• HOME
  • »
  • NEWS
  • »
  • film
  • »
  • Mohanlal Shaji Kailas| മോഹൻലാൽ- ഷാജി കൈലാസ് ചിത്രം 'എലോൺ'; ടൈറ്റിൽ പുറത്ത്

Mohanlal Shaji Kailas| മോഹൻലാൽ- ഷാജി കൈലാസ് ചിത്രം 'എലോൺ'; ടൈറ്റിൽ പുറത്ത്

യഥാർത്ഥ നായകൻ ജീവിതത്തിൽ ഒറ്റയ്ക്കാണെന്ന് പറഞ്ഞു കൊണ്ടാണ് താരം പ്രഖ്യാപനം നടത്തിയത്.

News18 Malayalam

News18 Malayalam

  • Share this:
    12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘എലോൺ’ എന്ന പേര് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സംവിധായകൻ ഷാജി കൈലാസിന്റെയും സാന്നിധ്യത്തിൽ മോഹൻലാൽ തന്നെയാണ് പ്രഖ്യാപിച്ചത്. യഥാർത്ഥ നായകൻ ജീവിതത്തിൽ ഒറ്റയ്ക്കാണെന്ന് പറഞ്ഞു കൊണ്ടാണ് താരം പ്രഖ്യാപനം നടത്തിയത്.

    "ഷാജിയുടെ നായകന്മാര്‍ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ഥ നായകന്‍ എല്ലായ്പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും", എന്ന മുഖവുരയോടെയായിരുന്നു മോഹന്‍ലാലിന്‍റെ പ്രഖ്യാപനം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം. എ‍ഡിറ്റിങ് ഡ‍ോൺമാക്സ്. സംഗീതം ജേക്സ് ബിജോയ്.

    ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു (Narasimham) ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുന്‍പ് ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.



    അതേസമയം പൃഥ്വിരാജിനെ നായകനാക്കി 'കടുവ' എന്ന ചിത്രം ഷാജി കൈലാസ് ആരംഭിച്ചിരുന്നു. ഏപ്രില്‍ 16ന് ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചിരുന്ന ചിത്രം പത്ത് ദിവസത്തിനു ശേഷം കോവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമായാണ് ഇത് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ഒരുപക്ഷേ ആദ്യം പൂര്‍ത്തിയാവുക മോഹന്‍ലാല്‍ ചിത്രമായിരിക്കും.

    പൂര്‍ത്തിയായതും നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഉള്ളതുമായ നിരവധി പ്രോജക്റ്റുകളാണ് മോഹന്‍ലാലിന്‍റേതായി പുറത്തുവരാനുള്ളത്. പ്രിയദര്‍ശന്‍റെ മരക്കാര്‍, ബി ഉണ്ണികൃഷ്‍ണന്‍റെ ആറാട്ട് എന്നിവ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായി റിലീസ് തീയതി കാത്തിരിക്കുന്നവയാണ്. ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ദൃശ്യം 2നു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത്ത്മാന്‍റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
    Published by:Rajesh V
    First published: