• HOME
 • »
 • NEWS
 • »
 • film
 • »
 • 'കുരുതി' സിനിമയുടെ തിരക്കഥാകൃത്ത് അന്ന് തെറിയും ചീത്തവിളിയും കേട്ടത് എന്തിന്?

'കുരുതി' സിനിമയുടെ തിരക്കഥാകൃത്ത് അന്ന് തെറിയും ചീത്തവിളിയും കേട്ടത് എന്തിന്?

അനീഷ് പള്ള്യാൽ ആണ് പൃഥ്വിരാജ് ചിത്രം 'കുരുതി'യുടെ തിരക്കഥാകൃത്ത്

അനീഷ് പള്ള്യാൽ, കുരുതി

അനീഷ് പള്ള്യാൽ, കുരുതി

 • Share this:
  കഴിഞ്ഞ ദിവസം ആമസോൺ പ്രൈം വഴി റിലീസ് ചെയ്യപ്പെട്ട പൃഥ്വിരാജ് ചിത്രമാണ് 'കുരുതി'. ഡിജിറ്റൽ റിലീസ് ചെയ്യുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രം കൂടിയാണിത്. സിനിമ പലയിടങ്ങളിൽ നിന്നും അഭിപ്രായങ്ങൾ രേഖപ്പെടുത്തി പ്രദർശനം തുടരുകയാണ്. അനീഷ് പള്ള്യാൽ ആണ് തിരക്കഥാകൃത്ത്. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 'മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബെയ്‌സ്' എന്ന ഗ്രൂപ്പിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. കലാസംവിധായകൻ നന്ദകുമാർ ആണ് എഴുതിയിരിക്കുന്നത്. കുറിപ്പ് ചുവടെ വായിക്കാം:
  നാല് വർഷം മുൻപ്, 2016 ൽ ഒരു കൊച്ചു സിനിമയുടെ കലാസംവിധാന ജോലിയുമായി ഞാൻ തിരുവനന്തപുരത്ത് തമ്പടിച്ചിരുന്നു. വളരെ കുറഞ്ഞ ബഡ്ജറ്റിൽ കുറഞ്ഞ ക്രൂ ആയി പ്രശസ്തരായ അഭിനേതാക്കളൊന്നുമില്ലാത്ത സിനിമ. ആർട്ട് ഡയറക്ഷനു എന്റെയൊപ്പം അസിസ്റ്റൻസ് ഒന്നുമില്ല. എല്ലാവരും കൂടെ ഉത്സാഹിച്ച് എല്ലാ ഡിപ്പാർട്ട്മെന്റിലും സഹകരിച്ച് സിനിമ അങ്ങ് ചെയ്യുക എന്ന രീതിയാണ് . ആർട്ടിൽ ഞാൻ തന്നെ സ്കെച്ച്, പർച്ചേസിംഗ്, പെയിന്റിങ്, പ്രോപ്പർട്ടി റെന്റിനു എടുക്കാൻ പോകൽ, തെർമോക്കോള് കട്ട് ചെയ്യൽ, ചുമരിൽ ആണിയടിക്കൽ അങ്ങിനെ നാനാവിധ പണികൾ ഞാൻ തന്നെ. അടുത്ത ദിവസം ഷൂട്ട് തീരുമാനിച്ചിട്ടും ആർട്ട് വർക്ക് മുഴുവനായിട്ടില്ല. "എല്ലാം പെട്ടെന്ന് വേണമെന്ന്" സംവിധായകൻ. "ഒറ്റയ്ക്ക് ഇതെല്ലാം ഒരുമിച്ചു ചെയ്യാൻ എനിക്ക് അഞ്ചാറു കയ്യില്ല , ആരെങ്കിലും അസിസ്റ്റന്റ് ആയി വേണം" എന്ന് ദേഷ്യം വന്ന ഞാൻ.

  ഞാൻ മൊത്തം കിളി പോയി നിൽക്കുവാണ്. ആര് എന്ത് ചോദിക്കുന്നതിനും ഞാൻ കട്ട ചീത്തവിളിയാണ്. അടുത്ത ദിവസം രാവിലെ പത്ത് മണി കഴിഞ്ഞപ്പോൾ സംവിധായകൻ രണ്ടു പേരെ എന്റെ അടുത്ത് കൊണ്ട് നിർത്തി പറഞ്ഞു "ഇവർ നന്ദേട്ടനെ അസിസ്റ്റ് ചെയ്യും. കാര്യങ്ങൾ ഒക്കെ ഒന്ന് പറഞ്ഞു കൊടുത്താൽ മതി. തൽക്കാലം ഇവർ പോരേ?" ഞാൻ അവരെ രണ്ടു പേരെയും സൂക്ഷിച്ചു നോക്കി. “ആഹാ ! രണ്ടു പേർക്കും മീശയില്ല' (ജഗതി. ജെപെഗ്) ഒരാൾ അല്പം പൊക്കം കുറഞ്ഞു തടിച്ചിട്ടു, അയാളുടെ ബാക്കി പൊക്കവും കടമെടുത്ത പോലെ മറ്റെയാൾ നല്ല ഉയരമുള്ള കക്ഷി. "ഇവർ പോരെ?" വീണ്ടും സംവിധായകൻ.

