• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

'അടിക്കാൻ വന്നാൽ തിരിച്ചടിക്കാൻ കെൽപ്പുണ്ട്'

news18india
Updated: November 7, 2018, 4:34 PM IST
'അടിക്കാൻ വന്നാൽ തിരിച്ചടിക്കാൻ കെൽപ്പുണ്ട്'
news18india
Updated: November 7, 2018, 4:34 PM IST
#മീര മനു

ഏറ്റവും പുതിയ ചിത്രം പ്രേക്ഷകകർക്കു മുന്നിൽ എത്തുന്നതിനും, അടുത്ത ചിത്രത്തിന്റെ തിരക്കുകളിലേക്ക് വ്യാപിക്കുന്നതിനും ഇടയിലുള്ള ചെറിയ ഇടവേളയിലാണ് അനു സിതാര. ടൊവിനോ ചിത്രമായ ആൻഡ് ദി ഓസ്കാർ ഗോസ് ടുവിന്റെ രണ്ടാം ഷെഡ്യൂളിൽ അനുവിന്റെ രംഗങ്ങൾ നാളെ തുടങ്ങുകയാണ്. പിന്നെയും ഒരു ദിവസം കൂടി കഴിഞ്ഞാൽ ഒരു കുപ്രസിദ്ധ പയ്യനിൽ ജലജയുടെ വേഷമണിഞ്ഞു അനു തിയേറ്ററുകളിലേക്കും.

അനുവിന്റെ അടുത്തിടെയുള്ള കഥാപാത്രങ്ങളിലൂടെയൊന്നു തിരിഞ്ഞു നോക്കാം. ക്യാപ്റ്റനിലെ ക്യാപ്റ്റൻ സത്യന്റെ ഭാര്യ അനിത, ഭർത്താവിന്റെ ഇഷ്ടങ്ങൾക്കു സ്വന്തം കാര്യങ്ങളെ ഒരു പുഞ്ചിരിയോടുകൂടി മാറ്റി വയ്ക്കുന്നവളാണ്. ഒടുവിൽ വിധിക്കു മുൻപിൽ പകച്ചു നിൽക്കാൻ വിധിക്കപ്പെട്ടവൾ. കുട്ടനാടൻ ബ്ലോഗിലെ ഹേമ ചതിയിൽപ്പെട്ടു കണ്ണീർ വീഴ്‌ത്തുന്ന പെൺകുട്ടിയാണ്. പടയോട്ടത്തിൽ അതിഥി വേഷമെങ്കിലും, നായകൻറെ വീരപരാക്രമങ്ങൾ ഊട്ടിയുറപ്പിക്കുന്നതിൽ ഒരു പങ്കു വഹിച്ചു നിമിഷ നേരം കൊണ്ട് സ്‌ക്രീനിൽ നിന്നും മറയുന്ന ടീച്ചറാണ് അനു. ജോണിയെന്ന സ്നേഹിതന്റെ മണവാട്ടിയാകുകയെന്നത് സ്വപ്നം കാണുന്ന ജെയ്‌സയാണ് ജോണി ജോണി യെസ് അപ്പയിൽ.
Loading...

ഒരു പാവം പെൺകുട്ടി ഇമേജിൽ നിന്നും അനുവിനെ തന്റേടിയായ അവതരിപ്പിക്കുന്ന കഥാപാത്രമാവും ഒരു കുപ്രസിദ്ധ പയ്യനിലെ ജലജ. വേണ്ടി വന്നാൽ ഒന്ന് പൊട്ടിക്കാൻ പോലും തയ്യാർ. കാമുകൻ കഥാപാത്രത്തെ പ്രതിസന്ധികളിൽ തുണയ്ക്കുന്നവൾ."ജലജ ചിത്രത്തിൽ കുറച്ചു നേരമേയുള്ളൂ. പക്ഷെ കഥാപാത്രത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വലുതാണ്. ഹോട്ടലിനു പുറകിലെ ജോലിക്കാരി. സമ്പാദിക്കുന്ന പണം കൊണ്ട് കുടുംബം നോക്കുന്ന വ്യക്തിയാണ് ജലജ. ആ ഉപജീവനമാർഗം നൽകുന്ന തന്റേടം ജീവിതത്തിൽ പ്രായോഗികമാക്കുന്ന വ്യക്തി. അജയനെ (ടൊവിനോ) എപ്പോഴും പിന്തുണയുമായി ഒപ്പമുണ്ടാകും. നീ എന്തിനാ പേടിക്കുന്നെ, ഞാൻ ഇല്ലേ കൂടെ എന്ന് ധൈര്യം പകരുന്ന അവന്റെ ഊർജത്തിന്റെ ഉറവിടമാണവൾ. അടിക്കാൻ ആരെങ്കിലും വന്നാൽ തിരിച്ചടിക്കാൻ കെൽപ്പുള്ള കഥാപാത്രമാണ്," കഥാപാത്രത്തെക്കുറിച്ചു അനു വാചാലയാവുന്നു.

ഇതു വരെ കണ്ട വേഷങ്ങളും, പ്രത്യേകിച്ച് ജെയ്‌സയിൽ നിന്നും, കാതങ്ങൾ ദൂരെയാണ് ജലജ. എന്തു കൊണ്ടങ്ങനെ? "ഓരോ സിനിമയും ഞാൻ സ്ക്രിപ്റ്റ് നോക്കി ഇഷ്ട്ടപ്പെട്ടിട്ടാണെടുക്കുന്നത്. ഒരിക്കലും ഇഷ്ടപ്പെടാതെ ഒരു ക്യാരക്റ്ററും ചെയ്തിട്ടില്ല. ജെയ്‌സയോട് എനിക്ക് ഒരടുപ്പം തോന്നി. ഇതുവരെ ചെയ്തതിൽ നിന്നും നോക്കുമ്പോൾ കുറച്ചു കൂടെ ഹ്യൂമർ കൈകാര്യം ചെയ്യുന്ന കഥാപാത്രമാണ്. എല്ലാ തരത്തിലെ ക്യാരക്റ്റേഴ്‌സും ചെയ്യണമല്ലോ, എപ്പോഴും ഒരേ രീതിയിലെ കഥാപാത്രങ്ങൾ ചെയ്യണമെന്ന വാശി ഇല്ല."

തമിഴ് ഫാൻസിന് ആശംസയില്ലേ? ആരാധികയെ ഞെട്ടിച്ച്‌ പൃഥ്വിരാജ്

സ്ക്രീനിലെ അനിതയാവാനായി, ജീവിതത്തിലെ അനിതക്കൊപ്പമിരുന്നു കഥാപാത്രത്തെ മനസ്സിലാക്കി ക്യാമറക്കു മുന്നിൽ അവതരിപ്പിച്ച അഭിനേത്രിയാണ് അനു. ജലജയെ എവിടുന്നു പഠിച്ചു? ജീവിതത്തിലെ ജലജയെയും സംവിധായകനെയും പറ്റി അനു പറയുന്നു.

"മധു ചേട്ടനോട് (സംവിധായകൻ മധുപാൽ) ചോദിച്ചപ്പോൾ അങ്ങനെ ഒരാളുണ്ടെന്നു പറഞ്ഞു. ഷൂട്ട് ചെയ്യാൻ പോകുന്ന ഹോട്ടലിന്റെ പിറകിൽ ഒരു ചേച്ചിയുണ്ട്. എന്റെ പിരിമുറുക്കം കുറയ്ക്കാനുള്ള, ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള കാര്യങ്ങൾ മധു ചേട്ടൻ അവിടെ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. കാര്യങ്ങൾ വ്യക്തതയോടെ പറഞ്ഞു തരാറുണ്ട്. മധുപാൽ സാറിന്റേതെന്നു പറയുമ്പോൾ, ഒന്നുമില്ലാത്ത സിനിമയല്ല. ശരണ്യ മാഡം കുറെ കാലത്തിനു ശേഷം മലയാളത്തിൽ വരുന്നത് ആ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടത് കൊണ്ടാവും. എല്ലാവരും നല്ല പിന്തുണ നൽകിയത് കൊണ്ട് എനിക്ക് വലിയ ബുദ്ധിമുട്ട് തോന്നിയില്ല,"

ടൊവിനോക്കൊപ്പം രണ്ടു ചിത്രങ്ങളിലെ നായികയാണ് അനു. ആൻഡ് ദി ഓസ്കാർ ഗോസ് ടുവിലെ നായകനും ടൊവിനോയാണ്. കഥാപാത്രത്തിനുവേണ്ടി അത്രമേൽ സ്വയം സമർപ്പിക്കുന്ന വ്യക്തി എന്നാണു ടോവിനോയെക്കുറിച്ചു അനുവിന്റെ അഭിപ്രായം."വളരെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള നടനാണ് ടൊവിനോ ചേട്ടൻ. കാളയ്‌ക്കൊപ്പമുള്ള സംഘട്ടന രംഗത്തിൽ കണ്ണിൽ മുറിവുണ്ടെന്നൊക്കെ ലൊക്കേഷനിൽ നിന്നും അറിഞ്ഞിരുന്നു. കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ്.കൂടെ വർക്ക് ചെയ്യുമ്പോൾ അത്രയ്ക്ക് സപ്പോർട്ട് തരുന്നുമുണ്ട്."

