• HOME
 • »
 • NEWS
 • »
 • film
 • »
 • 23 വർഷത്തിനപ്പുറം കമലഹാസന്റെ ഇന്ത്യൻ വീണ്ടും വരുമ്പോൾ

23 വർഷത്തിനപ്പുറം കമലഹാസന്റെ ഇന്ത്യൻ വീണ്ടും വരുമ്പോൾ

As Kamal Haasan movie Indian makes a return after 23 years | കാലത്തിനും സാങ്കേതിക സംവിധാനങ്ങൾക്കും സാഹചര്യങ്ങൾക്കും വന്ന മാറ്റത്തെപ്പറ്റി വിശദമാക്കുകയാണ് സനുജ് സുശീലൻ

ഇന്ത്യൻ-2വിൽ കമൽ ഹാസൻ

ഇന്ത്യൻ-2വിൽ കമൽ ഹാസൻ

 • Last Updated :
 • Share this:
  രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം കമൽ ഹാസൻ നായകനായ 'ഇന്ത്യൻ' ചിത്രത്തിന് രണ്ടാം പത്തിപ്പൊരുങ്ങുന്നു. വർഷങ്ങൾക്കിപ്പുറം അത്തരമൊരു ചിത്രം വരുമ്പോൾ, കാലത്തിനും സാങ്കേതിക സംവിധാനങ്ങൾക്കും സാഹചര്യങ്ങൾക്കും വന്ന മാറ്റത്തെപ്പറ്റി വിശദമാക്കുകയാണ് സനുജ് സുശീലൻ. ഒരു ഫേസ്ബുക് പോസ്റ്റിൽ ചിത്രത്തിന്റെ രണ്ടാം വരവിൽ എന്തൊക്കെ മാറി എന്ന് പറയുന്നു സനുജ്. വിശദമായ പോസ്റ്റ് ചുവടെ:

  കൊല്ലത്ത് ചിന്നക്കടയിലെ ക്ലോക്ക് ടവറിനടുത്ത് പണ്ട് കുമാർ എന്നൊരു തീയറ്ററുണ്ടായിരുന്നു. പ്രശസ്ത വ്യവസായിയും ഒരു പിടി മികച്ച സിനിമകൾ നിർമിച്ച ജനറൽ പിക്‌ചേഴ്‌സിൻ്റെ സാരഥിയുമായ ശ്രീ. രവീന്ദ്രനാഥൻ നായർ എന്ന രവി മുതലാളിയുടേതായിരുന്നു ആ തീയറ്റർ. ഒരു ഉച്ചനേരത്ത് , മുകളിൽ ഒച്ചയോടെ കറങ്ങുന്ന ഫാനുകൾക്കു തണുപ്പിക്കാനാവാത്ത ചൂടിൽ, കുഷൻ പിടിപ്പിച്ച തടിക്കസേരയിലിരുന്നാണ് ആ മാറ്റിനി ഷോ കണ്ടത്. കമൽ ഹാസൻ അതുവരെ ചെയ്തിട്ടുള്ളതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വേഷത്തിലെത്തുന്ന സിനിമ എന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. വലിയ സുരക്ഷയിലാണ് ഷൂട്ടിംഗ് എന്നതുകൊണ്ടും പത്രക്കാരെയൊക്കെ മാറ്റി നിർത്തിയിരുന്നതുകൊണ്ടും എന്താണ് സിനിമയിലുള്ളത് എന്ന് ആർക്കും ഒരു പിടിയുമുണ്ടായിരുന്നില്ല. നാനായും വെള്ളിനക്ഷത്രവുമൊക്കെ അവരവരുടെ ഭാവന പോലെ എഴുതി വിട്ടുകൊണ്ടിരുന്ന വാർത്തകൾ വായിച്ചു എരിപിരി കൊണ്ടാണ് ഞാനും കസിനും തിരക്കിട്ട് അന്നാ സിനിമ കാണാൻ പോയത്. ശുഭ്ര വസ്ത്രധാരിയായി കോർപറേഷൻ ഓഫീസിലേയ്ക്ക് നടന്നു വരുന്ന ഒരു വയോവൃദ്ധൻ വെറും വിരലുകൾ ഉപയോഗിച്ച് കമ്മീഷണറെ തളർത്തി വീഴ്ത്തുന്നതും ബെൽറ്റിലെ പഴയ കത്തിയൂരി അയാളെ കുത്തി മലർത്തുന്നതിൽ നിന്നും ആരംഭിക്കുന്ന ആ സിനിമ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് കണ്ടു തീർത്തത്. പുതുമകളുടെയും കൗതുകങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു ആ സിനിമ.

  അസ്സൽ ഹോളിവുഡ് മേക്കപ്പ് 

  മാസ്ക് എന്ന പ്രശസ്തമായ ഹോളിവുഡ് ചിത്രത്തിലെ മേക്കപ്പിന് ഓസ്കർ അവാർഡ് നേടിയ മൈക്കിൾ വെസ്റ്റ്മോർ ആയിരുന്നു ഇതിലെ പ്രധാന കഥാപാത്രങ്ങളായ സേനാപതിയെയും ഭാര്യ അമൃതവല്ലിയെയും അണിയിച്ചൊരുക്കിയത്. സിനിമ കണ്ടുകൊണ്ടിരുന്ന പലർക്കും കമൽ തന്നെയാണ് സേനാപതിയെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ആദ്യത്തെ സീനുകൾ കണ്ടപ്പോൾ പിടികിട്ടിയിരുന്നില്ല. സത്യം പറഞ്ഞാൽ സേനാപതി ഡയലോഗ് പറഞ്ഞു തുടങ്ങിയപ്പോളാണ് എനിക്കത് കത്തിയത്. പ്രശസ്തമായ സ്റ്റാർട്രെക്ക് സീരിസിലെ ചിത്രങ്ങളുടെയൊക്കെ മേക്കപ്പ് കലാകാരനായ വെസ്റ്റ് മോർ ഇന്ത്യയിലെ ചൂടൻ കാലാവസ്ഥയിൽ ശരിക്കും കഷ്ടപ്പെട്ടു എന്ന് പത്രങ്ങളിൽ വന്നത് ഓർമയുണ്ട്. സേനാപതിയുടെ മുഖത്തൊട്ടിച്ചു വച്ച പ്രോസ്തെറ്റിക് പാളികൾ അലിഞ്ഞു മേക്കപ്പ് പൊളിയാതിരിക്കാൻ ശീതികരിച്ച റൂമുകളിലും വാഹനങ്ങളിലുമാണ് കമൽ കഴിഞ്ഞിരുന്നത്. പച്ചയ്കിളികൾ എന്ന പാട്ടിൽ കസ്തൂരി അദ്ദേഹത്തിന് ഷേവ് ചെയ്തുകൊടുക്കുന്ന സീനിൽ മുഖത്തുള്ള മേക്കപ്പ് ഇളകി വരുന്നുണ്ടോ എന്ന് നമ്മൾ പിള്ളേർ സൂക്ഷിച്ചു നോക്കിയിരിക്കുമായിരുന്നു. ഇപ്പോളും ആ പാട്ട് ടിവിയിൽ വരുമ്പോൾ ആ ഓർമ വരും. കമൽ തന്നെ പ്രത്യേക താല്പര്യമെടുത്താണ് ഈ അതുല്യ കലാകാരനെ ഇന്ത്യയിലേക്കും ഇൻഡ്യനിലേയ്ക്കും കൊണ്ട് വന്നത്. ആ വർഷം അവസാനമിറങ്ങിയ അവ്വൈ ഷണ്മുഖിയിലും അദ്ദേഹത്തിൻ്റെ സേവനം കമൽ ഉപയോഗപ്പെടുത്തിയിരുന്നു.

  വെങ്കിയുടെ ചെപ്പടിവിദ്യകൾ 

  സിനിമയിൽ വി എഫ് എക്സ് ഉപയോഗം ഒട്ടുമില്ലാതിരുന്ന ഒരു കാലത്താണ് ഇന്ത്യൻ വരുന്നത്. സാധാരണ മട്ടിലുള്ള ഒരു ഗാനരംഗം പ്രതീക്ഷിച്ചിരുന്ന കാഴ്ചക്കാർ "അക്കടാ" എന്ന് തുടങ്ങുന്ന ആദ്യ ഗാനത്തിലെ രംഗങ്ങൾ കണ്ടു അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചിരുന്നത് ഇപ്പോളും ഓർമയുണ്ട്. ഒരു നെവർ എൻഡിങ് ലൂപ്പ് പോലുള്ള കോണിപ്പടികളിൽ കൂടി കയറുകയും ഇറങ്ങുകയും ചെയ്യുന്ന നായിക, സിംഹമായും ഉടുമ്പായുമൊക്കെ ഒക്കെ വേഷം മാറുന്ന മായാവിയായ നായകൻ തുടങ്ങി ഇതിലെ പല കമ്പ്യൂട്ടർ ഗ്രാഫിക്സ് രംഗങ്ങളും കണ്ട് ജനം വായപൊളിക്കുകയായിരുന്നു. ഡബിൾ റോൾ ചിത്രങ്ങളിൽ അഞ്ചടി അകലത്തിൽ നിന്ന് മാത്രം സംസാരിക്കുന്ന ഇരട്ട കഥാപാത്രങ്ങളെ കണ്ടു ശീലിച്ച നമ്മൾക്ക് ഷേക്ക് ഹാൻഡ് ചെയ്യുകയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്യുന്ന ഇതിലെ ഇരട്ട വേഷങ്ങൾ ഒരു അതിശയമായിരുന്നു. പച്ചയ്ക്കിളികൾ എന്ന പാട്ടിൽ സേനാപതിയ്ക്കു ചുറ്റും കറങ്ങി നടന്നു നൃത്തം ചെയ്യുന്ന ചന്ദ്രുവിനെ കണ്ടു ചൂളം വിളിച്ചവർ വരെ അന്ന് തീയറ്ററിലുണ്ടായിരുന്നു. സേനാപതിയുടെ ഭൂതകാലം കാണിക്കുമ്പോൾ നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം നിൽക്കുന്ന സേനാപതിയുടെ രംഗങ്ങൾ നാഷണൽ ഫിലിം ആർക്കൈവിൽ നിന്ന് ശേഖരിച്ച യഥാർത്ഥ ഫുട്ടേജിൽ കമലിനെ ചേർത്ത് വച്ച് ഉണ്ടാക്കിയതാണ്.

  ഇങ്ങനെയുള്ള അതിശയിപ്പിക്കുന്ന പല ഷോട്ടുകളുടെയും പുറകിൽ പ്രവർത്തിച്ച ഒരു സ്പെഷ്യൽ ഇഫക്സ് കലാകാരനായിരുന്നു വെങ്കി. വെങ്കിയെ പറ്റി എഴുതാൻ ഈ ഒരു പോസ്റ്റ് തികയില്ല. ഒപ്റ്റിക്കൽ ഇഫക്ടുകൾ, അതായത് ലെൻസും ക്യാമറയും ഉപയോഗിച്ചുള്ള ട്രിക്ക് ഫോട്ടോഗ്രാഫിയും സ്പെഷ്യൽ ഇഫക്ടുകളും ഒക്കെ അടക്കി വാണിരുന്ന ഇന്ത്യൻ സിനിമയിൽ കമ്പ്യൂട്ടർ ഗ്രാഫിക്‌സും അത്യന്താധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള പുത്തൻ പുതിയ പരീക്ഷണങ്ങൾ ആദ്യമായി നടത്തിയ ആളാണ് വെങ്കി. മണിരത്നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ "വേഗം വേഗം ദൂരം പോകും " എന്ന ഗാനരംഗത്തിൽ മാസ്കിങ്ങും ലൈറ്റ് ഇഫക്ടുകളും ഉപയോഗിച്ച് വെങ്കി സൃഷ്ടിച്ച മായാജാലം ഇന്നും ആസ്വാദ്യകരമാണ്. അദ്ദേഹം ചെയ്തതിൽ ഏറ്റവും മികച്ച വർക്ക് കാതലൻ എന്ന ചിത്രത്തിലെ മുക്കാലാ മുഖാബല എന്ന പാട്ടിലേതാണ്. ഇപ്പോൾ സർവസാധാരണമായി മാറിക്കഴിഞ്ഞ ഗ്രീൻ മാറ്റ് ടെക്‌നിക് തന്നെയാണ് അതിലും ഉപയോഗിച്ചിരിക്കുന്നത്. പക്ഷെ അവരുടെ ഭാവന ആ സീനുകളെ വേറൊരു ലെവലിൽ എത്തിക്കുകയായിരുന്നു. ചടുലമായ ബീറ്റ്സിനൊപ്പം വായുവിൽ ചുവടു വയ്ക്കുന്ന രണ്ടു പാദരക്ഷകൾ ആസ്വദിക്കാൻ വേണ്ടി മാത്രം ഇപ്പോളും ആ ഗാനം കാണുന്ന എത്രയോ പേരുണ്ട്. മുതൽവനിലെ "മുതൽവനെ" എന്ന് തുടങ്ങുന്ന പാട്ടിലെ അസംഖ്യം ഇഫക്ടുകൾ വെങ്കിയുടെ കരവിരുതാണ്. കാലാപാനി , ജീൻസ്, ഇന്ത്യൻ, കാതലൻ എന്നീ സിനിമകളിലൂടെ ഏറ്റവും നല്ല സ്പെഷ്യൽ ഇഫക്ട്സിനുള്ള നാലു ദേശീയ അവാർഡുകൾ നേടിയ ഒരു പ്രതിഭയായിരുന്നു അദ്ദേഹം.

  ഇരുപത്തിമൂന്നു വർഷങ്ങൾക്കിപ്പുറം ശങ്കർ ഈ രണ്ടാം ഭാഗത്തിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യാൻ പോകുന്നത് ഒരുപക്ഷെ വെങ്കിയെ ആയിരിക്കും. ആറു വർഷം മുമ്പ് ഊട്ടിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. സ്പെഷ്യൽ ഇഫക്ട്സ് എന്നത് യന്ത്രങ്ങൾകൊണ്ട് ചെയ്യുന്ന വെറും തക്കിടി വിദ്യകൾ മാത്രമല്ല, അതും ഒരു കലയാണ് എന്ന് തെളിയിച്ച കലാകാരനായിരുന്നു അദ്ദേഹം

  ഗാനരംഗങ്ങളിലെ സുന്ദരികളും സുന്ദരന്മാരും

  പഴയ ടാറ്റ ലോറി പോലുള്ള നർത്തകിമാരും ഒറ്റനോട്ടത്തിൽ ഗുണ്ടകളെ പോലെ തോന്നിപ്പിക്കുന്ന നർത്തകന്മാരും ഗ്രൂപ്പായി അണിനിരക്കുന്ന പശ്ചാത്തലത്തിലായിരുന്നു അന്നത്തെ മിക്ക സൗത്ത് ഇന്ത്യൻ സിനിമകളിലെയും നായികാനായകന്മാർ ഡ്യൂയറ്റ് പാടി നൃത്തം വച്ചിരുന്നത് . അതിൽ നിന്നൊക്കെ വ്യത്യസ്തമായി പ്രൊഫെഷണൽ മോഡലുകളെ ഉപയോഗിച്ച് ചിത്രീകരിച്ചതായിരുന്നു ഇന്ത്യയിലെ ഒന്ന് രണ്ടു ഗാനങ്ങൾ . സാരിയും ബെഡ്ഷീറ്റുമൊക്കെ വെട്ടി തച്ചുണ്ടാക്കുന്ന സ്ഥിരം വേഷങ്ങൾക്ക് പകരം ഒന്നാംതരം ഡിസൈനർ വസ്ത്രങ്ങൾ അണിഞ്ഞാണ് കമലും ഊർമിളയും മനീഷ കൊയ്‌രാളയുമൊക്കെ അതിൽ പ്രത്യക്ഷപ്പെട്ടത്. കഥയിൽ ഊർമിള അവതരിപ്പിക്കുന്ന കഥാപാത്രം മോഡൽ ആണെന്നതും ശങ്കർ ഒരു എക്സ്ക്യൂസ്‌ ആയി എടുത്തെങ്കിലും തമിഴ് സിനിമാ മേഖലയിലെ ഡാൻസേഴ്സ് അസോസിയേഷനെ ഇത് ചൊടിപ്പിച്ചെന്നും നഷ്ടപരിഹാരം നൽകി ശങ്കർ അത് ഒത്തുതീർപ്പാക്കുകയായിരുന്നു എന്നും വിക്കി പീടികയിൽ കണ്ടു.  A R റഹ്മാൻ

