HOME » NEWS » Film » MOVIES ACTOR ANCHOR MITHUN RAMESH ON HIS NEW MOVIE JIMMY EE VEEDINTE AISHWARYAM

'ജീവിതത്തിൽ ഒരാൾക്കും ഇങ്ങനെ സംഭവിക്കരുത്'

Actor/anchor Mithun Ramesh on his new movie | മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും അവതാരകനുമാണ് മിഥുൻ രമേഷ്. മിഥുൻ ആദ്യമായി നായകനാവുന്ന ചിത്രം, 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം', ഡിസംബർ ആറിന് തിയേറ്ററുകളിലെത്തുന്നു

Meera Manu | news18-malayalam
Updated: December 5, 2019, 6:41 PM IST
'ജീവിതത്തിൽ ഒരാൾക്കും ഇങ്ങനെ സംഭവിക്കരുത്'
മിഥുൻ രമേഷ്
  • Share this:
2000ത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 'ലൈഫ് ഈസ് ബ്യൂട്ടിഫുളിലെ' പ്ലസ് ടു വിദ്യാർത്ഥി രാജൻ പണിക്കർ. ആ ബാച്ചിലെ ചുള്ളൻ ചെക്കനായി എത്തിയത് മിഥുൻ രമേശ്. ഇന്നിപ്പോൾ അവതാരകനായും, നടനായും തിളങ്ങുന്ന മിഥുനിന്റെ കന്നി ചിത്രം. വർഷം 2019: മിഥുൻ ആദ്യമായി നായകനാവുന്ന ചിത്രം, 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' തിയേറ്ററുകളിലേക്ക്. സിനിമാ വിശേഷങ്ങളുമായി മിഥുൻ ന്യൂസ് 18 മലയാളത്തോടൊപ്പം.

മിഥുൻ, എന്തുണ്ട് വിശേഷം?

നായകനായി എന്നതാണ് ഏറ്റവും വലിയ വിശേഷം.

പുതിയ സിനിമയെ പറ്റി എന്താണ് പറയാനുള്ളത്?

100 ശതമാനം ദുബായിയിൽ ഷൂട്ട് ചെയ്ത ആദ്യത്തെ മലയാള സിനിമയാണിത്. ബാക്കി എല്ലാ സിനിമകളിലും കുറച്ചു ഭാഗമെങ്കിലും കേരളത്തിലോ മറ്റു സ്ഥലങ്ങളിലോ ഉണ്ടാവുമല്ലോ. ആർട്ടിസ്റ്റുകൾ എല്ലാരും -- ഞാൻ, നായികയായ ദിവ്യ, ഇതിലെ ഏറ്റവും പ്രധാന കാഥാപാത്രമായ നായ --- ദുബായിയിൽ നിന്നുമാണ്. അതുപോലെ തന്നെ നിർമ്മാതാക്കളും, സംവിധായകനും ചിത്രത്തിലെ തിയേറ്റർ/ ഷോർട് ഫിലിം ആർട്ടിസ്റ്റുകൾ എല്ലാപേരും.

വളരെ ട്രെയിന്ഡായ, വെളുത്ത പഞ്ഞികെട്ടു പോലത്തെ ഒരു നായകുട്ടിയാണ് നമ്മുടെ ഇടയിലെ ഏറ്റവും വലിയ താരം. ഒരുപാട് അറബിക് സിനിമകളിൽ എല്ലാം അഭിനയിച്ച നായകുട്ടിയാണ്. പറഞ്ഞാൽ അതുപോലെ ചെയ്യും. ആദ്യം ഞങ്ങളോടെല്ലാം ഇണങ്ങാനായി കുറച്ചു സമയമെടുത്തു. ഇണങ്ങിയപ്പോൾ രസകരമായ ഒരുപാട് നിമിഷങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. എത്രത്തോളം കഴിവുള്ള നായ്കുട്ടിയാണെന്ന് ചില ഷോട്ടുകളിൽ എടുത്ത് കാണിച്ചിട്ടുണ്ട്.

അപ്പോൾ നായ്ക്കുട്ടി എല്ലാവരേക്കാളും തകർത്തഭിനയിച്ചോ?

സത്യം പറഞ്ഞാൽ ഞങ്ങളെക്കാളും നന്നായി അഭിനയിച്ചത് ഡോഗ് ആണെന്ന് വേണം പറയാൻ. മനുഷ്യർക്കുണ്ടാവുന്ന പ്രശ്നങ്ങൾ എന്തെന്ന് സംശയത്തോടെ നോക്കുന്ന സ്വഭാവക്കാരനാണ്. 'നായ്ക്കുട്ടി പറഞ്ഞ കഥ' എന്നാണ് സിനിമയുടെ സബ് ടൈറ്റിലും. അതിന്റെ കാഴ്ചപ്പാടിലാണ് പല കാര്യങ്ങളും കാണിക്കുന്നത്. അങ്ങനെ കഥ പറയുമ്പോൾ അതിനൊരു ശബ്ദം ഉണ്ടാവുമല്ലോ. മലയാള സിനിമയിലെ വളരെ പ്രമുഖനായ നടന്റെ ശബ്ദമാണ്. അത് ആരുടേയെന്ന് പുറത്തു വിട്ടിട്ടില്ല. സിനിമ റിലീസ് ആവുമ്പോൾ മാത്രം അറിയട്ടെ എന്നാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

നമുക്കെല്ലാവർക്കും ഇഷ്‌ടമുള്ള ഒരാളുടെ ശബ്ദമാണ്. സിനിമയുടെ പോസ്റ്ററുകൾ, ഗാനങ്ങൾ, ട്രെയ്‌ലർ എല്ലാം റിലീസ് ചെയ്തത് മലയാള സിനിമയുടെ പ്രിയപ്പെട്ട നടന്മാരാണ്. ആ കൂട്ടത്തിലുള്ള ഒരാളാണ്. ഇങ്ങനത്തെ ജോണറിലുള്ള ഒരു സിനിമ മലയാളത്തിൽ വന്നിട്ടില്ല. പെറ്റിനെ വളരെയധികം ഇഷ്‌ടപ്പെടുന്ന രീതിയിലെ കഥയാണ്. സി.ഐ.ഡി. മൂസയോ, റിങ് മാസ്റ്ററോ ഒക്കെയാണ് ആ രീതിയോട് ചേർന്ന് നിൽക്കുന്ന മറ്റു ചിത്രങ്ങൾ. ആ ജോണറിന്റെ പരീക്ഷണം കൂടിയാണ്.

ദുബായിയിൽ ഉള്ള മലയാളി കുടുംബങ്ങളിൽ ഇക്കാര്യങ്ങളൊക്കെ എങ്ങനെ സംഭവിക്കുന്നു എന്നാണ് ചർച്ച.

Youtube Video


ഗൾഫ് മലയാളികളുടെ ഏത് വിഭാഗത്തെയാണ് ഈ സിനിമയിൽ കാണാവുന്നത്?

ദുബായിലെ ഹൈ-എൻഡ് ലൈഫ് മമ്മുക്ക ചെയ്ത 'ദുബായ്' സിനിമയിൽ കാണിച്ചിട്ടുണ്ട്. ഡയമണ്ട് നെക്ലേസിൽ മിഡിൽ ക്ലാസ് ജീവിതം ഫഹദ് ഫാസിൽ അവതരിപ്പിച്ചു. കഷ്ട്ടപ്പെടുന്ന മലയാളികളുടെ ജീവിതം അറബിക്കഥയിലും പത്തേമാരിയിലും ഉണ്ട്. വേറെയും സിനിമകളുണ്ട് അത്തരത്തിൽ.

അവിടെ ബിസിനസ് ചെയ്ത്, കുടുംബമായി താമസിക്കുന്ന ആൾക്കാരുണ്ട്. അവരുടെ ജീവിതമാണ് ഈ സിനിമയിൽ പ്രതിപാദ്യം. കേരളത്തിന്റെ ഒരു എക്സ്റ്റെന്ഷൻ ആണല്ലോ ദുബായ്. അവിടെ എല്ലാ തരത്തിലും, എല്ലാ മേഖലയിലുമുള്ള ആൾക്കാരുണ്ട്. അതിലെ രണ്ട് ബിസിനെസ്സ് കുടുംബങ്ങളുടെ കൂടിച്ചേരൽ കാണിക്കുന്ന സിനിമയാണ്. ഈ സിനിമയുടെ പശ്ചാത്തലം ദുബായ് ആയതിനും കാരണം അതാണ്.

ഒരാൾ പെട്ടെന്ന് പണക്കാരനായെന്നും, എല്ലാം നഷ്‌ടപ്പെട്ടൊരാൾ തിരിച്ചെത്തി എന്നുമുള്ള കഥകൾ കേൾക്കുന്നത് ദുബായിയിൽ ആണല്ലോ. അത്തരം കാര്യങ്ങൾ ഈ സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്.

ജിമ്മി ഈ വീടിന്റെ ഐശ്വര്യത്തിലെ കഥാപാത്രത്തെപ്പറ്റി...

എന്റെ പേരും പട്ടികുട്ടിയുടെ പേരും ജിമ്മി എന്നാണ്. രണ്ട് പേർക്കും ഒരു പേര് വരുന്നതിലല്ലേ പ്രശ്നം. ജിമ്മി എന്ന് പേരുള്ള എല്ലാവരും അനുഭവിച്ചിട്ടുള്ള ദുരന്തമാണ്. ജിമ്മി എന്ന് വിളിക്കുമ്പോൾ ഉണ്ടാവുന്ന അവസ്ഥ. ആ അവസ്ഥയിൽ ജീവിക്കുന്ന ആൾ കല്യാണം കഴിക്കുമ്പോൾ ഭാര്യയുടെ വളർത്തു നായയുടെ പേരും ജിമ്മി!

ജീവിതകാലം മുഴുവൻ ഈ പേര് വെറുത്തു ജീവിച്ചവനാണ് ജിമ്മി. കുട്ടിക്കാലം മുതലേ എല്ലാവരും 'പട്ടീടെ പേര്' എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് കൊണ്ട് സ്വയം 'ജോ' എന്ന് വിളിക്കാൻ ഇഷ്‌ടപ്പെടുന്ന ആളാണ്. അവസാനം കല്യാണം കഴിച്ച് കൊണ്ട് വരുന്ന ഭാര്യക്ക് ഉപേക്ഷിക്കാൻ കഴിയാത്തതായി ഒന്നേയുള്ളൂ; അത് സ്വന്തം വളർത്തുനായയാണ്, പേര് ജിമ്മി! ജീവിതത്തിൽ ഒരാൾക്കും സംഭവിക്കരുത് എന്ന് കരുതുന്ന കാര്യമാണ്. അത് കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങളും അതെങ്ങനെ തരണം ചെയ്യുന്നുവെന്നും, കൂടാതെ സ്മാർട്ട് ആയ നായയോടുള്ള അസൂയയും ഒക്കെ ചേർന്നൊരു കഥയാണ്.

അഭിനയം കൂടാതെ മിഥുൻ തിരക്കിലാണോ?

ആർ.ജെ.യായി ദുബായിയിൽ ജോലി നോക്കുന്നുണ്ട്. ടെലിവിഷൻ ഷോസ് ഉണ്ട്.

അതായത് ലഞ്ച് കേരളത്തിൽ, ഡിന്നർ ദുബായിയിൽ എന്ന അവസ്ഥയാണോ?

Youtube Video


അങ്ങനെയാവണം എന്നാണ് ആഗ്രഹം (പൊട്ടിച്ചിരിക്കുന്നു). എന്നാൽ ഇവിടെ തിരക്കിട്ട് ലഞ്ച് കഴിക്കാതെ, ദുബായിയിൽ എത്തുമ്പോൾ ലഞ്ച് തീർന്നു പോകുന്ന അവസ്ഥയിലാണ് ജീവിക്കുന്നത്. അങ്ങനെ കുബൂസ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു.

ശരിക്കും ഞാൻ രണ്ട് വീക്കെൻഡുകൾ മാത്രമേ കേരളത്തിൽ ഉള്ളൂ. വെള്ളി, ശനി ദിവസങ്ങൾ ദുബായിയിൽ അവധിയാണ്. ആ ദിവസങ്ങളിൽ ഇവിടുത്തെ പ്രോഗ്രാമിന്റെ മുഴുവൻ എപ്പിസോഡ് ചെയ്ത് തീർക്കും. കേരളത്തിൽ എന്തെങ്കിലും ഷോസ് ഉണ്ടെങ്കിൽ, ഡബ്ബിങ്ങും, ഷൂട്ടും പ്ലാൻ ചെയ്യും.

ഇതിനിടയിൽ കുടുംബത്തിനൊപ്പം സമയം കണ്ടെത്താറുണ്ടോ?

അവരാണ് ഏറ്റവും കൂടുതൽ അഡ്ജസ്റ്റ് ചെയ്യുന്നത്. അവിടെ സമയം തികയുന്നില്ല. കിട്ടുന്ന സമയം യാത്ര ചെയ്യലും അടിച്ചു പൊളിയുമാണ്. കിട്ടുന്ന സമയം ചിലവഴിക്കാൻ നേരത്തെ പ്ലാൻ ചെയ്ത് വയ്ക്കും. സിനിമക്ക് വേണ്ടി ഷെഡ്യൂൾ ബ്ലോക്ക് ചെയ്യുന്നത് പോലെ കുടുംബത്തിനായി സമയം ബ്ലോക്ക് ചെയ്യുന്നു. സിനിമയുടെ പ്രൊമോഷൻ കഴിഞ്ഞാൽ കുടുംബവുമായി ആംസ്റ്റർഡാമിൽ പോവുകയാണ്. യാത്രകൾ കൊണ്ടാണ് പിടിച്ച് നിൽക്കുന്നത്.
First published: December 5, 2019, 6:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories