News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 7, 2021, 2:26 PM IST
ട്രാഫിക്കിലെ രംഗം
മലയാളിയെ മുൾമുനയിൽ നിർത്തിയ മികച്ച ത്രില്ലർ എന്ന് പ്രേക്ഷകർ വിശേഷിപ്പിച്ച 'ട്രാഫിക്' സിനിമ റിലീസായിട്ട് പത്തു വർഷങ്ങൾ. 2011 ജനുവരി ഏഴിനാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഇന്നും മലയാളിയുടെ മനസ്സിൽ മായാത്ത ഓർമ്മകൾ നിലനിർത്തുന്ന 'ട്രാഫിക്' ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ ആ സന്തോഷത്തിൽ ഒപ്പം ചേരാൻ സംവിധായകൻ രാജേഷ് പിള്ള ഇന്നില്ല. അദ്ദേഹത്തിന്റെ മാസ്റ്റർ പീസായി കണക്കാക്കുന്ന ചിത്രമാണിത്.
ട്രാഫിക്കിന്റെ പത്താം വാർഷികത്തിൽ സിനിമയിലെ പ്രശസ്തമായ വീഡിയോ ശകലവുമായി നായകന്മാരിൽ ഒരാളായ ആസിഫ് അലി ഫേസ്ബുക് പോസ്റ്റിൽ എത്തുന്നു.
"നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു ദിവസത്തെയും പോലെ ഈ ദിവസവും കടന്നുപോകും, മറക്കപെടും. പക്ഷെ നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാട് പേർക്ക് യെസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം," ആസിഫ് അലി ക്യാപ്ഷനിൽ കുറിച്ചു.
ബോബി സഞ്ജയ്മാരുടെ തിരക്കഥയാണ് 'ട്രാഫിക്'. മികച്ച ചിത്രത്തിനുള്ള ആ വർഷത്തെ സംസ്ഥാന പുരസ്കാരം ചിത്രം കരസ്ഥമാക്കി. 'ട്രാഫിക്' പുറത്തിറങ്ങിയ ശേഷം റോഡുമാർഗമുള്ള ഒട്ടേറെ ചികിത്സാ ദൗത്യങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു എന്നതാണ് എന്നും ഈ സിനിമയുടെ മേന്മയായി ഉയർത്തിക്കാട്ടപ്പെടുന്നത്.
ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, റഹ്മാൻ, അനൂപ് മേനോൻ, വിനീത് ശ്രീനിവാസൻ, സന്ധ്യ, റോമാ, രമ്യ നമ്പീശൻ, ലെന, നമിത പ്രമോദ് എന്നിവരായിരുന്നു മുഖ്യ വേഷങ്ങളിൽ എത്തിയത്.
Published by:
user_57
First published:
January 7, 2021, 2:26 PM IST