  "പോരും... ഇവര് പോരും" എന്ന് ഞാൻ "എന്നാൽ ഇങ്ങോട്ട് പോരെ" എന്നും പറഞ്ഞു രണ്ടു പേരെയും വിളിച്ചു ആർട്ട് വർക്ക് ചെയ്യുന്ന റൂമിലേക്ക് പോയി. എന്തും ചെയ്യാൻ റെഡി ആയി നിൽക്കുന്ന അവരോടു, കഴിഞ്ഞ നാല് ദിവസമായി സകല കണ്ട്രോളും പോയിരിക്കുന്ന ഞാൻ പറഞ്ഞു :-
  " ഈ മ%^&$%&%* എടുത്തു ആ കോ &*^^$ &%^%^$ൽ ഒട്ടിച്ചു വെക്ക്. എന്നിട്ട് അതിന്റെ മീതെ ദാ അവിടെ കലക്കി വെച്ചിരിക്കുന്ന മറ്റേ ^&^%^$ കളർ എടുത്തു അടി. ഒരാള് ദാ ആ ചുമരിൽ കാണുന്ന &^%^$%$%#^ ല്ലാം ചൊരണ്ടി കള. എന്നിട്ട് ധാ മേശപ്പുറത്തിരുന്ന മറ്റേ ^&^&%$$^ ആ *&%&^%& സാധനമെടുത്തു ആ മൂലയ്ക്ക് വെയ്ക്ക് " രണ്ടു പേരും മുഖത്തോടു മുഖം നോക്കി. ഒന്ന് പരുങ്ങി. പിന്നെ ഞാൻ പറഞ്ഞ പോലെ പതുക്കെ ചെയ്യാൻ തുടങ്ങി.

  “എന്ത് ^&^&%& ലെ പണിയാണ്. പെട്ടെന്ന് വേണം. ഇങ്ങിനെ %&%൯(&(&(* ചെയ്യാനെങ്കിൽ ഇന്നൊന്നും ഷൂട്ട് ചെയ്യാൻ പറ്റില്ല. ഇത് പെട്ടെന്ന് തീർത്തില്ലെങ്കിൽ ആ ഡയറക്ടർ ^%&$^%* എന്നെ നിലത്ത് നിർത്തില്ല. മേല് അനങ്ങി വല്ലതും ചെയ്‌യടോ.. ഏത് (&&^&$$&^(**) നോക്കിയിട്ടാണ് ഇതൊക്കെ ചെയ്യന്നത് ?!?“

  മുറി മൊത്തം എന്റെ തെറിവിളിയും ബഹളവുമാണ്. അതിനിടയിൽ അസിസ്റ്റന്റുമാരിൽ ഉയരം കൂടിയ കക്ഷി നേരെ ഡയറക്ടറുടെ അടുത്തേക്ക് പോകുന്നു. എന്തോ സംസാരിക്കുന്നു.

  അസിസ്റ് : അങ്ങേരാരാണ്‌ ഭായി? ആ ബുൾഗാനും വെച്ച് ട്രൗസറും ഇട്ട് കയ്യിൽ കട്ടറും പെയിന്റുമൊക്കെ പിടിച്ചു നിൽക്കുന്ന ആൾ?
  ഡയറക്ടർ : അയാളാണ് നമ്മുടെ ആർട്ട് ഡയറക്ടർ. എന്തേ?
  അസിസ്റ്റ് : എന്റെ പൊന്നോ. എമ്മാതിരി തെറിയാണ് ആ മനുഷ്യൻ!! ഇതുപോലെ ഞാനൊരിക്കലും ഒരു ചീത്തവിളിയും കേട്ടിട്ടില്ല.
  ഡയറക്ടർ : ആണോ? എന്നാ ഞാൻ ഇപ്പൊ പറയാം.
  ഡയറക്ടർ എന്നെ വിളിക്കുന്നു. ഞാൻ സംവിധായകന്റെ അടുത്തേക്ക് വന്നു: "ഉം എന്താ, പറ"

