോഴിതാ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സംബന്ധിച്ച അപ്ഡേറ്റ് നിര്‍മ്മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പുറത്തുവിട്ടുകഴിഞ്ഞു. ഡിസംബര്‍ 23 ന് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിടുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ മോഹന്‍ലാലും ലിജോ ജോസ് പെല്ലിശേരിയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചില ചിത്രങ്ങളാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്.
രണ്ട് നിറത്തിലായി പരന്നുകിടക്കുന്ന മണല്തരികളും അതിലെ ചില അവ്യക്തരൂപങ്ങളുമാണ് ഇരുവരും ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു പക്ഷേ പസില്‍ മാതൃകയില്‍ സിനിമയുടെ ടൈറ്റില്‍ പോസ്റ്ററിന്റെ ഓരോ ഭാഗങ്ങളായി നായകനും സംവിധായകനും പുറത്തുവിടുകയാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
രാജസ്ഥാന് പ്രധാന ലൊക്കേഷനായി ചിത്രീകരിക്കുന്ന സിനിമയില്‍ ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക എന്ന അഭ്യൂഹവും സിനിമപ്രേമികള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. മോഹന്‍ലാല്‍ -ലിജോ ടീമില്‍ അണിയറയില്‍ ഒരുങ്ങുന്നത് ഒരു വമ്പന്‍ ചിത്രം ആയിരിക്കുമെന്ന് നടന് പൃഥ്വിരാജും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.