• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

EXCLUSIVE: മാമാങ്കം, പുറത്താക്കലിന്റെ മഹാമഹം

news18india
Updated: January 8, 2019, 5:40 PM IST
EXCLUSIVE: മാമാങ്കം, പുറത്താക്കലിന്റെ മഹാമഹം
news18india
Updated: January 8, 2019, 5:40 PM IST
മമ്മൂട്ടിയുടെ ബ്രഹ്‌മാണ്ഡ ചിത്രം മാമാങ്കത്തിൽ പുറത്താക്കലുകളുടെ മഹാമഹം. ധ്രുവന് തൊട്ടു പിന്നാലെ ടെക്നിക്കൽ വിഭാഗത്തിൽ നിന്നും മൂന്നു പേർ കൂടി പുറത്തായിരിക്കുന്നതാണ് ഏറ്റവും ഒടുവിലത്തെ വിവരം. തെന്നിന്ത്യൻ ഛായാഗ്രാഹകൻ ഗണേഷ് രാജവേലു, ആർട് ഡയറക്റ്റർ സുനിൽ ബാബു, കോസ്റ്യൂം ഡിസൈനർ അനു വർദ്ധൻ എന്നിവരാണ് ചിത്രത്തിന്റെ അണിയറയിൽ നിന്നും പുറത്തു പോയവർ. സംവിധായകനായി സജീവ് പിള്ള തന്നെ തുടരുമെങ്കിലും ചീഫ് അസ്സോസിയേറ്റ് എന്ന പദവിയിൽ സംവിധായകൻ എം.പദ്മകുമാർ ആവും ചിത്രത്തെ മുന്നോട്ടു നയിക്കുക.

തന്നെ ഒഴിവാക്കിയത് സ്ഥിരീകരിച്ച്‌ ഗണേഷ് ന്യൂസ് 18 കേരളത്തോട് സംസാരിച്ചു. "ചിത്രത്തിന്റെ ഭാഗമല്ലെന്നവർ എന്നെ അറിയിച്ചു. ചെന്നൈയിൽ ഉള്ള സൗത്ത് ഇന്ത്യ സിനിമാട്ടോഗ്രാഫേഴ്സ് അസോസിയേഷനിൽ പരാതിപ്പെട്ടിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ടവരോട് അവർ സംസാരിക്കും," ഗണേഷ് പറയുന്നു. വിജയ്-മോഹൻലാൽ ചിത്രം ജില്ലക്ക് ക്യാമറ ചലിപ്പിച്ച വ്യക്തിയാണ് ഗണേഷ്.

മാമാങ്കത്തിൽ നിന്നും ധ്രുവൻ പുറത്ത്, ഒപ്പം സംവിധായകനും?

ആർട് ഡയറക്ടർ സുനിൽ ബാബു അധികം കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. "എൻ്റെ ജോലി ഞാൻ ചെയ്തു കഴിഞ്ഞു.  ചിത്രത്തിന്റെ കുറച്ചു വർക്ക് കൂടി ബാക്കിയുണ്ട്. അതേക്കുറിച്ച്‌ എന്നോടൊന്നും സംസാരിച്ചിട്ടില്ല. ഞാൻ ചിത്രത്തിൽ നിന്നും മാറിയിട്ടുണ്ട് ," സുനിൽ പറയുന്നു. ഗജനി, ധോണി ജീവിത ചിത്രം 'എം.എസ്. ധോണി, ദി അൺടോൾഡ് സ്റ്റോറി' തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ കലാ സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.

അശോക, ബില്ല, കബാലി എന്നീ ചിത്രങ്ങൾക്ക് വേഷവിധാനം ഒരുക്കിയ അനുവും പുറത്തേക്കാണ്. അടുത്ത ദിവസം തിയേറ്ററുകളിലെത്തുന്ന തല അജിത് ചിത്രം വിശ്വാസത്തിലും ഇവർ ഭാഗമാണ്.

ബിസ്സിനെസ്സുകാരനായ വേണു കുന്നപ്പള്ളിയെന്ന നിർമ്മാതാവ് 40 കോടി മുതൽമുടക്കിൽ ഈ മമ്മൂട്ടി ചിത്രം നിർമ്മിക്കുമെന്നായിരുന്നു ധാരണ. എന്നാൽ 14 കോടി മുതൽമുടക്കിൽ നടന്ന ഇതുവരെയുള്ള ചിത്രീകരണം ഒഴിവാക്കി ആദ്യം മുതൽ തുടങ്ങാനായി പിന്നീട് പദ്ധതി. ധ്രുവൻ പുറത്തായ വാർത്തക്ക് തൊട്ടു പിന്നാലെയാണ് സംവിധായകന്റെ കാര്യത്തിലും സംശയം പ്രകടിപ്പിച്ച റിപ്പോർട്ടുകൾ വരുന്നത്. ഈ വർഷം ആദ്യം ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ ഭാഗമായതായും വാർത്തയായി.

1999 മുതൽ ചിത്രത്തിനായി ഗവേഷണം നടത്തിവരികയായിരുന്നു സജീവ് പിള്ള. ഇതിനായി മാമാങ്കത്തിന്റെ നാടായ തിരുനാവായയിലും പെരിന്തല്മണ്ണയിലും താമസിക്കുകയും, ചരിത്രകാരന്മാരുമായി സംവദിക്കുകയും ചെയ്തു. വൻ അഴിച്ചുപണി നടക്കുന്ന ചിത്രത്തിലെ വിശേഷങ്ങൾ ചലച്ചിത്ര മേഖലയും പ്രേക്ഷകരും അത്ഭുതത്തോടെയാണ് ഏറ്റു വാങ്ങുന്നത്.
Loading...

First published: January 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...