തിരുവനന്തപുരം: ഓസ്കറിന്റെ കഥേതര വിഭാഗത്തിലേക്കു പ്രവേശനം ലഭിക്കുന്ന ചിത്രമേതെന്നറിയാൻ ഇനി ഒരു ദിവസം മാത്രം. തിരുവനന്തപുരത്തു നടക്കുന്ന പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ ലോങ് ഡോക്യുമെന്ററി മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനാണ് ഓസ്കറിൽ മത്സരിക്കാൻ നേരിട്ട് അർഹത ലഭിക്കുക.
11 ചിത്രങ്ങളാണ് ലോങ് ഡോക്യുമെന്ററി വിഭാഗത്തിൽ മത്സരരംഗത്തുള്ളത്. ഇതിൽ അഞ്ചു ചിത്രങ്ങൾ ഇതിനകം മേളയിൽ പ്രദർശിപ്പിച്ചുകഴിഞ്ഞു. ബിജയ കുമാർ നിശാങ്കയുടെ 'എ ജേർണി ഓഫ് പാഷൻ', പ്രിയ തുവ്വശേരിയുടെ 'കോറൽ വുമൺ', പങ്കജ് ഋഷികുമാറിന്റെ 'ജനനീസ് ജൂലിയറ്റ്', നിർമൽ ചന്ദർ ദന്ദ്രിയാലിന്റെ 'മോട്ടി ബാഗ്', ശബ്നം സുഖ്ദേവിന്റെ 'പീകോക്ക് പ്ല്യൂം' എന്നീ ചിത്രങ്ങളുടെ പ്രദർശനമാണു കഴിഞ്ഞത്. സുഹെൽ ബാനർജിയുടെ റ്റൈഡ് 'ഓഫ് ലൈഫ്', വാണി സുബ്രഹ്മണ്യന്റെ 'ദി ഡെത്ത് ഓഫ് അസ്', ആനന്ദ് പട്വർധന്റെ 'റീസൺ' എന്നിവ ജൂൺ 25 ന് പ്രദർശനത്തിനെത്തും. സഞ്ജീവ് ഷായുടെ 'എ പ്ലെയ്സ് റ്റു ലിവ്', സുപ്രിയോ സെന്നിന്റെ 'വേസ്റ്റ് ബാൻഡ്', മാഹീൻ മിർസയുടെ 'ഇഫ് ഷീ ബിൽറ്റ് എ സിറ്റി' എന്നീ ചിത്രങ്ങളുടെ പ്രദർശനം നാളെ നടക്കും.
ഡോക്യൂമെന്റ മാഡ്രിഡ് ഉൾപ്പെടെ നിരവധി മേളകളുടെ സംഘാടകയും സംവിധായികയുമായ ആൻഡ്രിയ ഗുസ്മാൻ, ദേശീയ പുരസ്കാര ജേതാവ് ഹബോം പബൻ കുമാർ, സാമൂഹ്യ പ്രവർത്തകനും സംവിധായകനുമായ സഞ്ജയ് കാക്ക് എന്നിവരടങ്ങുന്ന ജൂറിയാകും കഥേതര വിഭാഗത്തിലെ മികച്ച ചിത്രങ്ങൾ തിരഞ്ഞെടുക്കുക. മികച്ച ലോങ്ങ് ഡോക്യുമെന്ററിക്ക് രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കുന്നതിനൊപ്പമാണ് ഓസ്കറിന്റെ കഥേതര മത്സര വിഭാഗത്തിലേക്കു നേരിട്ട് പ്രവേശനം ലഭിക്കുന്നത്. മേളയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കഴിഞ്ഞ വർഷം മുതലാണ് അക്കാദമി ഓഫ് മോഷൻ പിക്ച്ചേഴ്സ് ഈ അവസരം ഏർപ്പെടുത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.