• HOME
  • »
  • NEWS
  • »
  • film
  • »
  • Twenty One Grams Review| പിടിതരാതെ മുന്നോട്ടുപോകുന്ന കുറ്റവാളി; ക്ലൈമാക്സ് വരെ നീളുന്ന ട്വിസ്റ്റും സസ്പെൻസും; ഇതു സംവിധായകന്റെ സിനിമ: 21 ഗ്രാംസ് റിവ്യൂ

Twenty One Grams Review| പിടിതരാതെ മുന്നോട്ടുപോകുന്ന കുറ്റവാളി; ക്ലൈമാക്സ് വരെ നീളുന്ന ട്വിസ്റ്റും സസ്പെൻസും; ഇതു സംവിധായകന്റെ സിനിമ: 21 ഗ്രാംസ് റിവ്യൂ

ഓരോ നിർണായക ഘട്ടത്തിലും പ്രേക്ഷകന്റെ ഊഹങ്ങൾ‌ക്ക് അനുസരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നതെന്ന് തോന്നിപ്പിക്കുകയും എന്നാൽ അടുത്ത നിമിഷം അവിടെ നിന്ന് തെന്നിമാറുകയും ചെയ്യുന്ന രീതിയിലാണ് കഥ പറച്ചിൽ.

  • Last Updated :
  • Share this:
ഒരു സസ്പെൻസ് ത്രില്ലറിൽ നിന്നും സാധാരണ പ്രേക്ഷകൻ പ്രതീക്ഷിക്കുന്നത് എന്തായിരിക്കും? ഉത്തരം സിംപിൾ; സസ്പെൻസും ട്വിസ്റ്റും, കുറ്റവാളി ആരാണെന്ന് അവസാന നിമിഷം വരെയും പിടി തരാത്ത കഥാഗതിയും. ഇക്കാര്യത്തിൽ വിജയിച്ചിരിക്കുകയാണ് 21 ഗ്രാംസ് സിനിമയുടെ സംവിധായകൻ. പൂർണമായി സംവിധായകന്റെ സിനിമ എന്നുതന്നെ പറയേണ്ടിവരും. ആദ്യ ചിത്രത്തോടെ തന്നെ വരവറിയിച്ചിരിക്കുകയാണ് ബിബിൻ കൃഷ്ണ.

ഒരു പെൺകുട്ടിയുടെ കൊലപാതകവും കുറ്റവാളിയെ തേടിയുള്ള യാത്രയുമാണ് സിനിമ പറയുന്നത്. ശക്തമായ തിരക്കഥയും അനൂപ് മേനോൻ ഉൾപ്പെടെയുള്ള താരങ്ങളുടെ മികച്ച പ്രകടനവും തന്നെയാണ് സിനിമയുടെ നട്ടെല്ല്. യമണ്ടൻ ഡയലോഗുകളുടെയോ ചടുലമായ ആക്ഷൻ രംഗങ്ങളുടേയോ സഹായത്തോടെയല്ല സിനിമ പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്നത്. ഓരോ ട്വിസ്റ്റും വിശ്വസനീയതയോടെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചു. ഓരോ നിർണായക ഘട്ടത്തിലും പ്രേക്ഷകന്റെ ഊഹങ്ങൾ‌ക്ക് അനുസരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നതെന്ന് തോന്നിപ്പിക്കുകയും എന്നാൽ അടുത്ത നിമിഷം അവിടെ നിന്ന് തെന്നിമാറുകയും ചെയ്യുന്ന രീതിയിലാണ് കഥ പറച്ചിൽ.

Also Read- Lalitham Sundaram review | ജീവിതം സുന്ദരമാണ്, ലളിതവും; ലളിതം സുന്ദരം റിവ്യൂ

ഏറെ ആത്മബന്ധമുള്ള സഹോദരിയും സഹോദരനും തൊട്ടടുത്ത ദിവസങ്ങളില്‍ കൊല്ലപ്പെടുന്നു. അത് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോര്‍ (അനൂപ് മേനോൻ) എത്തുന്നതുമാണ് കഥാചുരുക്കം. ഒരു പസിൽ ഗെയിം പോലെ മുന്നോട്ടുപോകുന്ന അന്വേഷത്തിനിടെ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന കഥാഗതിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

സ്വന്തം ജീവിതത്തിലുണ്ടായ നടുക്കുന്ന സംഭവത്തിന്റെ ഓര്‍മകളുമായി മുന്നോട്ടുപോകുമ്പോഴും മറുവശത്ത് ചടുലതയോടെ അന്വേഷണവുമായി നീങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാവത്തില്‍ അനൂപ് മേനോൻ മികവ് കാട്ടി. അസിസ്റ്റന്റായി അനു മോഹനാണ് നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു കഥാപാത്രം. എസ്പി ആയി ലെനയും മാർട്ടിനായി ചന്തുനാഥും ഫാദർ ജോസഫായി നന്ദുവും പേടിത്തൊണ്ടൻ പൊലീസ് ഓഫീസറായി പ്രശാന്ത് അലക്സാണ്ടറും ഷിഹാബായി ശങ്കർ രാമകൃഷ്ണനും മികച്ചുനിൽക്കുന്നു. രൺജി പണിക്കറും ലിയോണയും മറീന മൈക്കിളും ബിനീഷ് ബാസ്റ്റിനും മാനസ രാധാകൃഷ്ണനും അജി ജോണും നിർണായക വേഷങ്ങളിൽ എത്തുന്നു. സംവിധായകൻ രഞ്ജിത്ത് ഉൾപ്പെടെയുള്ളവരുടെ കാസ്റ്റിംഗിന്റെ മികവും എടുത്തു പറയേണ്ടതാണ്.

Also Read- Oruthee 2 | നവ്യാ നായരുടെ തിരിച്ചുവരവ് ചിത്രം ഒരുത്തീക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു

ജിത്തു ദാമോദറിന്റെ ക്യാമറ ത്രില്ലർ അനുഭവം പ്രേക്ഷകനിലേക്ക് എത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. രാത്രി കാഴ്ചകൾ മികച്ചുനിൽക്കുന്നു. പ്രേക്ഷകനെ കഥാഗതിക്കൊപ്പം കൊണ്ടുപോകുന്നതിൽ അപ്പു എൻ ഭട്ടതിരിയുടെ എഡിറ്റിംഗും അനുകൂല ഘടകമായി. കുറ്റാന്വേഷണ സിനിമകളിൽ പശ്ചാത്തല സംഗീതത്തിന്റെ പ്രാധാന്യം അറിയാവുന്നതാണല്ലോ. നിർണായക നിമിഷങ്ങളിൽ ഉദ്യോഗം ജനിപ്പിക്കാൻ ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

ചുരുക്കത്തിൽ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിഞ്ഞു എന്നതാണ് ചിത്രത്തിന്റെ മികവ്. പ്രേക്ഷകർ ഒരുതരത്തിലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സിനാണ് തിയേറ്ററുകളിൽ കൈയടി ലഭിക്കുന്നത്. അടുത്ത കാലത്ത് മലയാളത്തില്‍ എത്തിയ മികച്ചൊരു സസ്‍പെൻസ് ത്രില്ലര്‍ തന്നെയാണ് 21 ഗ്രാംസ്
Published by:Rajesh V
First published: