1990 കളുടെ അവസാനം മുതൽ 2000 ങ്ങളുടെ അവസാനം വരെ ബോളിവുഡിൽ സാന്നിധ്യമറിയിച്ച വ്യക്തിയാണ് നടനും ചലച്ചിത്ര നിർമ്മാതാവുമായ സൊഹൈൽ ഖാൻ (Sohail Khan). തന്റെ ജ്യേഷ്ഠൻ സൽമാൻ ഖാന്റെ സൂപ്പർസ്റ്റാർ പദവിയിൽ ഊറ്റം കൊള്ളാതെ, സ്വയം ഒരു ഇടം ഉണ്ടാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. തന്റെ സഹോദരനോ പിതാവോ (പ്രശസ്ത തിരക്കഥാകൃത്തായ സലിം ഖാൻ) നേടിയത്ര വിജയം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും, സ്ഥിരമായി സോഷ്യൽ ലൈഫിൽ നിറഞ്ഞു നിൽക്കുന്ന സൊഹൈൽ ഖാന് ഇപ്പോഴും ആരാധകരുടെ എണ്ണത്തിൽ കുറവില്ല.
ഡിസംബർ 20 ന് സൊഹൈൽ ഖാന് 52 വയസ്സ് തികയുന്നു. ജന്മദിനത്തോടനുബന്ധിച്ച്, അദ്ദേഹത്തിന്റെ സിനിമാ യാത്രയെക്കുറിച്ച് ചില വസ്തുതകൾ നോക്കാം.
സഹോദരന്മാരായ സൽമാൻ, അർബാസ് എന്നിവരിൽ നിന്ന് വ്യത്യസ്തമായി സംവിധായകനും നിർമ്മാതാവുമായാണ് സൊഹൈൽ ഖാൻ തന്റെ കരിയർ ആരംഭിച്ചത്. സഹോദരൻ സൽമാൻ, സഞ്ജയ് കപൂർ, ശിൽപ ഷെട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1997-ൽ പുറത്തിറങ്ങിയ ഔസാർ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
തുടർന്ന്, ‘ഓ ഓ ജാനേ ജാന’ എന്ന ജനപ്രിയ ഗാനമുള്ള ‘പ്യാർ കിയ തോ ഡർനാ ക്യാ’ എന്ന സിനിമ അദ്ദേഹം തന്റെ രണ്ട് സഹോദരന്മാരെയും വച്ച് സംവിധാനം ചെയ്തു. ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 1999-ൽ ‘ഹലോ ബ്രദർ’ എന്ന സിനിമയിൽ റാണി മുഖർജിയോടൊപ്പം സൽമാൻ ഖാനെയും അർബാസ് ഖാനെയും സൊഹൈൽ ഖാൻ വീണ്ടും സംവിധാനം ചെയ്തു, പക്ഷേ ഈ ചിത്രത്തിന് കാര്യമായി പ്രേക്ഷക ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞില്ല.
സൊഹൈൽ പിന്നീട് 2002-ൽ ‘മൈനേ ദിൽ തുജ്കോ ദിയ…’ എന്ന ചിത്രത്തിലൂടെ ഒരു പ്രധാന വേഷത്തിലൂടെ അഭിനയത്തിലേക്ക് പ്രവേശിച്ചു. അത് അദ്ദേഹം തന്നെ എഴുതി സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു.
സൊഹൈലിനൊപ്പം വേഷമിട്ട ഒരു ചിത്രത്തിലൂടെയാണ് സമീറ റെഡ്ഡിയുടെ അരങ്ങേറ്റം. ചിത്രം ബോക്സ് ഓഫീസിൽ ശരാശരി കളക്ഷൻ നേടിയിരുന്നു. ഇതിന് ശേഷം നിരവധി ചിത്രങ്ങളിൽ സൊഹൈൽ പ്രത്യക്ഷപ്പെട്ടെങ്കിലും ഭാവി പ്രോജക്ടുകളിൽ ശക്തമായ മുദ്ര പതിപ്പിക്കാൻ കഴിഞ്ഞില്ല. അടുത്തിടെ, തന്റെ പ്രക്ഷുബ്ധമായ വ്യക്തിജീവിതം കാരണം നടൻ വീണ്ടും വാർത്തകളിൽ ഇടം നേടി.
ഇക്കൊല്ലം, 24 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് സൊഹൈൽ ഖാൻ ഭാര്യ സീമയിൽ നിന്ന് വിവാഹമോചനം നേടി. 1998 ലാണ് സൊഹൈലും സീമയും വിവാഹിതരായത്. അവർക്ക് രണ്ട് കുട്ടികളുണ്ട്.
Summary: Profiling Sohail Khan as the actor, producer, director turns 52 on December 20
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.