#സുബിൻ സണ്ണി എബ്രഹാം
പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ഹിൽ സ്റ്റേഷനിൽ ഒറ്റപ്പെട്ട് നിൽക്കുന്ന മാനസികാരോഗ്യ കേന്ദ്രം. അവിടെ നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളെക്കുറിച്ച് പരിശോധിക്കാൻ ഒരു ഡോക്ടറെത്തുന്നു. നായകനായ ഡോക്ടറിലൂടെ കഥ തുടങ്ങുകയാണ്. ആശുപത്രിയിലെ പ്രശ്നങ്ങൾ പരിശോധിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഇവിടെയെത്തുന്നത് സൈക്കാട്രി തലവനായ മൂലേടത്ത് കണ്ണൻ നായർ എന്ന എം.കെ നായരാണ്.
മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇതിവൃത്തമായി നിരവധി സിനിമകൾ പുറത്തു വന്നിട്ടുണ്ടെങ്കിലും മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ പ്രമേയം. താളവട്ടം, ഉള്ളടക്കം, സുന്ദരപുരുഷൻ പോലെയുള്ള ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും മറ്റൊരു സിനിമയുമായും താരതമ്യം ചെയ്യാൻ കഴിയാത്ത വ്യത്യസ്തമായ മേക്കിംഗാണ് അതിരനിൽ സ്വീകരിച്ചിരിക്കുന്നത്.
ഗോവൻ സ്വദേശിയായ ഡോക്ടര്‍ ബെഞ്ചമിനാണ് (അതുല്‍ കുല്‍ക്കര്‍ണി) മാനസികാരോഗ്യ കേന്ദ്രം നടത്തുന്നത്. ഇവിടെ രോഗിയായി വർഷങ്ങളായി പൂട്ടിയിട്ടിരിക്കുന്ന നിത്യ (സായ് പല്ലവി) യുടെ കഥയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഒരു സസ്പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സായ് പല്ലവിയും ഫഹദ് ഫാസിലും (ഡോ. എംയകെ നായർ) തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. 'ഷമ്മി'യിൽ നിന്ന് ഒരുപാട് ഒരുപാട് ഉയരത്തിലേക്ക് എത്തിയപ്പോൾ സായ് പല്ലവിയും കട്ടക്ക് പിടിച്ചു നിൽക്കുന്നുണ്ട്.

അതിരനിലെ ഫഹദ് ഫാസിൽ, സായ് പല്ലവി
അതുൽ കുൽക്കർണി മുതൽ പ്രകാശ് രാജ് വരെയുളളവര്‍ അവരവരുടെ വേഷങ്ങൾ തന്മയത്വത്തോടെ കൈകാര്യം ചെയ്തു. ഓട്ടിസം എന്ന അവസ്ഥയെയും കളരി രംഗമുള്പ്പടെയുള്ള ആക്ഷന്‍ രംഗങ്ങളിലൂടെയും മലയാളികൾ ഇന്നുവരെ കണ്ടുപരിചയമില്ലാത്ത നായികയെയാണ് സായി പല്ലവി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്.
ഒരു നിമിഷം പോലും ചിത്രം ബോറടിപ്പിക്കുന്നില്ല. ആകാംക്ഷ നിലനിർത്തി പ്രേക്ഷകരെ അവസാനനിമിഷം വരെ പിടിച്ചുനിർത്തിയത് നവാഗതനായ വിവേകിന്റെ സംവിധാനമികവ് തന്നെയാണ്. ഈ.മ.യൗ എന്ന ശ്രദ്ധേയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.എഫ് മാത്യൂസ് അതിരനിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല.
അമ്പരപ്പും ഭയവും ആകാംഷയും ജനിപ്പിക്കുന്ന അതിരന്റെ ടീസറും ട്രെയിലറും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയും ആകാഷയുമാണ് നൽകിയത്. ഇത് അവസാന രംഗം വരെ നിലനിർത്തുന്നതിൽ ഒരു പുതുമുഖ സംവിധായകനാണ് എന്ന് തോന്നിപ്പാക്കാത്ത രീതിയിൽ ചിത്രത്തിന്റെ സംവിധായകന് സാധിച്ചു. ഛായാഗ്രാഹകൻ അനു മൂത്തേടത്തും പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ച ജിബ്രനും ചിത്രത്തെ വേറൊരു തലത്തിലേക്ക് എത്തിച്ചു.
ഫഹദ് ഫാസില്‍ നായകനാകുന്ന സൈക്കോ ത്രില്ലര്‍. കലിക്ക് ശേഷം സായി പല്ലവി മലയാളത്തില്‍ തിരികെ എത്തുന്നു. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, സുദേവ് നായര്‍, സുരഭി, നന്ദു, ലെന തുടങ്ങിയ വൻ താരനിര. അങ്ങനെ പ്രതീക്ഷകൾ ഒരുപാടാണ് തിയറ്റിലെത്തുന്ന പ്രേക്ഷകർക്കുള്ളത്. ഈ പ്രതീക്ഷകളുമായി എത്തുന്ന പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താത്ത ചിത്രമാണ് അതിരൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.