• HOME
 • »
 • NEWS
 • »
 • film
 • »
 • And the Oskar Goes To review: സിനിമ നെഞ്ചേറ്റിയ ഓരോ ഇസഹാക്ക്മാരുടെയും ജീവിതം

And the Oskar Goes To review: സിനിമ നെഞ്ചേറ്റിയ ഓരോ ഇസഹാക്ക്മാരുടെയും ജീവിതം

Review of the film And the Oskar Goes To | അടിക്കടി സിനിമകൾ ചെയ്യുന്ന ടൊവിനോ തോമസ്, ലഭിക്കുന്ന ഓരോ കഥാപാത്രത്തിനും പുതുജീവനേകി അവതരിപ്പിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇസഹാക്ക്

 • Last Updated :
 • Share this:
  #മീര മനു

  ഓരോ ചലച്ചിത്ര മേളയുടെയും വെള്ളവെളിച്ചത്തിലും, ഇടനാഴിയിലും, ഇടവഴികളിലും, കോണിപ്പടികളിലും പല മുഖമുള്ള ഇസഹാക് ഇബ്രാഹിംമാരുണ്ട്. ഇസഹാക്കിനെ പോലെയുള്ളവർ, ഇസഹാക്ക് ആവാൻ പരിശ്രമിക്കുന്നവർ, ഇസഹാക്കിനെ ജീവിതപാഠം ആക്കിയവർ, പിന്നെ ഇസഹാക്കുമാരും. അതിനു ഇസഹാക്ക് ആരെന്ന് അറിഞ്ഞേ മതിയാവൂ. സിനിമ പ്രാണവായു ആക്കിയ ഒരാൾ ആണ് ഈ ചെറുപ്പക്കാരൻ. കണ്ണൂരുകാരൻ. സിനിമാ മോഹവുമായി കേരളത്തിലെ കോടമ്പാക്കമായ കൊച്ചിയിൽ എത്തിയവൻ. ഇങ്ങനെയാണ് നമ്മൾ ഇസഹാക്കുമാരെ കണ്ടെത്തുന്നത്. ഇവിടെ ആൻഡ് ദി ഓസ്കർ ഗോസ് ടുവിലെ നായകൻ ആണയാൾ.

  Read: And the Oskar Goes To review: first half: ആദ്യ പകുതി ഇവിടെ വരെ

  തലക്കെട്ട് കേട്ട്, വൺ ലൈനർ ചേർത്തു വച്ച്, സിനിമ സാക്ഷാത്കരിച്ച് വിജയശ്രീലാളിതനായി വരുന്ന യുവാവിനെ പ്രതീക്ഷിച്ചാണ് കയറുന്നത് എങ്കിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് കൊണ്ട് വരുന്നിടത്താണ് ഈ ടൊവിനോ ചിത്രത്തിന്റെ വിജയം. എന്നാലിത് ഒരു സിനിമാ മോഹിയുടെ പ്രയാണം ആണോ എന്ന് ചോദിച്ചാൽ തീർത്തും തറപ്പിച്ചൊരു 'അതെ' പറയാനും ആവില്ല. കഷ്ടപ്പാടുകൾ സഹിച്ച് സിനിമ എടുത്ത ആൾ തന്നെയാണ് ഇസഹാക്. എന്നാൽ ഒരു സ്വപ്ന സാക്ഷാത്ക്കാരം, തന്റെ ചിത്രം ഓസ്കർ വേദിയിൽ എത്തുന്നതിന്റെ വിജയം അരികിലെത്തി നിൽക്കുന്ന ശേഷം ഒരു കന്നിസംവിധായകന് ഉണ്ടാവുന്ന മാനസിക സംഘർഷങ്ങൾ അവതരിപ്പിക്കുന്നിടത്താണ് ഈ ചിത്രം ശ്രദ്ധ കേന്ദ്രീകരിച്ചതും ഇതിനെ തീർത്തും പുതുമ നിറഞ്ഞൊരു ആഖ്യാനമാക്കി സലിം അഹമ്മദ് അവതരിപ്പിക്കുന്നതും. ആദാമിന്റെ മകൻ അബുവിനെ ചലച്ചിത്ര ഭാഷ്യം ആക്കിയ സലിം തികച്ചും വ്യത്യസ്തമായ ഒരു പ്രമേയം ഇവിടെ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.  അടിക്കടി സിനിമകൾ ചെയ്യുന്ന ടൊവിനോ തോമസ്, ലഭിക്കുന്ന ഓരോ കഥാപാത്രത്തിനും പുതുജീവനേകി അവതരിപ്പിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇസഹാക്ക്. ഉയരെയിലെ ബിസിനസ്സ്മാൻ വിശാൽ രാജശേഖരനും, വൈറസിലെ ജില്ലാ കളക്ടർക്കും ശേഷം വരുന്ന ഇസഹാക്ക് ഒട്ടും തന്നെ ഇക്കാര്യത്തിൽ നിരാശപ്പെടുത്തില്ല. ഏതു വേഷവും തനിക്കിണങ്ങും എന്ന് തെളിയിച്ചു മലയാളി പ്രേക്ഷകർ ഏറ്റവും അധികം സ്നേഹിക്കുന്ന പദവിയായ ജനപ്രിയ നായകൻ പരിവേഷത്തിലേക്കാണ് ടൊവിനോയുടെ കുതിപ്പെന്ന് ഈ പോക്ക് കണ്ടാൽ അനുമാനിക്കാം. അതുകൊണ്ടു തന്നെ ഈ സിനിമ 'സ്ട്രഗ്ലിങ് ഫിലിംമേക്കർ' രൂപത്തിൽ മുൻപിറങ്ങിയ 'സെല്ലുലോയ്ഡ്', 'ഉദയനാണ് താരം', 'സീൻ ഒന്ന് നമ്മുടെ വീടോ' ആയി പരിണമിക്കാതെ സ്ക്രിപ്റ്റിന്റെ പിൻബലത്തോട് കൂടി ഇസഹാക്കിനെ ഭദ്രമായി പ്രേക്ഷക സമക്ഷം എത്തിക്കാൻ ടൊവിനോ എന്ന നടന് സാധ്യമായി.

  ബ്രിട്ടീഷ് ഇന്ത്യക്കാലത്തെ കഥകൾക്ക് ശേഷം നല്ലവരായ സായിപ്പുമാർ എന്ന് ബഹുപൂരിപക്ഷം സിനിമകളും പറഞ്ഞു വച്ച വിദേശികളുടെ യഥാർത്ഥ മുഖത്തിന്റെ ഒരു ഭാഗം വരച്ചു കാട്ടാനും അത് കാരണം ഒരു അന്യദേശക്കാരൻ അനുഭവിക്കേണ്ടി വരുന്ന മാനസിക വ്യഥയിലേക്ക് കൂട്ടിക്കൊണ്ടു പോകാനും ഈ സലിം അഹമ്മദ് സൃഷ്ടി ശ്രദ്ധിക്കുന്നുണ്ട്.
  സംവിധായകന്റെ വിശ്വസ്ത യാത്രികനായ സലിം കുമാർ അബുവിന്റെ കണ്ണുകളിലെ തീക്ഷ്ണതയുമായി ആൻഡ് ദി ഓസ്കർ ഗോസ് ടുവിലും നിറഞ്ഞു നിൽക്കുന്നു. അപ്പാനി ശരത്, സിദ്ധിഖ്, ശ്രീനിവാസൻ, ലാൽ, അനു സിതാര തുടങ്ങിയവർ നൽകുന്ന പിന്തുണയും ഈ സിനിമയിൽ നിർണ്ണായകമാവുന്നു.

  First published: