HOME » NEWS » Film » MOHANLAL IS BEST AS THE REVIEW OF CHINESE FILM SHEEP WITHOUT A SHEPHERD GOES VIRAL IN FACEBOOK

'മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭയുടെ നിഴല്‍ പോലും കാണാനായില്ല' ചൈനീസ് ദൃശ്യം കണ്ട മലയാളിയുടെ കുറിപ്പ് വൈറൽ

ഒരു സംശയം എല്ലാരിലും കാണും. മലയാളിയുടെ ജോര്‍ജ് കുട്ടിയാണോ ചൈനക്കാരുടെ ലീ വെയ്ജ്യേ ആണോ കേമന്‍ എന്ന്?

News18 Malayalam | news18-malayalam
Updated: January 9, 2020, 2:26 PM IST
'മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭയുടെ നിഴല്‍ പോലും കാണാനായില്ല' ചൈനീസ് ദൃശ്യം കണ്ട മലയാളിയുടെ കുറിപ്പ് വൈറൽ
Drishyam-mohanlal
  • Share this:
ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്- ഒരു ചൈനീസ് ചിത്രത്തിന്‍റെ പേരാണ്. മലയാളത്തിൽ ഏറെ ശ്രദ്ധേയമായ ദൃശ്യം എന്ന ചിത്രത്തിന്‍റെ ചൈനീസ് റീമേക്കാണിത്. ചൈനയിൽ വൻ കോളിളക്കമുണ്ടാക്കി റിലീസ് ചെയ്ത സ്കൈ ഫയർ ആൻഡ് ജുമാൻജി-2നേക്കാൾ കളക്ഷനിൽ ഏറെ മുന്നിലാണ് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്ന് ചിത്രം ചൈനയിൽ കണ്ട മലയാളിയായ ഫർസാന അലി അഭിപ്രായപ്പെടുന്നു. ചിത്രത്തെക്കുറിച്ച് ഫർസാന അലി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മോഹൻലാൽ എന്ന അതുല്യപ്രതിഭയുടെ നിഴൽപോലും ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചൈനയിലെ മികച്ച അഭിനേതാവായി അറിയപ്പെടുന്ന ഷ്യാവോയ്ക്ക് സാധിച്ചില്ലെന്ന് ഫർസാന അലി പറയുന്നു. ഫർസാനയുടെ കുറിപ്പ് വായിക്കാം...

മലയാളത്തിന്റെ ദൃശ്യം- ചൈനയുടെ ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്

പതിനൊന്ന് കൊല്ലമാകുന്നു ചൈനയില്‍ താമസമായിട്ട്. ആദ്യമായിട്ടാണ് നമ്മുടെ സ്വന്തം സിനിമയാണെന്ന് ചൈനക്കാരോട് നിശബ്ദം പറഞ്ഞ് സ്വയം തോളില്‍ തട്ടി അഭിനന്ദിച്ച് കണ്ടോ കണ്ടോ ചൈനക്കാരേ എന്ന് അഭിമാനിക്കുന്നത്. ലാസ്റ്റ് ചൈനീസ് ഭാഷയില്‍ ദ് എന്‍ഡ് എന്ന് എഴുതുകാണിക്കുമ്പൊ എണീക്കാന്‍ പോലും മറന്ന് പോയി ചൈനക്കാര്‍ ഇരിക്കുമ്പം രോമാഞ്ചകഞ്ചുകം അണിയുന്നത്. യെസ്. ദൃശ്യം തന്നെ. നമ്മടെ ജോര്‍ജ്കുട്ടി ഫാമിലി ദുരന്ത കഥ തന്നെ!

ഏഴു ദിവസം കൊണ്ട് 31.3 മില്ല്യണ്‍ കലക്ട് ചെയ്ത് തകര്‍ത്തോടുകയാണ് ചൈനീസ് ‘ദൃശ്യം.’ അന്ന് തന്നെ നാടൊട്ടുക്ക് റിലീസ് ചെയ്ത sky fire and jumanji 2, കലക്ഷനില്‍ ‘ദൃശ്യത്തേക്കാളും’ പുറകിലാണ്.

ആകാംക്ഷയോടെ കാത്തിരിക്കാന്‍ രണ്ടു കാരണങ്ങളായിരുന്നു. ഒന്ന്, മോഹന്‍ലാല്‍ എന്ന അഭിനേതാവിനോട് തത്തുല്യനായി Sam Quah എന്ന മലേഷ്യന്‍ സംവിധായകന്റെ കണ്ടെത്തല്‍ എത്രമാത്രം ശരിയാണെന്ന് അറിയാനുള്ള ത്വര.

രണ്ട്, തൊടുപുഴയുടെ ഗ്രാമ ഭംഗിയില്‍ നിറഞ്ഞ സിനിമയെ, ചൈനക്കാരുടെ ഇഷ്ട വിഭവമാക്കി മാറ്റി എങ്ങനെ സംവിധായകന്‍ അവതരിപ്പിക്കുമെന്ന് അറിയല്‍.

രണ്ടേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യം, ചൈനീസില്‍ കഷ്ടി രണ്ടു മണിക്കൂര്‍ മാത്രമേയുള്ളൂ. പാട്ടുകളേതുമില്ല. സട്ടില്‍ ആയുള്ള കഥ പറച്ചില്‍.

തായ്ലാന്റിലെ ഒരു തെരുവില്‍ ജീവിക്കുന്ന ചൈനീസ് കുടുംബം. രാജാക്കാട് പൊലീസ് സ്റ്റേഷനു മുന്‍പിലുള്ള ചായക്കടക്ക് പകരം, അങ്കിള്‍ സോങിന്റെ ജ്യൂസും മറ്റും വില്‍ക്കുന്ന കട. ലീ വെയ്ജ്യേ(ജോര്‍ജ്ജ് കുട്ടി)ഇന്റര്‍നെറ്റ് കണക്ഷന്‍ ശരിപ്പെടുത്തി കൊടുക്കുന്ന കടയുടമ. ആയിരത്തോളം ഡിറ്റക്റ്റിവ് മൂവീസ് കണ്ടെന്ന് അവകാശപ്പെടുന്ന എലിമെന്ററി വിദ്യാഭ്യാസം മാത്രമുള്ള പാവപ്പെട്ടവന്‍. കുടുംബസ്‌നേഹി. കുടുംബത്തിന്റെ വസ്ത്രധാരണത്തില്‍ പോലും പ്രകടമാണ് ഈ ദാരിദ്ര്യം. ജോര്‍ജു കുട്ടിയുടെയും റാണിയുടേയും കുസൃതി നിറഞ്ഞ, അതീവ റൊമാന്റിക്കായ, നമ്മള്‍ കണ്ട നിമിഷങ്ങള്‍ ഇതിലില്ല.

ഒരു പെണ്‍കുട്ടിയുടെ ന്യൂഡ് വീഡിയോ (അതും ഒളികാമറ) പുറത്തായാല്‍ ജീവിതം അമ്പേ തകര്‍ന്നു എന്ന മലയാളി/ഇന്ത്യന്‍ പൊതുബോധത്തില്‍ ഊന്നിയുള്ള ഒരു സാധനത്തിനു ചൈനീസ് സാമൂഹ്യ ജീവിതത്തില്‍ സ്ഥാനമില്ല. അതൊന്നും ഇവര്‍ക്ക് ഒരു വിഷയമേ അല്ല. അതിനാല്‍ തന്നെ അതെങ്ങിനെ ഇതില്‍ കൊണ്ട് വരും എന്നത് എന്റെയൊരു സംശയമായിരുന്നു. ഉത്തരം സിംപിള്‍. കഥ നടക്കുന്നത് ചൈനയില്‍ ആക്കാതിരിക്കുക. എന്നാല്‍ തായ്ലാന്റിലെ അവസ്ഥയും വിഭിന്നമായിരിക്കില്ലല്ലോ? പക്ഷേ അവിടെ ഇങ്ങനെ ഒക്കെ ആയിരിക്കും എന്ന് ചൈനീസ് കാണികള്‍ കരുതിക്കോളും.

