എങ്ങും മികച്ച പ്രേക്ഷക പ്രീതി ലഭിച്ച ചിത്രം ദൃശ്യം 2 തന്റെ കുടുംബത്തോടൊപ്പം കാണുന്ന വീഡിയോയുമായി മോഹൻലാൽ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഈ ചെറു വീഡിയോയിൽ മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും മക്കളും സുഹൃത്തുക്കളായ പ്രിയദർശനും, സമീർ ഹംസയും ഉണ്ട്. വീട്ടിലെ തന്നെ ഹോം തിയേറ്ററിലാണ് മോഹൻലാൽ സിനിമ കാണുന്നത്. ഒരു ചെറിയ തിയേറ്ററിന്റെ പ്രതീതിയുണ്ട് ഇതിനുള്ളിൽ.
ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ദൃശ്യം 2 ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥയുടെ പേരിലാണ് ഇത്രയേറെ ശ്രദ്ധ നേടിയത്. സംവിധായകൻ തന്നെയാണ് തിരക്കഥാകൃത്ത്.
ദൃശ്യം 1 ലെ ടീം വീണ്ടും ഒന്നിക്കുമ്പോൾ
ദൃശ്യം ഒന്നാം ഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. മോഹൻലാൽ, മീന എന്നിവരുടെ മക്കളായി അഭിനയിച്ച അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരെക്കൂടി ഈ സ്റ്റിൽ പരിചയപ്പെടുത്തുന്നു. ജോർജ് കുട്ടി, റാണി, അഞ്ചു, അനുമോൾ എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങൾ.
പ്രധാന കഥാപാത്രങ്ങളുടെ ഒപ്പം രണ്ടാം ഭാഗത്തിൽ മുരളി ഗോപിയും സായ് കുമാറും വേഷമിട്ടിട്ടുണ്ട്. ഐ.ജി.യുടെ റോളിൽ ആണ് മുരളി ഗോപി. ഒരു തിരക്കഥാകൃത്തിന്റെ വേഷമാണ് സായ് കുമാർ കൈകാര്യം ചെയ്തത്.
രണ്ടാം ഭാഗത്തിൽ ജോർജ് കുട്ടി ഒരു സിനിമാ തിയേറ്റർ മുതലാളി ആയാണ് എത്തിയിരിക്കുന്നത്. കൂടാതെ ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പിലും കൂടിയാണ്.
സിനിമ 2013ൽ ഇറങ്ങിയ ശേഷം എല്ലാ വർഷവും ഓഗസ്റ്റ് രണ്ടാം തിയതി ദൃശ്യം സിനിമയെ പ്രേക്ഷകർ ഓർക്കാറുണ്ട്. റിലീസ് തിയതിയല്ല, മറിച്ച് സിനിമയുടെ ഒരു പ്രധാന മുഹൂർത്തമാണ് ഇത്. ജോർജ് കുട്ടിയും കുടുംബവും ധ്യാനം കൂടാൻ പോയി എന്ന കഥയിലെ നിർണ്ണായക മുഹൂർത്തം നടന്നതായി പറയപ്പെടുന്നത് ഈ ദിവസമാണ്. വരുൺ എന്ന വില്ലൻ കഥാപാത്രത്തിന്റെ മരണം മറയ്ക്കാൻ ശ്രമിക്കുന്നതാണ് ഇതിനു പിന്നിൽ.
സിനിമക്കായി ഒരുക്കിയ സെറ്റ്
ജോർജു കുട്ടിയുടെ കേബിൾ കട, പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടെയുള്ള സെറ്റ് കലാസംവിധായകനായ രാജീവ് കോവിലകത്തിന്റെ നേതൃത്വത്തൽ തൊടുപുഴയിൽ സജ്ജമാക്കിയിരുന്നു. തുണിക്കട, റേഷൻ കട, കുരിശുപള്ളി, വളം ഡിപ്പോ എന്നിവ ഇവിടെ ഒരുക്കിയിരുന്നു. സിനിമയുടെ ആദ്യ ഭാഗവും ഇവിടെയാണ് ചിത്രീകരിച്ചത്. ഈ സെറ്റ് അവസാനം പൊളിച്ചു മാറ്റി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ഷൂട്ട്
2020 സെപ്റ്റംബര്‍ 21നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2.
സെറ്റിൽ സജീവമായുള്ള ഒരാൾക്കും ഷൂട്ടിംഗ് കഴിയുന്ന വരെ പുറത്തുനിന്നും വരുന്നവരുമായി സമ്പർക്കമുണ്ടാവില്ല, ഇവർ സിനിമാ ചിത്രീകരണത്തിന്റെ പരിസരം വിട്ട് പുറത്തു പോകാനും പാടില്ല എന്നായിരുന്നു നിയന്ത്രണം. ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യസിനിമ കൂടിയായിരുന്നു ദൃശ്യം 2.
Summary: Mohanlal comes up with a video post of him watching Drishyam 2 in the company of friends and family