• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലാലിനെതിരായ 'കത്ത്' : ഗൂഢാലോചന അന്വേഷിക്കണമെന്ന് സിനിമാ സംഘടനകൾ


Updated: July 24, 2018, 5:56 PM IST
ലാലിനെതിരായ 'കത്ത്' : ഗൂഢാലോചന അന്വേഷിക്കണമെന്ന് സിനിമാ സംഘടനകൾ

Updated: July 24, 2018, 5:56 PM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് വിവിധ സിനിമാ സംഘടനകൾ. മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ നൽകിയ കത്തിനെതിരെ മുഖ്യമന്ത്രിക്ക് സംഘടനകൾ പരാതി നൽകി. കത്തിൽ ആദ്യ പേരുകാരനായി ഒപ്പിട്ടിരിക്കുന്ന പ്രകാശ് രാജ് ഇത്തരമൊരു കത്തിനെക്കുറിച്ചു തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിനു പിന്നാലെയാണ് ഗൂഢാലോചനയെപ്പറ്റി സർക്കാർ തലത്തിൽ അന്വേഷണം വേണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

അമ്മ, കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (കേരള), ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്ക്), ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) എന്നീ സംഘടനകളുടെ തലപ്പത്തുള്ളവർ ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രിക്കു നൽകിയത്.

'സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലെ മുഖ്യാതിഥി എന്ന സങ്കൽ‍പം തന്നെ ഒഴിവാക്കപ്പെടേണ്ടതാണെന്നാണ് സംസ്കാരിക പ്രവർത്തകർ നൽകിയ കത്തിൽ പറയുന്നത്. എന്നാൽ അതിന്റെ ലക്ഷ്യം മോഹൻലാലിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കുക എന്നതാണ്. സാംസ്കാരിക പ്രവർത്തകരുടെ കത്തിൽ ഒപ്പിട്ടിരിക്കുന്ന ചിലർ ദിവസങ്ങൾക്കു മുൻപേ തങ്ങളുടെ അജണ്ട വെളിപ്പെടുത്തിയതുമാണ്. എന്നാൽ മോഹൻലാലിനെ ഇതുവരെ ചടങ്ങിലേക്കു സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. ക്ഷണിക്കപ്പെടാത്ത ഒരാളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന അളവിലേക്കു ചിലരുടെ വിദ്വേഷം വളർന്നിരിക്കുന്നു.

നാലു ദശാബ്ദങ്ങളിലേറെയായി മലയാള സിനിമാ വ്യവസായത്തെ നിലനിർത്തുന്ന സുപ്രധാന ഘടകമാണ് മോഹൻലാൽ. അദ്ദേഹത്തെ ഒറ്റപ്പെടുത്തി തമസ്കരിക്കാനുള്ള ഏതു ശ്രമത്തെയും പ്രതിരോധിക്കാൻ മലയാള ചലച്ചിത്രമേഖല ഒന്നടങ്കം മുന്നിട്ടിറങ്ങും' - മുഖ്യമന്ത്രിക്ക് സംഘടനകൾ നൽകിയ കത്തിൽ പറയുന്നു.

 
First published: July 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