ഒരു ചെറിയ ഹ്രസ്വചിത്രം. അത് കണ്ടവർക്കെല്ലാം കഥാപാത്രങ്ങളും പ്രമേയവും ഇഷ്ടപ്പെടുന്നു. ശേഷം സംവിധായകനോട് ഇനിയും ഈ പരമ്പരയിൽ ചിത്രങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നു. അങ്ങനെ ഒരു ഹ്രസ്വചിത്രത്തിൽ ഒതുങ്ങേണ്ട കഥ വെബ് സീരീസിലേക്ക്.
സീരീസിന് പേരെന്ത് എന്ന് ചോദിച്ചാൽ അങ്ങനെ ഒരു പേര് പോലും പറയാൻ ഇടവരാതെ, രണ്ടു കഥാപാത്രങ്ങളുടെ പ്രകടനത്തിൽ കേന്ദ്രീകരിച്ച് നിർമ്മിച്ചിരിക്കുകയാണ് ഈ സീരീസ്.
'തെരുവ്' എന്ന ഹ്രസ്വചിത്രത്തിൽ തുടങ്ങി വെബ്സീരീസിലേക്ക് ചുവടുവച്ച പരമ്പരയുടെ കൂടുതൽ എപ്പിസോഡുകൾ പുറത്തു വന്നു.
തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ഈ സീരീസിന്റെ തുടക്കം. കുട്ടൻപിള്ള എന്ന പോലീസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ജിബിൻ ജി. നായർ, മധുരിമ എം.എസ്. എന്നിവരാണ് ഈ സീരീസിലെ കഥാപാത്രങ്ങൾ. വിഷ്ണു ഉദയനാണ് സംവിധായകൻ.
ഓരോ എപ്പിസോഡുകൾക്കുമല്ലാതെ, ഇതിലെ കഥാപാത്രങ്ങൾക്ക് പോലും പേരില്ല. ഒരു ഭാര്യയുടെയും ഭർത്താവിന്റെയും ഊഷ്മള ബന്ധത്തിലൂടെ കഥ പറയുമ്പോൾ ഒന്നും ഒരു പേരിൽ ഒതുക്കേണ്ട എന്ന സംവിധായകന്റെ തീരുമാനമാണ് ഇതിനു പിന്നിൽ.
വിഷ്ണുവും കിരണുമാണ് തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ളത്.
തിരക്കഥയുണ്ടെങ്കിലും അതിൽ ഊന്നൽ നൽകാതെ സ്വന്തമായി ഡയലോഗ് അവതരിപ്പിക്കാൻ നായകന് സ്വാതന്ത്ര്യമുണ്ട്. കേവലം സ്ക്രിപ്റ്റിൽ ഒതുങ്ങാതെ നായകനും നായികയും അവരുടേതായ ശൈലിയിൽ നടത്തുന്ന അവതരണമാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. അവരുടെ പ്രകടനത്തിന് പിന്നാലെ ക്യാമറ പായുന്നതാണ് രീതി.
തെരുവിന് ശേഷം 'അളിയൻ', 'ഓർമ്മകൾ' തുടങ്ങിയ ചിത്രങ്ങൾ പുറത്തിറങ്ങി. ഇനി ഒരു ചിത്രം കൂടി സീരീസിന്റെ ഭാഗമായി ഇറങ്ങാനുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.