• HOME
  • »
  • NEWS
  • »
  • film
  • »
  • മൻമോഹൻ സിംഗിനെക്കുറിച്ചുളള സിനിമയ്‌ക്കെതിരെ കോൺഗ്രസ്

മൻമോഹൻ സിംഗിനെക്കുറിച്ചുളള സിനിമയ്‌ക്കെതിരെ കോൺഗ്രസ്

  • Share this:
    മൻമോഹൻ സിംഗിന്റെ പ്രധാനമന്ത്രി കാലം പ്രമേയമായ ദി ആക്സിഡണ്ടൽ പ്രൈം മിനിസ്റ്റർ എന്ന സിനിമയെ ചൊല്ലി ബിജെപി കോൺഗ്രസ് പോര് മുറുകുന്നു. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ സിനിമയുടെ ട്രെയ്‌ലർ പങ്കുവച്ചു ബി.ജെ.പി. സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അഞ്ചു വർഷം ചെയ്ത കാര്യങ്ങൾ പറയാൻ ഇല്ലാത്തതിനാൽ ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ ആണ് ശ്രമമെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം സിനിമയെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്ന് മൻമോഹൻ സിംഗ് ഒഴിഞ്ഞു മാറി.

    മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് ആയിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ആക്സിഡണ്ടൽ പ്രൈം മിനിസ്റ്റർ സിനിമയുടെ ട്രയിലർ പുറത്തിറങ്ങിയത്തിന് പിന്നാലെയാണ് രാഷ്ട്രീയ വിവാദം.



    പത്തു വർഷം ഒരു കുടുംബം രാജ്യത്തോട് ചെയ്തത് വെളിവാക്കുന്ന സിനിമയാണിതെന്ന് ട്രയിലർ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഷെയർ ചെയ്ത ബിജെപി അവകാശപ്പെട്ടു. ബിജെപി അനുഭാവിയായ അനുപം ഖേർ ആണ് ചിത്രത്തിൽ മൻമോഹൻ സിംഗിന്റെ വേഷത്തിൽ. അഞ്ചു വർഷമായി ഒന്നും ചെയ്യാത്ത ബിജെപി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് രാഷ്ട്രീയ പ്രചാരണ ചിത്രങ്ങളുമായി വരുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

    വിവാദങ്ങളോട് പ്രതികരിക്കാൻ മൻമോഹൻ സിംഗ് തയ്യാറായില്ല.
    സിനിമ ആദ്യം കോണ്ഗ്രസ് പ്രവർത്തകർക്ക് വേണ്ടി പ്രദർശിപ്പിക്കണമെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ രാജ്യത്ത് ഒരിടത്തും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് പറഞ്ഞു. സിനിമയെ വിവാദമാക്കാൻ ബിജെപി വച്ച കെണിയിൽ വീഴരുതെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പുസ്തകമിറങ്ങിയപ്പോൾ ഇല്ലാത്ത വിവാദം ഇപ്പോൾ എന്തിനാണെന്ന് അനുപം ഖേറിന്റെ ചോദ്യം.

    First published: