Interview: ഹൃദയാഘാതവും സ്‌ട്രോക്കും അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മകൻ ധ്യാനിനൊപ്പം ശ്രീനിവാസൻ 'കുട്ടിമാമ'യിൽ

Sreenivasan and son Dhyan Sreenivasan play the lead in Kuttimama. It is his first on-screen association with the younger son | പ്രേക്ഷകരെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ ഒരു ആശുപത്രി വാസത്തിന് ശേഷം നടൻ ശ്രീനിവാസൻ വീണ്ടുമൊരു സിനിമയിൽ, മകൻ ധ്യാൻ ശ്രീനിവാസനും ഒത്തുള്ള കന്നി ചിത്രം 'കുട്ടിമാമ' പ്രേക്ഷക മുന്നിലേക്ക്

news18india
Updated: May 16, 2019, 9:09 PM IST
Interview: ഹൃദയാഘാതവും സ്‌ട്രോക്കും അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മകൻ ധ്യാനിനൊപ്പം ശ്രീനിവാസൻ 'കുട്ടിമാമ'യിൽ
കുട്ടിമാമയിൽ ശ്രീനിവാസൻ
  • Share this:
#മീര മനു

തിരിച്ചു വരവ് എന്ന് വിളിക്കാനും തക്കവണ്ണം ദൂരം ഞാൻ പ്രകാശനും, കുട്ടിമാമയും തമ്മിൽ ഇല്ല. പക്ഷെ വാർത്തകളിൽ ഇടം നേടിയ, പ്രേക്ഷകരെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ, ഒരു ആശുപത്രി വാസത്തിന് ശേഷം നടൻ ശ്രീനിവാസൻ വീണ്ടുമൊരു സിനിമയിൽ എത്തുന്നു എന്ന വിഷയം പ്രസക്തമാണ്. മകൻ ധ്യാൻ ശ്രീനിവാസനും ഒത്തുള്ള കന്നി ചിത്രം എന്ന പ്രത്യേകതയുമായാണ് മെയ് 17ന് വി.എം. വിനു സംവിധാനം ചെയ്ത കുട്ടിമാമ തിയേറ്ററുകളിൽ എത്തുന്നത്. ന്യൂസ് 18 കേരളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഒരുപിടി വിശേഷങ്ങളും, കാഴ്ചപ്പാടുകളും, തമാശകളുമായി ശ്രീനിവാസൻ വായനക്കാർക്ക് മുൻപിൽ.

മകൻ ധ്യാനുമൊത്തുള്ള ആദ്യ ചിത്രം. പട്ടാളക്കാരനായ അച്ഛനാണ് കുട്ടിമാമയായെത്തുന്ന ശ്രീനിവാസൻ. ചെറുപ്പകാലം ധ്യാൻ അവതരിപ്പിക്കുന്നു:

ചെറുപ്പകാലവും, പ്രായം ചെന്ന ശേഷമുള്ളതും ഏകദേശം തുല്യമാണ്. അത് കൊണ്ട് തന്നെ ഞങ്ങൾ തമ്മിൽ ഒന്നിച്ചു ചെയ്യുന്ന സീനുകൾ ഒന്നും ഇല്ല. അതുകൊണ്ട് ഒരേ ഫ്രയിമിൽ വരുന്ന കാര്യം സംഭവിച്ചിട്ടില്ല. ഒരിക്കലും അഭിനയിക്കുന്നത് ഞങ്ങൾ പരസ്പരം കണ്ടിട്ടില്ല.കുട്ടിമാമയിലെ കഥാപാത്രത്തിനായി വിനീതിനെയും ധ്യാനിനെയും ഒരുപോലെ പരിഗണിച്ചിരുന്നോ?

ഈ കഥക്ക് ധ്യാൻ തന്നെ മതി എന്ന് തീരുമാനിച്ച്, ധ്യാനിനോട് സംസാരിക്കുകയായിരുന്നു.

ലവ്, ആക്ഷൻ, ഡ്രാമയുടെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ നിന്നുമാണ് ധ്യാൻ കുട്ടിമാമക്കായി സമയം കണ്ടെത്തുന്നത്. ധ്യാൻ ഈ വേഷത്തിനായി വണ്ണം കൂട്ടിയതാണോ?

ഇതിനു വേണ്ടിയിട്ടല്ല. സംഭവിച്ചു പോയതാണ്. എന്റെയും അവന്റെയും ശാരീരിക വ്യത്യസ്തത ഏറെയുണ്ടല്ലോ. "അന്ന് ഞാൻ ഇങ്ങനെയൊന്നും അല്ല, നല്ല ഉയരവും, നല്ല നിറവും, ശരീരവും ഒക്കെയുള്ള ആളായിരുന്നു" എന്നൊക്കെ പട്ടാളത്തിൽ നിന്നും വന്ന കുട്ടിമാമ പറയുന്നുണ്ട്. എന്റെ മകനാണ് അവനെന്ന് ഇവിടുത്തെ ജനങ്ങൾക്ക് അറിയാവുന്നതു കൊണ്ട് അത് മനസ്സിലാവുകയും ചെയ്യും.

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനും, ശോഭയും മകൻ ധ്യാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുന്നു. ലവ്, ആക്ഷൻ, ഡ്രാമയെപ്പറ്റി:

എനിക്ക് ലവ്, ആക്ഷൻ, ഡ്രാമയുടെ കഥയെപ്പറ്റി അറിയില്ല. പഴയ സിനിമയുമായി ബന്ധമുണ്ടോ, അതിന്റെ കഥാപാത്രങ്ങളുടെ പേര് മാത്രമേയുള്ളോ എന്നൊന്നും അറിയില്ല, എന്താണ് ആ ഐഡിയ എന്നും.

തളത്തിൽ ദിനേശനും ശോഭയും


അപ്പോൾ സിനിമയ്ക്കു മേലുള്ള അവകാശം

അതിന്റെ റൈറ്റ്സ് എന്നോട് ആരും ചോദിച്ചിട്ടും ഇല്ല, നിയമപരമായി അങ്ങനെയൊരു അവകാശം കൊടുത്തിട്ടുമില്ല. പേര് മാത്രമാണ് എടുത്തതെങ്കിൽ അങ്ങനെയൊരു ചോദ്യത്തിന്റെ ആവശ്യം വരുന്നില്ല. പേര് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടല്ലോ. ഞാൻ എന്തെങ്കിലും പരാതി പറഞ്ഞാലല്ലേ, നടപടിയുണ്ടാവൂ. പരാതി പറഞ്ഞിട്ടില്ലാത്തത് കൊണ്ട് ഇതുവരെയും നടപടി ഒന്നും ഉണ്ടായിട്ടില്ല.

എന്നിരുന്നാലും വീണ്ടുമൊരു തളത്തിൽ ദിനേശനും, ശോഭയും വരുമ്പോൾ ഉള്ള പ്രതീക്ഷ

കുറെ വർഷങ്ങൾക്ക് ശേഷം, ആ പേര് ഉപയോഗിച്ച് കൊണ്ട് പുതിയ കാലഘട്ടത്തിലെ ആൾക്കാരഭിനയിച്ചൊരു സിനിമയുണ്ടാവുമ്പോൾ, ഈ സിനിമ മറ്റുള്ളവരിൽ എന്തോ ഒരു സ്വാധീനം ഉണ്ടാക്കി എന്ന കാര്യത്തിൽ എനിക്ക് സന്തോഷിക്കാവുന്നതാണ്. അങ്ങനെ ഉണ്ടാവാൻ പാടില്ലെന്നോ, അത് കൊണ്ടൊരു സിനിമ എടുക്കാൻ പാടില്ലെന്നോ തോന്നാറില്ല.

സംവിധായകൻ ധ്യാനും, നിർമ്മാതാവ് അജു വർഗീസും ദിനേശനും ശോഭയും ആയ നിവിൻ പോളിക്കും നയൻതാരക്കും ഒപ്പം


ക്രിയേറ്റിവ് നിർദ്ദേശങ്ങളൊന്നും?

എന്നോട് ചോദിച്ചിട്ടില്ല. അപ്പോൾ കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ. ഈ കാര്യം ഇങ്ങനെ ചെയ്യാൻ പോവുന്നു എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. ചോദിക്കേണ്ട ആവശ്യം ഇല്ലെന്നും, ഇങ്ങനെയൊരു കാര്യത്തിൽ ഞാനൊരു പ്രശ്നം ഉണ്ടാകില്ലെന്നും ഒരു പക്ഷെ തോന്നിക്കാണും. അതിൽ എന്നോട് ഒരു റോൾ അഭിനയിക്കാൻ പറഞ്ഞു, അപ്പോഴാണ് ഞാൻ അറിയുന്നത് പോലും.

പിന്നെ ആ കഥാപാത്രം എന്തായി?

കുട്ടിമാമയുടെ ഡബ്ബിങ് സമയത്തായിരുന്നു ആശുപത്രി വാസം. വിനുവിന്റെ സ്റ്റുഡിയോയിൽ ഞാൻ ഡബ്ബിങ്ങിന് പോയപ്പോൾ, ഇവർ എന്നോട് വന്ന് വൈകുന്നേരം ഷൂട്ടിംഗ് ഉണ്ടെന്നു പറഞ്ഞു. അപ്പോൾ ഈ ക്യാരക്റ്ററിനെപ്പറ്റി മാത്രം ഞാൻ ചോദിച്ചു. ക്യാരക്റ്റർ എന്തെന്ന് അവതരിപ്പിച്ചപ്പോൾ, പൈജാമയും കുർത്തയും പോലൊരു വേഷമാകും ഈ കഥാപാത്രത്തിന് യോജിക്കുക എന്ന് ഞാൻ പറഞ്ഞു. ഒക്കെ തീരുമാനിച്ച്, ഡബ്ബിങ് തീർത്ത്, വൈകിട്ട് ഷൂട്ടിങ്ങിനു പോകാൻ നിൽക്കുമ്പോഴാണ്, എനിക്ക് നേരെ ആശുപത്രിയിൽ പോകേണ്ടി വന്നത്.

ശേഷം ഒരു ദിവസം കഴിഞ്ഞാണ് എനിക്ക് ബോധം വരുന്നത്. ആശുപത്രയിൽ അത്രയും സമയം ആയി എന്നതെനിക്കറിയില്ല. ബോധം വന്നതും ഞാൻ പറയുന്നത് "എനിക്ക് ഷൂട്ടിംഗ് ഉണ്ട്, പോണം" എന്നാണ്. ആ ദിവസം കഴിഞ്ഞു പോയത് ഞാൻ അറിഞ്ഞില്ല.

കുട്ടിമാമയിലെ ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും


ശരിക്കും എന്താണന്നു സംഭവിച്ചത്?

വട്ടവട എന്ന സ്ഥലത്തു ഭയങ്കര തണുപ്പായിരുന്നു. പ്രതീക്ഷിച്ചതേയില്ല. ഞാൻ ശാരീരികമായി 100 ശതമാനവും ഫിറ്റ് ആയ സമയത്തല്ല ചിത്രീകരണത്തിനായി പോകുന്നത്. വട്ടവടയിലാണ് ഷൂട്ടിംഗ് എന്നറിഞ്ഞിരുന്നെങ്കിൽ പോകില്ലായിരുന്നു. ഒരു ധാരണയിൽ എത്തിക്കഴിഞ്ഞ ശേഷമാണ് ഷൂട്ടിംഗ് എവിടെയാണെന്ന് അറിയുന്നത്. പിന്നൊരു വഴിയില്ല. കയ്യിൽ ജാക്കറ്റ്, ഷാൾ, പുതപ്പ് ഒക്കെ ഉണ്ടായിരുന്നു. തണുപ്പിൽ നിന്നും രക്ഷ നേടാനുള്ള മാർഗം ഉണ്ടെങ്കിലും, അതൊന്നും ഏൽക്കാത്ത അവസ്ഥയായിരുന്നു. അഭിനയിക്കുന്ന സമയത്ത് ഇതൊന്നും ഇടാൻ പറ്റില്ലല്ലോ. അപ്പോൾ പ്രശ്നമാണ്.

