#മീര മനു
കുറച്ചു നാളുകളായി കുഞ്ചാക്കോ ബോബൻ ചിത്രത്തിന് പോകുന്നു എന്ന് കേൾക്കുമ്പോൾ, 'നന്മ നിറഞ്ഞവൻ ചാക്കോച്ചൻ' പടത്തിനാണോ എന്ന് പലരും ചോദിച്ചു പോകുമായിരുന്നു. കഴിഞ്ഞ ഒരു വർഷം മുഴുവനും ഇറങ്ങിയ ചാക്കോച്ചൻ ചിത്രങ്ങളുടെ രീതി തന്നെയാണ് ഈ ചോദ്യത്തിന് കാരണം. കുട്ടനാടൻ മാർപ്പാപ്പയിൽ തുടങ്ങിയ പാറ്റേൺ അൽപ്പം മാറിയത് 2018 അവസാനം പുറത്തു വന്ന തട്ടുമ്പുറത്തു അച്യുതനിലാണ്. പക്ഷെ 2019 ലെ തുടക്കം തന്നെ 'ഒരു വരവ്' നടത്തിയിരിക്കുകയാണ് ചാക്കോച്ചൻ, അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിലൂടെ.
ഫസ്റ്റ് ലുക്കിൽ പോലും ചാക്കോച്ചൻ കഥാപാത്രത്തെ ആർക്കും കൃത്യമായി ഊഹിക്കാൻ പറ്റാത്ത വിധമുള്ള പഴുതടക്കൽ നടത്തിയിരുന്നു ഈ ബിലഹരി ചിത്രം. കലിപ്പ് മൂടിലെ ഇരിപ്പും, നോട്ടവും, ചിത്രത്തിന്റെ പേരിലെ സൂചനയും കണ്ട് പ്രേക്ഷകർ ചിന്തിച്ചതെന്താണോ, അതിൽ നിന്നും ദൂരങ്ങൾ പലതുണ്ട് യഥാർത്ഥ അള്ള് രാമേന്ദ്രനിലേക്ക്. രാമേന്ദ്രൻ എന്ന രാമചന്ദ്രൻ ഒരു പൊലീസുകാരനാണ്. ജീപ്പിനു തുടരെത്തുടരെ കിട്ടുന്ന അള്ള്, പോലീസ് ഡ്രൈവർ ആയ രാമേന്ദ്രന് തീരാ തലവേദനയാവുകയാണ്. ആരോ പതുങ്ങിയിരുന്ന് ഒപ്പിക്കുന്ന ഈ 'പണി' രാമേന്ദ്രന്റെ ജീവിതത്തെയും, തൊഴിലിനേയും ഒരുപോലെ ബാധിക്കുന്നു. ഒടുവിൽ സഹികെട്ട രാമേന്ദ്രൻ, 'കുറ്റവാളിയെ' ഒറ്റയ്ക്ക് കണ്ടെത്താൻ ശ്രമിക്കുന്നതും, അതിനു പിന്നിലെ കഥകളുമാണ് അള്ള് രാമേന്ദ്രനെന്ന ചിത്രം.
സംഗതി ടയറിന്റെ കാറ്റ് പോകുന്ന കഥയാണ് പറയുന്നതെങ്കിലും, ആ സ്വഭാവം തിരക്കഥക്കില്ലെന്നതാണ് അള്ള് രാമേന്ദ്രന്റെ പ്രത്യേകതയും, പ്രേക്ഷകർക്ക് ആശ്വാസവും. കുറ്റം ചെയ്യൽ, കണ്ടെത്തൽ, പ്രതികാരം ഫോർമുലയെ ഇത്ര മേന്മയോടെ അവതരിപ്പിക്കാൻ ആവുമോയെന്ന് ഒരു നവാഗത സംവിധായകൻ ആദ്യ ചിത്രത്തിൽ തന്നെ പരീക്ഷിച്ചു എന്ന കാര്യത്തിന് സംവിധായകൻ ബിലഹരി പ്രശംസയർഹിക്കുന്നു. എത്ര വിമർശനാത്മകമായ കണ്ണുകളോടെ നോക്കിയാലും, ഇതിൽ എവിടെയും ടയറിൽ അള്ള് തറക്കുമ്പോൾ സംഭവിക്കാവുന്നപോലെ ഒരു തുള എങ്കിലും കണ്ടെത്തുക പ്രയാസമാകും.
പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ചാക്കോച്ചൻ ഒരു ചിത്രത്തിൽ തന്നെ വ്യത്യസ്ത ഭാവങ്ങൾ, തീർത്തും ഗൗരവത്തോടെ അവതരിപ്പിക്കുന്നുവെന്നത് ശ്രദ്ധേയം. അള്ള് രാമേന്ദ്രൻ എന്ന വിളിപ്പേരിലൂടെ ജീവിതം തന്നെ മാറി മറിയുമ്പോൾ, അതുവരെയുള്ള രാമേന്ദ്രനിൽ നിന്നുമുള്ള കൂടുമാറ്റം വളരെ അനായാസേന കൈകാര്യം ചെയ്യുകയാണ് ചാക്കോച്ചൻ.
വലിയ ഇടവേളയ്ക്കു ശേഷം സലിം കുമാർ ഹാസ്യ കഥാപാത്രങ്ങളിലേക്ക് മടങ്ങി വന്നെങ്കിലും, പഴയ ഭാവത്തിൽ അദ്ദേഹത്തെ അതേപടി ഈ ചിത്രത്തിൽ കാണാം. എന്നാൽ അതിനു ചേരും വിധം കുറച്ചു കൂടി ഹാസ്യ നിമിഷങ്ങൾ ഉൾപ്പെടുത്താമായിരുന്നു എന്ന തോന്നൽ ഇല്ലാതെയില്ല. ഒരുപക്ഷെ പോരായ്മകളെ തുടച്ചു മാറ്റി പടുത്തുയർത്തിയ സ്ക്രിപ്റ്റിൽ ഒന്നും മുഴച്ചു നിൽക്കരുതെന്ന ചിന്തക്ക് ശേഷം ഒഴിവാക്കിയതാവാം. നേരം, പ്രേമം ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ കൃഷ്ണ ശങ്കറിനും സ്‌ക്രീനിലുടനീളം നിറഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രം നൽകി അഭിനയ സാധ്യതകളെ കൂടുതൽ പ്രകടിപ്പിക്കാൻ അവസരം നൽകിയിട്ടുണ്ട്. ഒരു വീട്ടിലെ എല്ലാ പ്രായക്കാരെയും ഒരു പോലെ തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യം ഈ ചിത്രം ഒരുക്കിയവർക്കുള്ളതായി കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.