• HOME
 • »
 • NEWS
 • »
 • film
 • »
 • Thee movie | സിനിമാ പാട്ടുപുസ്തകം ഓർക്കുന്നോ? ഗതകാലസ്മരണയിൽ 'തീ' സിനിമയുടെ ഓഡിയോ ലോഞ്ച്

Thee movie | സിനിമാ പാട്ടുപുസ്തകം ഓർക്കുന്നോ? ഗതകാലസ്മരണയിൽ 'തീ' സിനിമയുടെ ഓഡിയോ ലോഞ്ച്

വയലാർ രാമവർമ്മയുടെ വീട്ടുമുറ്റത്ത്, ഗതകാല സ്മരണകളുണർത്തി 'തീ' സിനിമയിലെ പാട്ടുകളുടെ ഓഡിയോ സിഡിയും പാട്ടു പുസ്തകവും പ്രകാശനം ചെയ്തു

'തീ' ഓഡിയോ ലോഞ്ച്

'തീ' ഓഡിയോ ലോഞ്ച്

 • Share this:
  മലയാളചലച്ചിത്ര ലോകത്ത് മനോഹര ഗാനങ്ങളാൽ വസന്തം സൃഷ്ടിച്ച പ്രിയങ്കരനായ വയലാർ രാമവർമ്മയുടെ വീട്ടുമുറ്റത്ത്, ഗതകാല സ്മരണകളുണർത്തി 'തീ' സിനിമയിലെ (Thee movie) പാട്ടുകളുടെ ഓഡിയോ സിഡിയും പാട്ടു പുസ്തകവും പ്രകാശനം ചെയ്തു.

  അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിച്ച് റിലീസിനൊരുങ്ങുന്ന 'തീ' എന്ന ചിത്രത്തിലെ ഓഡിയോ സി.ഡിയും പാട്ടു പുസ്തകവും വിപ്ലവ ഗായികയും സ്വാതന്ത്ര്യ സമര സേനാനിയുമായ പി.കെ. മേദിനിയ്ക്ക് നൽകിക്കൊണ്ട് വയലാർ ശരത്ചന്ദ്രവർമ്മയാണ് പുറത്തിറക്കിയത്.

  മലയാളചലച്ചിത്ര ഗാനങ്ങളുടെ വസന്തകാലം എന്നു വിശേഷിപ്പിക്കപ്പെടുന്ന അറുപതുകളിലേയും എഴുപതുകളിലേയും ഓർമ്മകൾ ഉണർത്തിക്കൊണ്ട് അക്കാലത്തെ സിനിമാ തിയേറ്ററുകളെ സജീവമാക്കിയിരുന്ന പാട്ടുപുസ്തകവും ഇഞ്ചി മിഠായിയും നാരങ്ങാമിഠായിയും കടലയും കപ്പലണ്ടിയുമൊക്കെ ചടങ്ങിൽ വിതരണം ചെയ്തു.

  മനോഹരങ്ങളായ മെലഡികൾ നിറഞ്ഞ ചിത്രമാണ് 'തീ'. സംഗീത ലോകത്തേയ്ക്ക് നിരവധി പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്.

  അനിൽ വി. നാഗേന്ദ്രൻ എഴുതിയ ഗാനങ്ങൾക്ക് ജോസഫ് , അഞ്ചൽ ഉദയകുമാർ, സി.ജെ. കുട്ടപ്പൻ, അനിൽ വി. നാഗേന്ദ്രൻ എന്നിവർ ഈണമിട്ട് ഉണ്ണി മേനോൻ, പി.കെ. മേദിനി, ശ്രീകാന്ത്, സി.ജെ. കുട്ടപ്പൻ, ആർ.കെ. രാമദാസ്, കലാഭവൻ സാബു, മണക്കാട് ഗോപൻ, രജു ജോസഫ്, ശുഭ രഘുനാഥ്, സോണിയ ആമോദ്, കെ.എസ്. പ്രിയ, നിമിഷ സലിം (എം. എസ്. ബാബുരാജിന്റെ കൊച്ചുമകൾ), റജി കെ. പപ്പു, കുമാരി വരലക്ഷ്മി തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളായ അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം എന്നിവരും പാടിയിരിക്കുന്നു.

  നവോത്ഥാന നായകനും ബഹുമുഖ പ്രതിഭയുമായ ഡോക്ടർ വി.വി. വേലുക്കുട്ടി അരയന്റെ കവിതയും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശാരദ് ക്രിയേഷൻസ് യൂ ട്യൂബ് ചാനൽ വഴി 'തീയിലെ' ഗാനങ്ങൾ റിലീസ് ചെയ്തു.  ചിത്രത്തിലൂടെ നായകനായി യുവ എം.എല്‍.എ. മുഹമ്മദ് മുഹസ്സിനെയും, നായികയായി സാഗരയെയും അവതരിപ്പിക്കുന്നു. 'വസന്തത്തിന്റെ കനല്‍വഴികളില്‍' എന്ന ചിത്രത്തില്‍ സമുദ്രക്കനിക്കൊപ്പം നായകവേഷം ചെയ്ത ഋതേഷ് അതിശക്തനായ വില്ലനാകുന്നു. അധോലോക നായകനായി വിസ്മയപ്പെടുത്തുന്ന ഗെറ്റപ്പില്‍ ഇന്ദ്രന്‍സും എത്തുന്നു.

  പ്രേംകുമാര്‍, വിനു മോഹന്‍, രമേഷ് പിഷാരടി, അരിസ്‌റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണന്‍, വി.കെ. ബൈജു, പയ്യന്‍സ് ജയകുമാര്‍, ജോസഫ് വില്‍സണ്‍, കോബ്ര രാജേഷ്, സോണിയ മല്‍ഹാര്‍, രശ്മി അനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  ഇതിനുപുറമെ കെ. സുരേഷ് കുറുപ്പ്, മുൻ എം.പി. കെ. സോമപ്രസാദ്, സി.ആര്‍. മഹേഷ് എം.എല്‍.എ., ആര്‍ട്ടിസ്റ്റ് സുജാതന്‍, പിന്നണിഗായകന്‍ ഉണ്ണി മേനോന്‍, നാസര്‍ മാനു, ഡോള്‍ഫിന്‍ രതീഷ്, സൂസന്‍ കോടി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

  ചടങ്ങിൽ സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ, സംഗീത സംവിധായകൻ അഞ്ചൽ ഉദയകുമാർ, ഗായകരായ കലാഭവൻ സാബു, ശുഭ രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു. പ്രകാശന ദിനം വയലാർ ശരത്ചന്ദ്രവർമ്മയുടെ ജന്മദിനം കൂടിയായതിനാൽ പി.കെ. മേദിനിയും അനിൽ വി. നാഗേന്ദ്രനും ചേർന്ന് ജന്മദിന സമ്മാനം നൽകി അദ്ദേഹത്തെ ആദരിച്ചു. എത്രയും വേഗം 'തീ' എന്ന ചിത്രം ജനങ്ങളിലേയ്ക്കെത്തുമെന്ന് സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ പറഞ്ഞു. പി.ആർ.ഒ. - എ.എസ്. ദിനേശ്.
  Published by:user_57
  First published: