ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നാരദൻ' ഷൂട്ടിംഗ് ആരംഭിച്ചു. റിമ കല്ലിങ്കൽ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ നിർവഹിച്ചത്. അന്ന ബെൻ ആദ്യ ക്ലാപ്പ് അടിച്ചു.
ടൊവിനോയ്ക്കും അന്ന ബെന്നിനുമൊപ്പം ഷറഫുദ്ധീനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഉണ്ണി ആർ. ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിംഗും ചെയ്യുന്നു.
സംഗീത സംവിധാനം ശേഖര്‍ മേനോനാണ്. ആർട്ട് ഗോകുൽ ദാസ്, വസ്ത്രലങ്കാരം മാഷർ ഹംസ, മേക്കപ്പ് റോണസ് സേവിയർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആബിദ് അബു -വസിം ഹൈദർ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, പി.ആർ.ഒ ആതിര ദിൽജിത്ത്.
ആഷിഖ് അബുവിന്റെ മറ്റ് ചിത്രങ്ങൾഹാഗർ: കോവിഡിന് ശേഷമുള്ള ഒപിഎം സിനമാസിന്റെ ആദ്യ സിനിമയായി പ്രഖ്യാപിച്ച ചിത്രമാണ് 'ഹാഗർ'. മമ്മൂട്ടി നായകനായ 'ഉണ്ട' യുടെ തിരക്കഥാകൃത്ത് ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. റിമാ കല്ലിങ്കല്‍, ഷറഫുദ്ദീന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. സിനിമയുടെ നിര്‍മാണവും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്. ആഷിക് അബു ആദ്യമായി ഛായാഗ്രഹകനാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫെയ്സ്ബുക്കിലൂടെയാണ് ആഷിഖ് അബു വിവരം അറിയിച്ചത്.
വാരിയംകുന്നൻ: ആഷിഖ് അബു ചിത്രത്തിൽ ആദ്യമായി പൃഥ്വിരാജ് നായകനാവുന്നു. 'വാരിയംകുന്നൻ' എന്ന ചരിത്ര സിനിമ 2021ൽ ചിത്രീകരണം ആരംഭിക്കും എന്നാണ് പ്രഖ്യാപനം. 1921ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന കഥയാണിത്. മുഹ്‌സിൻ പരാരിയാണ് കോ-ഡയറക്ടർ. സിക്കന്ദർ, മൊയ്‌ദീൻ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കും.
പാർട്ടി: നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന വിനായകൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാർട്ടി എന്ന സിനിമ ആഷിഖ് അബുവാണ് നിർമിക്കുന്നത്. ആഷിഖ് അബു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഭീമന്റെ വഴി: 'തമാശക്ക്' ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം ചെമ്പൻ വിനോദ് ജോസ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന്റെയും ഒ.പി.എം. പ്രൊഡക്ഷന്സിന്റെയും ബാനറിൽ ചിത്രം നിർമ്മിക്കുന്നത് ചെമ്പൻ വിനോദ് ജോസ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ്.
ആർക്കറിയാം: മൂൺഷോട്ട് എന്റർടൈൻമെൻറ്സും ഒ പി എം ഡ്രീം മിൽ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന സാനു ജോൺ വർഗീസ് ചിത്രം 'ആർക്കറിയാം' സിനിമയിൽ ബിജു മേനോനും പാർവതി തിരുവോത്തും ഷറഫുദ്ധീനും മുഖ്യവേഷങ്ങൾ അവതരിപ്പിക്കുന്നു. ലോക്ക്ഡൗൺ പ്രമേയമാവുന്ന സിനിമയാണ് 'ആർക്കറിയാം'
നീലവെളിച്ചം: വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ നീലവെളിച്ചത്തിന് ചലച്ചിത്രഭാഷ്യം ഒരുക്കുന്നത് ആഷിക് അബു ആണ്. വമ്പൻ താരനിരയെ അണിനിരത്തിയാണ് ആഷിക് അബു നീലവെളിച്ചം എന്ന പേരിൽ തന്നെ ചിത്രം ഒരുക്കുന്നത്.
ഈ പ്രശസ്ത രചന സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള ആഗ്രഹമാണെന്നും ഇപ്പോള്‍ അതിനുള്ള അവസരം ഒത്തുവന്നെന്നും ആഷിക് അബു ഫെയ്സ്ബുക്കില്‍ കുറിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനദിനത്തിൽ തന്നെയാണ് ആഷിക് അബു ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഈ വർഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.