ദൃശ്യത്തില്‍ നിന്നും മാറി, ചടുലമേറിയ കഥ പറച്ചിലാണ്. 2019 ലാണ് കഥ നടക്കുന്നത്. ചിത്രം ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കുള്ളിലേ ലേഡി പൊലീസ് ചീഫും മകനും സ്‌ക്രീനില്‍ വരുന്നുണ്ട്. ചൈനീസ് മുഖമുള്ള സഹദേവന്‍ വെറുപ്പിന്റെ മുഖം കാണിക്കുന്നുണ്ട്. അന്‍സിബ അവതരിപ്പിച്ച ഒതുക്കമുള്ള മകള്‍ക്ക് പകരം അച്ഛനോട് സദാ മുഖം കറുപ്പിക്കുന്ന മകളാണിവിടെ. സമ്മര്‍ ക്യാംപില്‍ വച്ചു ലഹരി കലര്‍ത്തിയ പാനീയം നല്‍കി പീഡിപ്പിച്ച് അവ മൊബൈലില്‍ പകര്‍ത്തുന്നു.

ടിപ്പിക്കല്‍ മലയാളി അമ്മ അല്ല ഇതിലെ അമ്മ. ഉശിരുള്ള പെണ്ണൊരുത്തിയാണ്. ബ്ലാക്ക് മെയിലിങിനായി രാത്രിയില്‍ വീടിനു പിറകില്‍ വരുന്നവന്നോട് മകളുടെ ജീവിതത്തിനായി മീനയുടെ അമ്മ കഥാപാത്രം യാചിക്കുകയാണെങ്കില്‍, ‘എന്റെ മകളെ വേദനിപ്പിച്ചാല്‍ കൊന്നുകളയും’ എന്ന് പറഞ്ഞ അമ്മക്കഥാപാത്രം ‘താന്‍ ചവോ’ എന്ന അനുഗ്രഹീത നടിയില്‍ ഭദ്രമാണ്. ഒരു കാടിനു പിറകില്‍, ശ്മാശാനത്തിനു അരികിലായാണ് ഇതിലെ വീടെന്നതിനാല്‍, ഒരു കുഴിമാടം തുറന്നാണ് മൃതദേഹം ഒളിപ്പിക്കുന്നത്. ഇടയ്‌ക്കെപ്പോഴോ നെറ്റ് കണക്ഷനായി തെരുവിലെ ഒരു മുറിയുടെ തറ കുഴിക്കുന്നത് കാണാം. അതിശയിപ്പിക്കുന്ന അഭിനയം കാഴ്ച വയ്ക്കുന്നുണ്ട് ചെറിയ മകളായി അഭിനയിച്ച കുട്ടി.

പലരെയും പോലെ എനിക്കും അറിയാന്‍ ഏറെ താല്പര്യമുണ്ടായിരുന്നത് ഇവരും ധ്യാനം കൂടാനാണോ പോവുന്നത് എന്നതിലായിരുന്നു. അല്ല! ഏപ്രില്‍ 2,3 തീയതികളില്‍ മറ്റൊരു നഗരത്തില്‍ നടക്കുന്ന ബോക്‌സിങ് മത്സരത്തിന് ദൃക്സാക്ഷികളായി എന്നാണ് ഇവിടെ കുടുംബം മെനയുന്ന കഥ. പാസ്സ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ചെയ്യാന്‍ ഒരു വീട്ടില്‍ പോകവെയാണ് സഹദേവന്‍ പൊലീസ് മഞ്ഞക്കാറിലുള്ള ജോര്‍ജ് കുട്ടിയുടെ സഞ്ചാരം കണ്ടതെങ്കില്‍, ഇവിടെയത് റോഡരികിലെ തട്ടുകടയില്‍ നൂഡില്‍സിനായി കാത്തു നില്‍ക്കുമ്പോഴായിരുന്നു. ബിരിയാണിക്ക് പകരം കഴിക്കുന്നത് കേക്ക്. പൊലീസ് ചീഫ് ആയി വേഷമിട്ട ജോന്‍ ചെന്‍ മികച്ച അഭിനേത്രിയാണ്.

രണ്ട് അമ്മമാരും നേര്‍ക്കുനേരെ നിന്ന് ഗദ്ഗദങ്ങള്‍ മാത്രം സ്‌ക്രീനില്‍ നിറഞ്ഞ ചില രംഗങ്ങളുണ്ട്, മലയാളത്തില്‍ ഇല്ലാത്തവ, simply amazing! -ഹീറോ ഓറിയന്റഡാണല്ലൊ നമ്മുടെ സിനിമകള്‍.

പൊതുശ്മശാനത്തില്‍ കയറിയ പൊലീസ് മൃതദേഹത്തിനായി കുഴി തോണ്ടിയപ്പോള്‍ തെരുവാകെ കലാപം പൊട്ടിപ്പുറപ്പെട്ടു. പൊലീസിന് കിട്ടിയതോ ചത്ത ഒരാടിനെ. സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ട പൊലീസ് ചീഫിനും ഭര്‍ത്താവിനും മുന്‍പില്‍ മാപ്പിരക്കുന്നുണ്ട് ഉറച്ച ബുദ്ധമത വിശ്വാസിയായ ലീ വെയ്ജ്യേ.

പിന്നെയാണു ട്വിസ്റ്റ്: നേരെപോയി മീഡിയക്ക് മുന്‍പില്‍ കുറ്റമേറ്റ് പറയുന്ന ചൈനീസ് ജോര്‍ജ് കുട്ടി.

നമ്മുടെ ജോര്‍ജ് കുട്ടി നടന്നുപോകും വഴി വെളിവാക്കപ്പെട്ട ക്ലൈമാക്‌സിന്റെ പകിട്ടും ഗരിമയും അതിനില്ലായിരുന്നു. അവസാനം പൊലീസ് വാനില്‍ പോകുന്ന അച്ഛന് പിറകെ കരഞ്ഞു കൊണ്ട് ഓടുന്ന മകള്‍. എല്ലാക്കാലത്തും അച്ഛനെ അധിക്ഷേപിച്ച മകള്‍ അച്ഛന് വേണ്ടി കരയുന്നത് മാത്രം മതിയായിരുന്നു അയാള്‍ക്ക്. ഈ ക്ലൈമാക്‌സ് തന്നെയാണ് ചൈനക്കാര്‍ക്കിഷ്ടം എന്നതിന് തെളിവായിരുന്നു മൂവി കഴിഞ്ഞും ഏറെനേരം നീണ്ട നിശബ്ദത.

സ്‌ക്രീനില്‍ പൊലീസ് തെളിവെടുപ്പിന്റെ രംഗങ്ങളായപ്പോള്‍, ആധി മൂത്ത് സീറ്റില്‍ നിന്നിറങ്ങി നിലത്തിരുന്നിരുന്നു ഒരു സ്ത്രീ! ശ്വാസമടക്കിപ്പിടിച്ചായിരുന്നു ഒറ്റ സീറ്റ് പോലും ശൂന്യമല്ലാത്ത തീയറ്ററിനകം! ജീത്തു ജോസഫ് എന്ന മലയാളിയുടെ രചനാവൈഭവത്തിന് ഇത്ര വലിയൊരു ജനവിഭാഗത്തെ പിടിച്ചിരുത്താനായല്ലോ എന്ന് അദ്ഭുതപ്പെടേണ്ടിവന്നു പലവട്ടം! ഇതിനൊക്കെ സാക്ഷിയാകാന്‍ പറ്റിയതിന്റെ അഭിമാനം എനിക്ക് സ്വന്തം!

ഒരു സംശയം എല്ലാരിലും കാണും. മലയാളിയുടെ ജോര്‍ജ് കുട്ടിയാണോ ചൈനക്കാരുടെ ലീ വെയ്ജ്യേ ആണോ കേമന്‍ എന്ന്. നിസ്സംശയം പറയട്ടെ, മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭയുടെ നിഴല്‍ പോലും കാണാനായില്ല ചൈനയുടെ മികച്ച അഭിനേതാവായ ഷ്യാവോയില്‍. The complete Actor!എന്റെ മനസ്സിലെ ജോര്‍ജ് കുട്ടിക്ക് എന്നും ലാലിന്റെ മുഖമായിരിക്കും.
Youtube Video
Published by: Anuraj GR
First published: January 9, 2020, 2:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories