നീണ്ട 22 വർഷങ്ങളുടെ ഇടവേളയ്‌ക്കു ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ആസിഫ് അലിയാണ് നായകൻ. സിബി മലയിൽ സംവിധായകനും രഞ്ജിത് നിർമ്മാതാവുമാണ്. സെപ്റ്റംബർ നാലിനായിരുന്നു പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം. കോഴിക്കോടാണ് ഷൂട്ടിംഗ് നടക്കുന്നത്. 1998ൽ റിലീസായ 'സമ്മർ ഇൻ ബെത്‌ലഹേം' എന്ന സിനിമയിലാണ് ഇരുവരും ഏറ്റവുമൊടുവിലായി ഒന്നിച്ചത്.
"ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി 'സമ്മർ ഇൻ ബത്‌ലഹേം' പുറത്തിറങ്ങി.ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്," പ്രഖ്യാപനവേളയിൽ രഞ്ജിത്ത് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
രഞ്ജിത്തും പി.എം. ശശിധരനും പങ്കാളിത്തമുള്ള പ്രൊഡക്ഷൻ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയാണ് നിർമ്മാതാക്കൾ. ഹേമന്ത് എന്ന നവാഗത രചയിതാവാണ് തിരക്കഥ.
'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയി സിനിമാ ജീവിതമാരംഭിച്ച സിബി മലയിലിന്റെ ആദ്യ സംവിധാന സംരംഭം 1985ൽ റിലീസായ മുത്താരംകുന്ന് പി.ഒ.യാണ്. കിരീടം, ചെങ്കോൽ, ഹിസ് ഹൈനസ് അബ്ദുള്ള പോലുള്ള എക്കാലത്തെയും ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സിബി മലയിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ കരിയറിലെ പ്രശസ്ത സിനിമകളുടെ സംവിധായകനാണ്.
2015ൽ ഷൈൻ ടോം ചാക്കോ നായകനായി വെള്ളിത്തിരയിലെത്തിയ 'സൈഗാൾ പാടുകയാണ്' എന്ന സിനിമയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സംവിധായകനും, തിരക്കഥാകൃത്തും, നിർമ്മാതാവുമായ രഞ്ജിത് നടനെന്ന നിലയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമാണ് 'അയ്യപ്പനും കോശിയും' സിനിമയിലെ കുര്യൻ ജോൺ. പൃഥ്വിരാജിന്റെ കർക്കശക്കാരനായ അച്ഛന്റെ റോളായിരുന്നു. പൃഥ്വിരാജിന്റെ സിനിമാ പ്രവേശവും രഞ്‌ജിത്തിന്റെ സിനിമയായ നന്ദനത്തിലൂടെയായിരുന്നു.
അടുത്തതായി അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന കിംഗ് ഫിഷിൽ രഞ്ജിത്ത് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും. ഈ ചിത്രം പൂർത്തിയായി റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. 2019ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 'ഡ്രാമയാണ്' രഞ്ജിത് സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ സിനിമ.
2019ലെ 'കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക്' ശേഷം ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷം ചെയ്ത ആസിഫ് അലിയുടേതായി ഇനി വരാനിരിക്കുന്ന ചിത്രമാണ് 'കുഞ്ഞെൽദോ'.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ranjith, Sibi Malayil, Summer in Bethlehem