മോഹൻലാൽ (Mohanlal) നായകനായി ഭദ്രൻ (Bhadran) സംവിധാനം ചെയ്ത സ്‌ഫടികം (Spadikam) സിനിമ 4Kയിൽ ഫെബ്രുവരി ഒൻപതിന് റിലീസാവുന്നു. ഒരുകാലത്തെ സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം വരവിൽ, അന്നത്തെ പ്രധാന താരങ്ങളിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഇവർക്ക് ആദരമർപ്പിച്ച ശേഷമാണ് സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തുക.
സ്‌ഫടികം രണ്ടാം വരവിൽ വേറെയും ചില സർപ്രൈസുകളുണ്ട്. സംവിധായകൻ ഭദ്രന്റെ ഫേസ്ബുക്ക് കുറിപ്പിലെ വാചകങ്ങളിലേക്ക്:
പ്രിയപ്പെട്ടവരേ,
നിങ്ങളേവരും നെഞ്ചുംകൂടിൽ നിണമുദ്രണം ചെയ്ത, ആടുതോമ ആടിതിമിർത്ത ‘സ്ഫടികം’ 4കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്‍മോസ് ശബ്‍ദ വിന്യാസത്തോടെയും തിയറ്ററുകളിൽ വീണ്ടും അവതരിക്കാൻ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ. പാതയുണർത്തുന്ന ആ ബുള്ളറ്റിന്‍റെ വരവും ലോറിയുടെ ഇരമ്പലും കരിമ്പാറ പൊട്ടിചിതറുന്ന സ്ഫോടന ശബ്‍ദവുമൊക്കെ ഫെബ്രുവരി 9 മുതൽ നിങ്ങളുടെ കര്‍ണപുടങ്ങളിൽ പുത്തൻ സാങ്കേതിക വിദ്യയുടെ തികവോടെ വിസ്മയാവേശത്തിൽ പതിയുന്ന ആ നിമിഷങ്ങളെ ഓർത്തുള്ള ആകാംക്ഷയിലാണ് ഞാൻ.
സിനിമയുടെ വരവറിയിച്ചെത്തിയ മോഷൻ പോസ്റ്ററിനും, ടീസറിനും, ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും നിങ്ങൾ തന്ന അത്ഭുതപൂർവ്വമായ സ്വീകരണത്തിന് മനസ്സിൽ തട്ടിയുള്ള നന്ദി സ്നേഹം.
4K ദൃശ്യമികവിൽ ‘സ്ഫടികം’ നിങ്ങൾക്ക് മുന്നിൽ തെളിയുമ്പോള്‍ കൂട്ടിച്ചേര്‍ത്ത ചില പുതിയ ഷോട്ടുകൾ ഉണ്ടാകുമെന്ന് ഞാൻ കൊച്ചിയിൽ പ്രസ് മീറ്റിൽ പറഞ്ഞിരുന്നു. അത് ഏതൊക്കെയാണെന്ന് കണ്ടെത്തുന്നവര്‍ക്ക് സമ്മാനവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിങ്ങൾ പുതിയ ഷോട്ടുകൾ ഏവയെന്ന് നോക്കിയിരിക്കുമ്പോൾ സിനിമയുടെ മൊത്തത്തിലുള്ള ആസ്വാദനത്തിന്‍റെ രസതന്ത്രം മുറിഞ്ഞു പോയാലോ എന്ന് ഞാൻ ഭയപ്പെടുന്നു. അതിനാൽ ‘സ്ഫടിക’ത്തെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്ന പലരുടേയും പല കോണിൽ നിന്നുള്ള അഭിപ്രായങ്ങൾ മാനിച്ച് അതിൽ ഒരു വ്യത്യാസം വരുത്തുകയാണ്.
ആ സമ്മാനം നിങ്ങൾക്ക് ലഭ്യമാക്കാൻ മറ്റൊരു രീതി ഞങ്ങൾ അവലംബിക്കുകയാണ്. 28 കൊല്ലം സ്നേഹം തന്നതിന്റെ സമ്മാനമായി, ഇനി ആടുതോമ നിങ്ങൾക്ക് നേരിട്ട് ബുള്ളറ്റ് ബൈക്കും റെയ്ബാൻ ഗ്ലാസും സമ്മാനിക്കും. അതിന് വേണ്ടിയുള്ള #SpadikamContest ന്റെ details വൈകാതെ തന്നെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് മോഹൻലാൽ നേരിട്ട് ബുള്ളറ്റും റെയ്ബാനും സമ്മാനിക്കും!
1995ലെ ബോക്‌സ് ഓഫീസിൽ 8 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു. മറ്റു സുപ്രധാന പുരസ്കാരങ്ങൾക്കൊപ്പം മോഹൻലാൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയുമുണ്ടായി.
ചിത്രം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. വർഷങ്ങൾക്കിപ്പുറം ഈ സിനിമ ഒരു ആരാധനാ പദവി കൈവരിച്ചു. ആടു തോമ എന്ന കഥാപാത്രം വർഷങ്ങളായി ഒരു പോപ്പ് കൾച്ചർ ഐക്കണായി മാറി.
2020 മാർച്ചിൽ, ചിത്രത്തിന്റെ 25-ാം വാർഷിക വേളയിൽ, ‘സ്‌ഫടികം’ ഡിജിറ്റലായി മെച്ചപ്പെടുത്തി തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.