മലയാള സിനിമയുടെ ആർട്ട് ഹൗസ് പ്രസ്ഥാനത്തിന് ചുക്കാൻ പിടിച്ച ചിത്രമായി എന്നും ഓർക്കപ്പെടുന്ന സിനിമയാണ് 1970ൽ മധുവും ഉഷാ നന്ദിനിയും നായികാനായകന്മാരായി പുറത്തിറങ്ങിയ 'ഓളവും തീരവും' (Olavum Theeravum). എം.ടി.യുടെ രചനയ്ക്ക് പി.എൻ. മേനോൻ സംവിധാനവും, മങ്കട രവി വർമ്മ ക്യാമറയും ചലിപ്പിച്ച്, ബാപ്പൂട്ടിയുടെയും നബീസയുടെയും പ്രണയത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കി. പിൽക്കാലത്ത് ലോകമറിയുന്ന കലാമൂല്യമുള്ള സിനിമകൾ മലയാളത്തിലുണ്ടാവാൻ പ്രചോദനമായത് ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്.
അന്ന് പതിമൂന്നും പത്തും വയസ്സുണ്ടായിരുന്ന രണ്ടാൺകുട്ടികൾ ചേർന്ന് ആ സിനിമയ്ക്ക് ഇന്ന് പുനരാവിഷ്കരണം നൽകുന്നു. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി, ദുർഗ്ഗാ കൃഷ്ണ നായികയായി, 'ഓളവും തീരവും' മറ്റൊരു പുഴക്കരയിൽ അര നൂറ്റാണ്ടിനു ശേഷം വീണ്ടും ഒഴുകുന്നു. യൗവ്വനകാലത്തിന്റെ തുടക്കത്തിൽ 'ഓളവും തീരവും' സിനിമയുടെ ഷൂട്ടിംഗ് കാണാൻ പോയ മാമുക്കോയ സിനിമയുടെ പുനരാവിഷ്ക്കാരത്തിൽ കടത്തുകാരൻ മമ്മതിക്കയായി വേഷമിടുന്നു. അന്നത്തെ ചെറുപ്പക്കാരനായ എഴുത്തുകാരൻ ഇന്ന് നവതിയോടടുത്തിരിക്കുന്നു. അദ്ദേഹത്തിന്റെ രചനകൾക്ക് ഇനിയും ചെറുപ്പം വിട്ടുമാറിയിട്ടില്ല എന്ന് തെളിയിച്ചുകൊണ്ട് ഓളവും തീരവും സെറ്റിൽ എം.ടി.ക്ക് 89-ാം പിറന്നാൾ ആഘോഷമൊരുങ്ങി.
ഇക്കഴിഞ്ഞ ദിവസം 'ഓളവും തീരവും' പാക്ക് അപ്പ് പറഞ്ഞ വേളയിൽ ഓർമ്മകളുടെ വേലിയേറ്റവുമായെത്തുന്ന സിനിമ മറ്റൊരു രൂപത്തിൽ തങ്ങൾക്കു മുന്നിലെത്താൻ ഓരോ സിനിമാപ്രേമിയും അക്ഷമരായി കാത്തിരിക്കുന്നുണ്ടാവും.
എം.ടി. വാസുദേവൻ നായരുടെ കഥകളെ അടിസ്ഥാനമാക്കിയുള്ള മറ്റ് ഒമ്പത് സിനിമകൾ ഉൾപ്പെടുന്ന ആന്തോളജിയിലെ ഏറ്റവും ദൈർഘ്യമേറിയ വിഭാഗമായ 50 മിനിറ്റ് നീളമുള്ള ചിത്രമാണിത്. ഹരീഷ് പേരടി, സുരഭി ലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സെഗ്മെന്റിൽ ബാപ്പൂട്ടി എന്ന തടി വ്യാപാരിയുടെ വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
1957ൽ പുറത്തിറങ്ങിയ എം.ടിയുടെ ചെറുകഥയെ ആസ്പദമാക്കിയുള്ള തിരക്കഥയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും കഥ അതുപോലെ നിലനിർത്തിയിട്ടുണ്ടെന്നും നിർമ്മാതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. 1970-ലെ ചിത്രത്തിന്റേതു പോലെ ഒരു ഭാഗം ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് നിർമ്മിച്ചത്. സാബു സിറിൾ കലാരൂപകൽപന ചെയ്ത 'ഒളവും തീരവും' സെഗ്മെന്റിൽ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. കാലാപാനി എന്ന ചിത്രത്തിന് ശേഷം പ്രിയദർശൻ, മോഹൻലാൽ, സന്തോഷ് ശിവൻ, സാബു സിറിൽ എന്നിവർ ആദ്യമായി ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
അതേസമയം, ബിജു മേനോനും ശാന്തി കൃഷ്ണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആന്തോളജിയുടെ മറ്റൊരു ഭാഗവും പ്രിയദർശൻ സംവിധാനം ചെയ്തിട്ടുണ്ട്. ശിലാലിഖിതങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ജയരാജ്, മഹേഷ് നാരായണൻ, സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, രതീഷ് അമ്പാട്ട്, അശ്വതി വാസുദേവൻ നായർ എന്നിവരാണ് ആന്തോളജിയിലെ മറ്റ് സംവിധായകർ.
ആന്തോളജിയിലെ ശേഷിക്കുന്ന ഭാഗം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യും. ഇതിൽ മമ്മൂട്ടിയാണ് നായകൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.