  ഡയറക്ടർ : (അസിസ്റ്റനന്റിനെ ചൂണ്ടി) സോറി ഞാൻ ഇദ്ദേഹത്തെ പരിചയപ്പെടുത്താൻ മറന്നു പോയി. ഇദ്ദേഹമാണ് ഡോക്ടർ ***.
  ഞാൻ : ഡോ..... ???
  ഡയറക്ടർ : ക്ടർ ...ഡോക്ടർ. ഡോക്ടർ*** .... .. നമ്മുടെ പടത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ ആണ്.
  ഞാൻ : സ്ക്രിപ്റ്റ് .....?
  ഡയറക്ടർ : റൈറ്റർ. സ്ക്രിപ്ട് റൈറ്റർ. ഡോ.***, സ്വദേശം *** ആണ്.
  ഞാൻ കട്ടറും തെർമോക്കോളും മേശപ്പുറത്തു വെച്ച് നിരായുധനായി. എന്നിട്ടു മുറിയിൽ ചുമരിൽ പെയിന്റ് അടിക്കുന്ന മറ്റേ അസിസ്റ്റന്റിനെ ചൂണ്ടി ഞാൻ ദയനീയമായി ചോദിച്ചു : "അപ്പൊ അതാരാ?"
  ഡയറക്ടർ: (ചൂണ്ടിയ ആളെ നോക്കി ) അത് ഡോ.*** ഇദ്ദേഹത്തിന്റെ സ്വദേശം തന്നെ. സർജൻ ആണ്. നമ്മുടെ സിനിമയിൽ പ്രധാനമായൊരു വേഷം ചെയ്യുന്നു. അഭിനയിക്കാൻ വേണ്ടി ഇന്ന് എത്തിയതാണ്.  ഞാൻ കസേരയിലേക്ക് ഇരുന്നു... ഞാൻ മറ്റേ അസിസ്റ്റന്റിനെ നോക്കി. പാവം കുനിഞ്ഞിരുന്നു ചുമര് ചുരണ്ടി വൃത്തിയാക്കുകയാണ്. “അല്ലയോ മഹാനുഭാവന്മാരെ.... താങ്കൾ ഇരുവരോടും പെയിന്റ് അടിക്കാനും തെർമോക്കോള് കട്ടു ചെയ്യാനുമൊക്കെ പറഞ്ഞ ഭാഷ അങ്ങേയറ്റം മ്ലേച്ഛമാണെന്നു കരുതുന്നു. താങ്കൾ എനിക്കെതിരെ പ്രതികാര നടപടികളൊന്നും എടുക്കുകയില്ലെന്നു കരുതിക്കോട്ടേ? ഇനി മേലിൽ ഞാൻ താങ്കൾ ഇരുവരോടും ഇതുപോലുള്ള കുത്സിത വാക്കുകളൊന്നും പറയില്ല എന്ന് വിശ്വസിക്കുമല്ലോ" എന്ന് ഞാൻ മനസ്സാ അവരോടു പറഞ്ഞു.

  എന്തിനേറെ പറയണം. ഒരു മാസം നീണ്ടു നിന്ന ആ സിനിമാ ഷൂട്ടിങ് ഒരു അനുഭവം തന്നെ ആയിരുന്നു. ഒരു കുടുംബം പോലെ തോന്നിക്കുന്ന, ഒരു ഹൈറാർക്കിയും ഇല്ലാത്ത ജൂനിയർ സീനിയർ എന്ന മനോഭാവമൊന്നും ഇല്ലാത്ത, ഒഴിവു സമയങ്ങളിൽ പരസ്പരം അടുക്കളയിൽ കയറി കാപ്പിയുണ്ടാക്കുകയും ഉച്ചയ്ക്ക് പൊതിച്ചോറ് പങ്കുവെച്ചും രസകരമായി ഷൂട്ടിങ് തീർന്നു .

  ആ സിനിമയെ നിങ്ങൾ അറിയും...
  യുകെ ഏഷ്യൻ ചലച്ചിത്രമേളയിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം | സിങ്കപ്പൂർ തെക്കേ ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം | കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2017 അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം... എന്നീ പുരസ്കാരങ്ങൾകരസ്ഥമാക്കിയ പ്രശാന്ത് വിജയ് സംവിധാനം ചെയ്ത "അതിശയങ്ങളുടെ വേനൽ / The Summer of Miracles"

  അന്ന് എന്റെ തെറിയും ചീത്ത വിളിയും കേട്ട ആ സ്ക്രിപ്റ്റ് റൈറ്ററെയും നിങ്ങൾക്ക് ഇപ്പോൾ പിടികിട്ടിക്കാണും പൃഥിരാജ് പ്രൊഡക്ഷൻസ് നിർമ്മിച്ച്, പൃഥിരാജ് പ്രധാന വേഷത്തിൽ വരുന്ന 'കുരുതി' എന്ന സിനിമയുടെ എഴുത്തുകാരൻ... അനീഷ് പള്ള്യാൽ/ Palliyal Anish

  'കുരുതി' മികച്ച അഭിപ്രായങ്ങളുടെ മുന്നേറുമ്പോൾ എഴുത്തുകാരൻ അനീഷ് പള്ള്യാലിന് എല്ലാ ആശംസകളും ഭാവുകങ്ങളും നേരുന്നു
  Published by:user_57
  First published: