സ്ത്രീകളെ ബലാത്‌സംഗം ചെയ്ത് കൊല്ലുന്ന കുറ്റവാളികളെ നിറയൊഴിച്ച് കൊല്ലുന്ന ക്രിസ്റ്റഫർ (Christopher) ഐ.പി.എസ്. ആയി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. ചിത്രം കണ്ടവരുടെ എല്ലാം മനസിൽ കുറച്ചു വർഷങ്ങൾക്ക് മുൻപ് എൻകൗണ്ടർ വഴി ബലാത്സംഗ കേസ് പ്രതികളെ നിറയൊഴിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മുഖമാവും നിറഞ്ഞത്.
ഇപ്പോൾ അദ്ദേഹത്തോടൊപ്പം ചിത്രത്തിന്റെ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ നിൽക്കുന്ന ചിത്രം കൂടി പുറത്തുവന്നതും വി.സി. സജ്ജനാർ എന്ന തെലങ്കാനയിലെ പോലീസ് ഉദ്യോഗസ്ഥനെ പ്രേക്ഷകർക്കായി ഒരിക്കൽക്കൂടി ഓർമപ്പെടുത്തട്ടെ.
2008-ൽ വാറങ്കലിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനികളെ മൂന്ന് പുരുഷന്മാർ ആക്രമിച്ചു. പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തിനെതിരെ സ്വയരക്ഷയ്ക്കായി പ്രവർത്തിച്ച വാറങ്കൽ പോലീസ് പ്രതികളെ വെടിവച്ചു. സംഭവസമയത്ത് വാറങ്കൽ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്നു സജ്ജനാർ.
2019-ലെ ഹൈദരാബാദ് കൂട്ടബലാത്സംഗ-കൊലപാതക കേസിലെ നാല് പ്രതികളെയും സൈബരാബാദ് പോലീസ് സ്വയരക്ഷയ്ക്ക് വെടിവെച്ചതാണെന്ന് സജ്ജനാർ പ്രഖ്യാപിച്ചു.
2021 മാർച്ച് 11-ന് വി.സി. സജ്ജനാറിന് അഡിഷണൽ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2021 ഓഗസ്റ്റ് 25-ന്, തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി സജ്ജനാറിനെ നിയമിച്ചു. സൈബരാബാദിലെ പോലീസ് കമ്മീഷണർ സ്ഥാനത്തിന് ശേഷമാണ് അദ്ദേഹം ഈ ചുമതല ഏറ്റെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.