സിൽക് സ്മിതയുടെ ജീവിതം വീണ്ടും ബിഗ് സ്ക്രീനിലേക്ക്. തമിഴ് സംവിധായകൻ കെഎസ് മണികണ്ഠനാണ് സിൽക് സ്മിതയുടെ ജീവിതകഥ സിനിമയാക്കുന്നത്. അവൾ അപ്പടിതാൻ എന്നാണ് സിനിമയുടെ പേര്.
ഗായത്രി ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നതോടെ നവംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ചിത്രത്തിൽ സിൽക് സ്മിതയുടെ വേഷം ചെയ്യുക ആരാണെന്ന് വ്യക്തമല്ല. പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
സിൽക് സ്മിതയുടെ വേഷം ചെയ്യാൻ മികച്ച നടിക്കായുള്ള അന്വേഷണത്തിലാണെന്ന് സംവിധായകൻ അറിയിച്ചു. നടിയുടെ വ്യക്തിജീവിതത്തെ കുറിച്ചായിരിക്കും സിനിമ എന്നാണ് സൂചന.
ആന്ധ്രപ്രദേശിലെ ഗ്രാമത്തിൽ ജനിച്ച സിൽക് സ്മിത ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി 450 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദുരൂഹമായ നടിയുടെ ജീവിതത്തിലെ കയറ്റിറക്കങ്ങളെ കുറിച്ചായിരിക്കും അവൾ അപ്പടിതാൻ പറയുന്നത്.
1996 സെപ്റ്റംബർ 23 നാണ് സിൽക് സ്മിതയെ ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വ്യക്തിപരമായ പ്രശ്നങ്ങളാൽ നടി ആത്മഹത്യ ചെയ്തതതെന്നാണ് നിഗമനം.
നേരത്തേ, ബോളിവുഡിൽ വിദ്യാബാലൻ സിൽക്ക് സ്മിതയായി വേഷമിട്ടിരുന്നു. ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും വിദ്യാ ബാലന് ലഭിച്ചിരുന്നു. വിദ്യയുടെ കരിയറിലെ വഴിത്തിരിവായിരുന്നു ചിത്രം. മികച്ച സംവിധായകൻ, മികച്ച ചിത്രം എന്നിവയ്ക്കും ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. മിലൻ ലുതീരയാണ് ചിത്രം സംവിധാനം ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.