സിനിമയിൽ ഒത്തിരി ചുംബന രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ട ടൊവിനൊക്കൊപ്പമുള്ള ചിത്രത്തിലെ അനുവിന്റെ പോസ്റ്റർ ട്രോളുകാർ വെറുതെ വിട്ടില്ല. അതിനന്നു തന്നെ തക്ക മറുപടിയും കൊടുത്തിരുന്നു അനു. "ട്രോൾ ഭയങ്കര തമാശയായി എടുക്കുന്നയാളാണ് ഞാൻ. അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ഇഷ്ടപ്പെട്ടാൽ ആണെന്നും ഇല്ലെങ്കിൽ ഇല്ലെന്നനും തന്നെ പറയും."പിന്നെ ട്രോളുകളോടു ഒരു വൈകാരിക ബന്ധമുള്ളതിങ്ങനെ. "ഞാൻ ഫേമസ് ആയതു ട്രോളിലൂടെയാണ്. ഹാപ്പി വെഡിങ് (ആദ്യ ചിത്രം) എന്ന സിനിമ റിലീസ് ആയ ശേഷം തേപ്പുകാരിയെന്നാണ് ട്രോളേഴ്‌സ് എന്നെ വിശേഷിപ്പിച്ചത്. ആ തേപ്പുകാരി ആരെന്നു ചോദിച്ചു ആളുകൾ അറിയാൻ തുടങ്ങിയത് അതുകൊണ്ടാണ്. ട്രോൾ ജനങ്ങളുടെ പ്രതികരണമാണ്. അതിനെ അതിന്റേതായ രീതിയിൽ എടുക്കുന്നു. ചില കാര്യങ്ങളോട് ഞാൻ പ്രതികരിക്കാറുണ്ട്, ഇല്ലെങ്കിൽ ഗൗനിക്കാറില്ല."

എന്നാൽ അനു പ്രതികരണ ശേഷി സ്വിച്ചോഫ് ചെയ്തു ജീവിക്കുന്ന വ്യക്തിയെന്ന് കരുതാൻ വരട്ടെ. കുറച്ചു നാളുകൾക്കു മുൻപു അനുവിന്റെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിച്ചവരെ കണ്ണിൽപ്പെട്ടയുടനെ കയ്യോടെ പിടികൂടിയിരുന്നു. "ഹസ്ബൻഡ് അവരെ ബന്ധപ്പെട്ടു ആ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ പറഞ്ഞു, അവരതു ഡിലീറ്റ് ചെയ്യുകയും ചെയ്തു. അതങ്ങനെ അവസാനിച്ചു."

'ദയ ബായി' വരുന്നു ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

സലിം അഹ്‌മദ്‌ സംവിധാനം ചെയ്യുന്ന ആൻഡ് ദി ഓസ്കാർ ഗോസ് ടുവിൽ ചാനലിൽ പ്രോഗ്രാം പ്രൊഡ്യൂസറാണ് അനുവിന്റെ കഥാപാത്രം. ടൊവിനോയെ ജീവിതത്തിൽ പിന്തുണയ്ക്കുന്ന വ്യക്തിയായാണ് ഇവിടെയും. കുപ്രസിദ്ധ പയ്യന്റെ ഷൂട്ട് കഴിഞ്ഞയുടൻ ഓസ്കാർ ഗോസ് റ്റു ആരംഭിക്കുകയായിരുന്നു.

മലയാളി നടിമാർ മറ്റു ഭാഷകളിൽ ചെക്കറുമ്പോൾ അനു ഈ നാട്ടിൽ, തനിക്കിണങ്ങുന്ന വേഷങ്ങളുമായി 'തനി നാടൻ പെൺകുട്ടിയായി' സംതൃപ്ത ജീവിതം നയിക്കുന്നു. മലയാളം വിട്ടു മറ്റൊരു ഭാഷയിൽ പോകണമെങ്കിൽ അനുവിനെ അത്ര കണ്ടു സ്വാധീനിക്കുന്ന സ്ക്രിപ്റ്റിനെ പറ്റൂ. "അങ്ങനെ ഒരു വിളി വന്നിട്ടില്ല. പ്രേക്ഷകർ നമ്മളിൽ നിന്ന് എന്താണോ ഇഷ്ടപ്പെടുന്നത്, അത് ഞാനും ഇഷ്ടപ്പെടുന്നു. അങ്ങനത്തെ സിനിമകൾ ചെയ്യാനും ഇഷ്ടമാണ്. ഇപ്പോൾ ഉള്ളത് കൊണ്ട് ഞാൻ ഹാപ്പിയാണ്. ആഗ്രഹിച്ചതൊക്കെ ഏകദേശം സാധിച്ചു. ഇനി കിട്ടുന്നതെല്ലാം ബോണസ്സാണ്."

First published: November 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