  "രംഗീല" എന്ന ചിത്രത്തിലൂടെ മദിരാശിയുടെ അതിരുകൾ വിട്ട് ഇന്ത്യ മുഴുവൻ റഹ്മാൻ തരംഗം അലയടിക്കുന്ന കാലമായിരുന്നു. ബോളിവുഡിലെ വമ്പന്മാരെ ഡേറ്റ് ചോദിച്ചുകൊണ്ട് മദ്രാസിലേക്ക് വരുത്തിക്കാൻ കഴിഞ്ഞുവെന്നതാണ് തൻ്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമായി കാണുന്നതെന്ന് റഹ്മാൻ അക്കാലത്ത് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. അത്രയ്ക്കായിരുന്നു ബോളിവുഡിന് തെക്കേ ഇന്ത്യൻ സിനിമകളോടും കലാകാരന്മാരോടുമുള്ള പുച്ഛം. എന്തായാലും ഇന്ത്യന് തൊട്ടുമുമ്പിറങ്ങിയ മുത്തുവും ലവ് ബേർഡ്‌സും ഹിറ്റായിരുന്നുവെങ്കിലും വലിയൊരു സൂപ്പർ ഹിറ്റൊന്നുമായിരുന്നില്ല. പക്ഷെ ആ ക്ഷീണമൊക്കെ ഇന്ത്യൻ തീർത്തു. അനന്യസാധാരണമായ ഗുണമേന്മയുള്ള ശബ്ദമിശ്രണവും ത്രസിപ്പിക്കുന്ന സംഗീതവും കൊണ്ട് എത്ര തവണ കേട്ടാലും മടുക്കാത്ത പാട്ടുകളായി ഇപ്പോളും ഇന്ത്യനിലെ ഗാനങ്ങൾ നിലനിൽക്കുന്നു. വാലിയും വൈരമുത്തുവുമാണ് വരികൾ എഴുതിയത്. ഗാനഗന്ധർവൻ യേശുദാസ് റഹ്മാന് വേണ്ടി പാടിയ "പച്ചൈക്കിളികൾ തോളോട്" എന്ന ഗാനം ഇപ്പോളും പലരുടെയും ഫേവറിറ്റാണ്. സാന്ദർഭികമായി പറയട്ടെ, മലയാളികൾ ദൈവത്തെ പോലെ ആരാധിക്കുന്ന യേശുദാസിനെ പോലൊരു ഗായകനെ റഹ്മാൻ എന്തുകൊണ്ടാണ് വളരെ ചുരുക്കം തവണ മാത്രം ഉപയോഗിച്ചിട്ടുള്ളത് എന്ന് പലപ്പോളും തോന്നിയിട്ടുണ്ട്. "കപ്പലേറി പോയാച്ച്" എന്ന പാട്ടാണ് എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടമായ ഗാനം.

  മിടുക്കന്മാരായ സാങ്കേതിക വിദഗ്ദ്ധർ 

  അന്നത്തെ ഏറ്റവും മികച്ച കലാകാരന്മാരാണ് ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത്. ജീവ ആയിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്. ബി ലെനിൻ - വി ടി വിജയൻ ജോഡികളാണ് എഡിറ്റിംഗ് ചെയ്തത്. പ്രശസ്തനായ തൊട്ട ധരണിയാണ് കലാസംവിധാനം നിർവഹിച്ചത്. ഏറ്റവും നല്ല സ്പെഷ്യൽ ഇഫക്ടിനു വെങ്കിയ്ക്കും ഏറ്റവും നല്ല കലാസംവിധാനത്തിന് തോട്ടാധരണിയ്ക്കും ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഇന്ത്യൻ. തോട്ടാ ധരണി പ്രതിഭാശാലിയായ കലാകാരൻ ആണെങ്കിലും ഈ ചിത്രത്തിലെ പല സീനുകളും പെർഫെക്ട് ആയല്ല ചെയ്തിരിക്കുന്നത് എന്നുള്ള വിമർശനം അന്നുണ്ടായിരുന്നു. പ്രത്യേകിച്ച് അവാർഡ് കമ്മിറ്റി പ്രത്യേകം പരാമർശിച്ച ക്ലൈമാക്സ് രംഗങ്ങൾ. സ്‌ഫോടനത്തിൽ കത്തിയമരുന്ന വിമാനവും ഹെലികോപ്ടറും ഒക്കെ സെറ്റാണെന്ന് ആർക്കും ഒറ്റയടിക്ക് മനസ്സിലാവുന്ന രീതിയിലാണ് നിർമിച്ചിരുന്നത്. ബജറ്റ് പരിമിതികൾ കാരണമാണ് വി എഫ് എക്സ് ഉപയോഗിക്കാതെ സെറ്റ് ഇട്ട് ആ സീനുകൾ എടുത്തതെന്ന് കേട്ടിരുന്നു.

  മികച്ച അഭിനേതാക്കളുടെ മിന്നുന്ന പ്രകടനം

  സേനാപതിയെയും ചന്ദ്രുവിനെയും അവതരിപ്പിച്ചതിലെ മികവിന് കമൽ ഹാസ്സന് ഏറ്റവും നല്ല അഭിനേതാവിനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. കമൽ ഇതിൽ മൂന്നു റോളുകളാണ് ചെയ്തത്. സേനാപതിയുടെ ചെറുപ്പകാലത്തെ വേഷം, വയോധികനായ സേനാപതി , പിന്നെ ചന്ദ്രുവും. പക്ഷെ വ്യക്തിപരമായി പറഞ്ഞാൽ അദ്ദേഹത്തിന്റെ അഭിനയം ചില രംഗങ്ങളിലെങ്കിലും വളരെ നാടകീയമായിരുന്നു. രംഗീലയിലെ പ്രകടനത്തിലൂടെ ഇന്ത്യ മുഴുവൻ പിടിച്ചു കുലുക്കിയ ഊർമ്മിളയെയും മനീഷ കൊയ്‌രാളയെയും ഒരു വർണക്കൊഴുപ്പിനു വേണ്ടിയാണു ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സേനാപതിയുടെ ഭാര്യയായ അമൃതവല്ലിയെ അവതരിപ്പിച്ച സുകന്യയുടെ അഭിനയം മുകളിൽ പറഞ്ഞ എല്ലാവരെയും കടത്തിവെട്ടുന്നതായിരുന്നു. രാധികയെയും ഉർവശിയെയും ആയിരുന്നു ഈ റോൾ ചെയ്യാൻ വേണ്ടി ശങ്കർ ആദ്യം സമീപിച്ചത്. ഉർവശിയെ വച്ച് കുറെ ഷൂട്ട് ചെയ്യുകയും ചെയ്‌തിരുന്നു. സാങ്കേതിക കാരണങ്ങളാൽ അവർക്കു രണ്ടുപേർക്കും ഷൂട്ടിങ്ങിൽ സഹകരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോളാണ് സുകന്യ ചിത്രത്തിലേക്ക് വരുന്നത്. അതുപോലെ തന്നെ നെടുമുടി വേണു ചെയ്ത റോൾ ചെയ്യാനിരുന്നത് നാസ്സർ ആയിരുന്നു. പക്ഷെ നാസറിനേക്കാൾ നന്നായി നെടുമുടി ആ വേഷം ചെയ്തു എന്നാണ് തോന്നുന്നത്. കസ്തൂരി, മനോരമ, ഗൗണ്ടമണി, സെന്തിൽ തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ മൂന്നു മണിക്കൂറോളമുള്ള ഈ ചിത്രത്തിലുണ്ട്.

  പുതിയ ഇന്ത്യൻ വരുമ്പോൾ 

  അന്നത്തെ കാലത്ത് പതിനഞ്ചു കോടി രൂപയോളം മുടക്കി നിർമിച്ച ഒരു തട്ടുപൊളിപ്പൻ ചിത്രമായിരുന്നു ഇന്ത്യൻ. അഴിമതിക്കെതിരെ ഒറ്റയ്ക്ക് പൊരുതുന്ന നായകൻ എന്ന ശങ്കറിന്റെ എക്കാലത്തെയും പ്രിയപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളിൽ ഏറ്റവും നല്ല ഒന്നായിട്ടാണ് ഈ ചിത്രത്തെക്കുറിച്ചു തോന്നിയിട്ടുള്ളത് . എന്തായാലും കാലം ഒരുപാട് മാറിയിരിക്കുന്നു. ഇരുപത്തിമൂന്നു വർഷം മുമ്പുള്ള ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. അഴിമതിയെക്കാൾ ഭയപ്പെടുത്തുന്ന ഒരുപാടു വിഷയങ്ങൾ കത്തി നിൽക്കുന്ന ഒരു കാലഘട്ടമാണിത്. അന്ന് വെറും നാൽപതു വയസ്സ് മാത്രമുണ്ടായിരുന്ന നായകൻ ഇപ്പോൾ അറുപത്തിയഞ്ചിനോടടുക്കുന്നു. മുപ്പതുകളുടെ തുടക്കത്തിലായിരുന്ന അന്നത്തെ സംഗീത സംവിധായകൻ ഓസ്കർ വരെ നേടി സ്വന്തം ട്യൂണുകൾ റീസൈക്കിൾ ചെയ്തു കാലം കഴിച്ചുകൊണ്ടിരിക്കുന്നു. ജീവയും വെങ്കിയും നമ്മളെ വിട്ടുപിരിഞ്ഞു. ലെനിൻ-വിജയൻ ജോഡിയിലെ ലെനിൻ ദേശീയ അവാർഡ് വരെ നേടിയ സംവിധായകനായി മാറിയിരിക്കുന്നു.

  ഇപ്പോളും പ്രേക്ഷകരെ ആകർഷിക്കാൻ കരുത്തുള്ള ഒരു കഥയാണ് ഇന്ത്യൻ എന്ന സിനിമയുടെ ഏറ്റവും വലിയ ബലം. അതെഴുതിയ സുജാത എന്ന സുജാത രംഗരാജൻ ഇപ്പോൾ നമ്മളോടൊപ്പമില്ല. ഒരു എൻജിനീയർ ആയിരുന്ന അദ്ദേഹത്തിന്റെ സാങ്കേതികമായ അറിവ് ( നമ്മൾ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷിൻ ഉണ്ടാക്കിയ ടീമിലെ ഒരു പ്രധാനിയായിരുന്നു അദ്ദേഹം ) പലപ്പോളും അദ്ദേഹത്തിന്റെ എഴുത്തിനെയും സഹായിച്ചിട്ടുണ്ട്. ശങ്കർ-സുജാത എന്ന കോമ്പിനേഷൻ വൻ വിജയമായതിന്റെ കാരണം അഭിരുചികളിലുള്ള ഈ സാമ്യത കൂടിയാണ് എന്ന് പലപ്പോളും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭാവം ശങ്കറിനെ എങ്ങനെയാണ് ബാധിച്ചിട്ടുള്ളത് എന്നറിയണമെങ്കിൽ എന്തിരൻ, 2.0 എന്നീ രണ്ടു സിനിമകൾ മാത്രം നോക്കിയാൽ മതി. വ്യക്തമായ ശാസ്ത്ര യുക്തികളുടെ അടിത്തറയുള്ള സിനിമയായിരുന്നു അദ്ദേഹം എഴുതിയ എന്തിരനെങ്കിൽ ശങ്കർ അതിനു രണ്ടാം ഭാഗം സൃഷ്ടിച്ചപ്പോൾ പോസിറ്റീവ് എനർജി , ദുഷ്ടാത്മാവ് തുടങ്ങി വിക്രം-വേതാൾ ലെവലിലെത്തി. സുജാതയെപ്പോലുള്ള ഒരു എഴുത്തുകാരന്റെ അഭാവം ശങ്കർ എങ്ങനെ വിജയകരമായി മറികടക്കും എന്ന് ആശങ്കയുണ്ട്.

  കാലത്തിനനുസരിച്ചു സിനിമാ സാങ്കേതികവിദ്യകളിൽ വരുന്ന മാറ്റങ്ങൾ പഠിച്ചും പ്രയോഗിച്ചും ശങ്കർ ഒരുപാടു വളർന്നിട്ടുണ്ട്. പക്ഷെ ഇന്ത്യയിലെ ഏറ്റവും പണം മുടക്കി ഉണ്ടാക്കുന്ന ചിത്രങ്ങളിലൂടെ ഒരു ഷോമാൻ ആയിട്ടാണ് ആ വളർച്ച എന്ന് മാത്രം . ശങ്കറിലെ കലാകാരനായ സംവിധായകൻ എന്നേ മരിച്ചിരിക്കുന്നു എന്നാണ് എൻ്റെ അഭിപ്രായം. കയ്യിലൊതുങ്ങുന്ന മൊബൈൽ ഫോണുകളിൽ സാധാരണക്കാർ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഇക്കാലത്ത് ഇത്തരം ടെക്നിക്കൽ തൊങ്ങലുകൾ കാണിച്ചു എത്രകാലം പ്രേക്ഷകരെ പിടിക്കാൻ കഴിയുമെന്ന് അദ്ദേഹം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തായാലും സേനാപതിയുടെയും അമൃതവല്ലിയുടെയും ജീവിതം ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നറിയാൻ എല്ലാവരെയും പോലെ എനിക്കും കൗതുകമുണ്ട്. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

  First published: