പുടവ ചുറ്റിയ നാരിമാർ ട്വിറ്ററിൽ അരങ്ങുവാഴുന്ന കാഴ്ചയാണ് കുറച്ചു ദിവസങ്ങളായി കാണുന്നത്. #SareeTwitter എന്ന ട്വിറ്റർ ഹാഷ്ടാഗിന്റെ ആരാധികമാരാണ് അത്രയും. ഇതിൽ സെലിബ്രിറ്റികളും സ്ഥിരം ട്വീപ്പിൾമാരും ഉണ്ട്. എന്നാൽ ലിംഗ സമത്വം ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന ഈ വേളയിൽ അങ്ങനെ സ്ത്രീകൾക്ക് മാത്രമായി സാരിയെ വിട്ട് കൊടുക്കാൻ തയാറല്ല ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന. ഒരു സാരി ചുറ്റിയ ആയുഷ്മാൻറെ ചിത്രം വളരെ വേഗം വൈറൽ ആയിരിക്കുകയാണ്.
അടുത്തതായി പുറത്തു വരാനിരിക്കുന്ന ചിത്രം ഡ്രീം ഗേളിന്റെ സെറ്റിൽ നിന്നുമുള്ള ഒരു കുസൃതി ചിത്രമാണിത്. വെള്ള ടി ഷർട്ടും, നീല സാരിയും ഹവായി ചെരുപ്പും ആണ് വേഷം. ഇരിക്കുന്നത് ഒരു സ്‌കൂട്ടറിന്റെ പുറത്തും. സാരിയുടെ ഒരറ്റം കടിച്ചു പിടിച്ച് അന്തം വിട്ടിരിക്കുന്ന ലുക്കിലാണ് ആയുഷ്മാൻ. കൂടാതെ ഈ വർഷം തന്നെ ഡ്രീം ഗേൾ പ്രേക്ഷക മുന്നിലെത്തും എന്ന കുറിപ്പും ഒപ്പമുണ്ട്.
എന്നാൽ ഈ സാരി ചാലഞ്ച് കൂടുതൽ കാണാൻ അവസരം ഉണ്ടാവും എന്ന സൂചനയുമുണ്ട്. രാജ് ശാണ്ഡില്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാരിയുടുക്കുന്ന കഥാപാത്രമാണ് ആയുഷ്മാൻ അവതരിപ്പിക്കുന്നത്. നസ്രത് ബറൂച്ച ഒരു പ്രധാന വേഷത്തിലെത്തും.
സോനം കപൂർ, ശബാന ആസ്മി, യാമി ഗൗതം, ഗുൽ പനാഗ്, പ്രിയങ്ക ഗാന്ധി, ബർഖ ദത് തുടങ്ങിയവർ #SareeTwitter പോസ്റ്റുമായി എത്തിയവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.