ആശുപത്രിവാസത്തിന് ശേഷം?

ഈ സിനിമയുടെ ഡബ്ബിങ് അതിന് ശേഷം ആയിരുന്നു. വീട്ടിൽ ആണ് ചെയ്തത്. മൈക്കും, റെക്കോർഡിങ് സംവിധാനവുമായി ആൾക്കാർ ഇവിടെ വന്നു. നടന്നു പോകാനൊന്നും വയ്യാത്തത് കൊണ്ട് ഇവിടെ വച്ചാണ് ഡബ് ചെയ്തത്. രണ്ട് മൂന്നു സിനിമയുണ്ടായിരുന്നു. അഭിനയിക്കാൻ പിന്നെ പോയിട്ടില്ല. ഫിസിയോ തെറാപ്പി ഇനിയും ഒരു രണ്ട് മാസം കൂടി ഉണ്ട്, അത് കഴിയാതെ ഞാൻ എങ്ങോട്ടും പോകില്ല.

ഡയബറ്റിക് ന്യൂറോപ്പതി എന്നൊരു അവസ്ഥയുണ്ട്. അതുകാരണം കാലിന്റെ മസിലുകൾ ക്ഷയിച്ചിട്ടുണ്ട്. നല്ലവണ്ണം വ്യായാമവും, ഫിസിയോ തെറാപ്പിയും ചെയ്താലേ ശരിയാവൂ. കൊച്ചി ഉദയംപേരൂരിനടുത്തെ കണ്ടനാട്ടെ വീടിന് അടുത്തുള്ള ആൾ വന്ന് ഫിസിയോതെറാപ്പി ചെയ്യാറുണ്ട്. പക്ഷെ ലവ്, ആക്ഷൻ, ഡ്രാമക്ക് പറഞ്ഞ ആ റോൾ അതിന് മുൻപ് ചെയ്യേണ്ടി വന്നേക്കാം. അതിന് ഇല്ല എന്ന് ഞാൻ പറഞ്ഞു. ഇല്ലെന്ന് പറഞ്ഞപ്പോൾ അതിന്റെ ആൾക്കാർക്കൊക്കെ ഞാൻ ഉണ്ടാവണമെന്ന് നിർബന്ധം.

ആൾക്കാർ എന്നാൽ ഡയറക്റ്റർ ആണോ?

ഡയറക്ടർ ആണോ പ്രൊഡ്യൂസഴ്സ് ആണോ എന്നെനിക്കറിയില്ല. 'അവർക്ക്' എന്ന് മാത്രമേ ഞാൻ കേട്ടുള്ളൂ. (പൊട്ടിച്ചിരിക്കുന്നു). ഞാൻ അത് ചെയ്യണം എന്നവർക്ക് ആഗ്രഹമുള്ളത് കാരണം വെയിറ്റ് ചെയ്യുന്നു.എന്നാൽ നടൻ ശ്രീനിവാസന് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ വാർത്തകൾ കേൾക്കുമ്പോൾ എങ്ങനെ പ്രതികരിക്കുന്നു?

അത് ഇല്ലാത്ത വാർത്തയാണ്. ഞാൻ പ്രതികരിക്കാറേയില്ല. ഇത് കൊണ്ടൊന്നും എനിക്കൊന്നും സംഭവിക്കുന്നില്ലല്ലോ. ഞാൻ അങ്ങ് മരിച്ചു പോയാലും എനിക്കൊന്നും സംഭവിക്കില്ല. ഈ ലോകത്തിലൊന്നും സംഭവിക്കില്ല. അതൊന്നും ഒരു വിഷയമല്ല.

ആരോഗ്യ സംബന്ധിയായ വിഷയങ്ങൾ സംസാരിച്ചപ്പോൾ മുൻപ് വിവാദമായിട്ടുണ്ട്

കീമോ എന്നാൽ അതിനെപ്പറ്റി പഠിച്ച ആൾക്കാർ പറയുന്നത്, കീമോ ഒരു തവണ ചെയ്താൽ രണ്ടാമതും വരും എന്ന് ഉറപ്പാണെന്നതാണ്. യുദ്ധത്തിൽ പടയാളികൾ പരാജയപ്പെട്ട് തിരിച്ചു പോയാൽ, പിന്നീട് അവർ വരുന്നത് കൂടുതൽ ആക്രമിക്കാനുള്ള കരുത്തുമായിട്ടായിരിക്കും എന്നാണ്. അതുപോലെയാണ് രണ്ടാമതും കാൻസർ വരുന്നത്. ഒരു തവണ പരാജയപ്പെട്ടാൽ രൂക്ഷമായിട്ടാവും തിരികെ വരിക. കാൻസർ ഇന്സ്ടിട്യൂട്ടിനേക്കാളും, കാൻസർ വരാതിരിക്കാനുള്ള ഭക്ഷണം കിട്ടാനുള്ള സംവിധാനം ഉണ്ടാകുകയാണ് ഗവണ്മെന്റ് ആദ്യം ചെയ്യേണ്ടത്. രാസവളവും കീടനാശിനിയും അവസാനിപ്പിക്കേണ്ടതാണ്. കാൻസർ ഇല്ലാതെയാവാൻ, ഇത്രെയും പൈസ ആവില്ല.

കുട്ടിമാമയിൽ നിന്നും


പഴയ തളത്തിൽ ദിനേശൻ പുതിയ സിനിമയിൽ വരുമ്പോൾ എങ്ങനെ?

എന്റെ സിനിമയിൽ (വടക്കുനോക്കിയന്ത്രം) ഒന്നും ഉള്ള ക്യാരക്റ്റർ അല്ല അത്. നിവിൻ പോളിയുടെ അച്ഛൻ വേഷം എന്നാണ് എന്നോട് പറഞ്ഞത്. തലത്തിൽ ദിനേശന്റെ അച്ഛൻ. അമ്മയെ മാത്രമല്ലേ അന്ന് കാണിച്ചിരുന്നുള്ളൂ. അപ്പൊ ഇത് പുതിയ കഥാപാത്രമാണ്.

വിനീതുമായി ഒന്നിച്ചിട്ട് കുറച്ചു നാളായി. അടുത്ത പ്രൊജക്റ്റ് എന്തെങ്കിലും?

ഈ സിനിമയിൽ വിനീത് രണ്ട് പാട്ടു പാടിയിട്ടുണ്ട്. ഒരു കഥയിങ്ങനെ ഉണ്ടായി വരുന്നു. ഞാനും, വിനീതും, ധ്യാനും ഒന്നിക്കുന്നൊരു കഥ മോഹനൻ (സംവിധായകൻ എം.മോഹനൻ) ആലോചിക്കുന്നുണ്ട്. മനോജ് രാംസിംഗ് ആണ് സ്ക്രിപ്റ്റ് എഴുതാൻ സാധ്യത. മോഹനനാണ് ഡയറക്റ്റർ. അത് ഈ വർഷമാണോ, അടുത്ത വർഷമാണോ എന്നെനിക്കറിയില്ല.

First published: May 16, 2019, 7:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading