പ്രദർശനത്തിൽ നിന്നും ലഭിച്ച ലാഭത്തിന്റെ ഒരു വിഹിതം ചലച്ചിത്ര പിന്നണി പ്രവർത്തകർക്ക് നൽകി ഫഹദ് ഫാസിൽ-മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രം
'സീ യു സൂൺ'. സിനിമാ തൊഴിലാളികൾക്കായുള്ള ഫെഫ്കയുടെ കരുതൽ നിധിയിലേക്കാണ് ഫഹദും മഹേഷ് നാരായണനും ചേർന്ന് തുക കൈമാറിയത്.
കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട സിനിമാ പ്രവർത്തകർക്കായാണ് തുക വിനിയോഗിക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട നിരവധി സിനിമാ പ്രവർത്തകർക്ക് ആശ്വാസമാകാൻ ഫെഫ്കയുടെ കരുതൽ നിധിക്ക് കഴിഞ്ഞിരുന്നു. ഈ മാതൃക മറ്റ് സിനിമാ നിർമ്മാതാക്കൾക്കും പ്രചോദനമാകുമെന്നാണ് ഫെഫ്കയുടെ പ്രതീക്ഷ.
ഫഹദ് ഫാസിൽ നായകനായ ഒരു വലിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം പൂർത്തിയാവുമ്പോഴാണ് കോവിഡും ലോക്ക്ഡൗണും നിനച്ചിരിക്കാത്ത നേരത്ത് എത്തിയത്. സിനിമാ പ്രവർത്തകരിൽ ഭൂരിപക്ഷത്തിൻ്റേയും ജീവിതമാർഗം മുട്ടിക്കുന്ന സ്ഥിതിയാണ് പിന്നീടുണ്ടായത്.
മഹേഷ് നാരായണൻ എന്ന സംവിധായകൻ പുതിയ സാധ്യതകൾ തേടി ലോക്ക്ഡൗൺ ഭാഗികമായി മാറിയ സമയത്ത് പൂർത്തിയാക്കിയ ചിത്രമാണ് 'സീ യു സൂൺ'. ലോക്ഡൗണിൻ്റെ പരിമിതികളെ അതിജീവിച്ച് ഒരു ചലച്ചിത്രം നിർമ്മിക്കുക എന്നതായി ആലോചന. കൊച്ചിയിലെ
ഫഹദിന്റെ ഫ്ലാറ്റിൽ പ്രധാനമായും ചിത്രീകരിച്ച സിനിമ കൂടിയാണ് 'സീ യു സൂൺ'.
യു ട്യൂബിലേക്ക് അരമണിക്കൂർ ദൈർഘ്യമുള്ള വീഡിയോയായി ആലോചിച്ച 'സീ യു സൂൺ' ചിത്രീകരണം പൂർത്തിയാക്കി എഡിറ്റ് ചെയ്ത് വന്നപ്പോൾ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള, പിരിമുറുക്കമുള്ള, പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്ത സസ്പെൻസ് ത്രില്ലറായി മാറുകയായിരുന്നു. പൂർണമായും ഐഫോണിൽ ചിത്രം ഒരുക്കി സിനിമാ ചരിത്രത്തിൽ പുതിയ വഴിയും തുറന്നു.
ടേക്ക് ഓഫിനും, റിലീസ് കാത്തിരിക്കുന്ന
മാലിക്കിനും ശേഷം മഹേഷ് നാരായണൻ എന്ന സംവിധായകനെ മലയാള സിനിമയുടെ ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തിയ 'സീ യു സൂൺ' പ്രേക്ഷകർ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.
ആമസോൺ പ്രൈമിൽ സെപ്തംബർ 1 നാണ് ചിത്രം ഡിജിറ്റൽ റിലീസ് ചെയ്തത്. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഫഹദിനൊപ്പം (കെവിൻ) റോഷൻ മാത്യു (ജിമ്മി), ദർശന രാജേന്ദ്രൻ (അനു), മാലാ പാർവതി (ജിമ്മിയുടെ അമ്മ) തുടങ്ങിയവർ വേഷമിടുന്നു. ഖത്തറിൽ മലയാളികളടങ്ങുന്ന വൻ സെക്സ് റാക്കറ്റ് പിടിയിലായ സംഭവമാണ് ചിത്രത്തിൻ്റെ മൂലപ്രമേയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.