മലയാളികളുടെ പ്രിയങ്കരനായ നടന്‍ മാമുക്കോയക്ക് ആദരാഞ്ജലികൾ അര്‍പ്പിച്ച് മോഹന്‍ലാലും മമ്മൂട്ടിയും. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഇരുവരും മഹാപ്രതിഭയോടുള്ള ആദരവ് അറിയിച്ചത്. നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയയെന്ന് നടന്‍ മോഹന്‍ലാല്‍ അനുസ്മരിച്ചു.മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയിൽ അവതരിപ്പിച്ചു.
ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്. ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞുനിൽക്കും. മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ ആദരാഞ്ജലികൾ നേരുന്നുവെന്ന് മോഹന്‍ലാല്‍ കുറിച്ചു.
പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. സിനിമാ,രാഷ്ട്രീയ,സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം മാമുക്കോയയുടെ വിയോഗത്തില്‍ ദുഖം അറിയിച്ച് രംഗത്തെത്തിയിരുന്നു.
നടൻ മാമുക്കോയയ്ക്ക് വിട; കബറടക്കം വ്യാഴാഴ്ച രാവിലെ 10ന്
നടന്‍ ഇന്നസെന്‍റിന്‍റെ വിയോഗം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മുക്തമാകും മുന്‍പാണ് മാമുക്കോയയും കലാകേരളത്തോട് വിടപറഞ്ഞത്.ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. മലപ്പുറം കാളികാവില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.05നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം വ്യാഴാഴ്ച രാവിലെ 10ന് നടത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.