'യൂണിവേഴ്സിറ്റി കോളേജിലെ ചെയർമാൻ ആയിരുന്നിട്ടു പോലീസിന്റെ ഒരു തല്ലു പോലും കൊള്ളാതെ രക്ഷപെട്ട ഒരാൾ ബാലചന്ദ്ര മേനോൻ മാത്രമായിരിക്കും'

Balachandra Menon on his University College days | 'ആ കോളേജിലെ രാഷ്ട്രീയത്തിന് ഒരു അപകടസൂചന കൂടിയുണ്ട് എന്ന് കൂടി കൂട്ടി വായിക്കണം'

news18india
Updated: July 13, 2019, 12:59 PM IST
'യൂണിവേഴ്സിറ്റി കോളേജിലെ ചെയർമാൻ ആയിരുന്നിട്ടു പോലീസിന്റെ ഒരു തല്ലു പോലും കൊള്ളാതെ രക്ഷപെട്ട ഒരാൾ ബാലചന്ദ്ര മേനോൻ മാത്രമായിരിക്കും'
ബാലചന്ദ്ര മേനോൻ
  • Share this:
പോർക്കളമായി മാറിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കേരളത്തിലെ നാനാ തുറകളിലും തിളങ്ങിയ ഒട്ടനവധി പ്രതിഭകളെ സമ്മാനിച്ച കലാലയം കൂടിയാണ്. പണ്ട് കാലത്ത് യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ ചെയർമാൻ ആയിരുന്നു ബാലചന്ദ്ര മേനോൻ. തന്റെ ഓർമ്മകുറിപ്പുമായി അദ്ദേഹം ഫേസ്ബുക്കിൽ. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

മുൻ രാഷ്ട്രപതി കെ ആർ നാരായണൻ അടക്കം എത്രയോ പ്രതിഭകളെ വാർത്തെടുത്ത ആ കലാലയത്തിൽ പഠിക്കാനും അവിടുത്തെ ചെയർമാനായി 'വിലസുവാനും' എനിക്ക് കിട്ടിയ അവസരം ഒരു ഭാഗ്യമായെ ഞാൻ കാണുന്നുള്ളൂ .

എന്നാൽ ആ കോളേജിലെ രാഷ്ട്രീയത്തിന് ഒരു അപകടസൂചന കൂടിയുണ്ട് എന്ന് കൂടി കൂട്ടി വായിക്കണം .രാവിലെ കുളിച്ചു പരീക്ഷ എഴുതാൻ ചെല്ലുന്ന ഒരു കോളേജ് യൂണിയൻ ഭാരവാഹി കോളേജ് ഗേറ്റു കടക്കുമ്പോൾ എതിരേൽക്കുന്നതു ഓർക്കാപ്പുറത്തു കിട്ടുന്ന എതിരാളിയുടെ സൈക്കിൾ ചെയിൻ കൊണ്ടുള്ള ഇരുട്ടടി ആയിരിക്കും . അതിന്റെ കാരണം അറിയുന്നത് വൈകുന്നേരമായിരിക്കും .അതാവട്ടെ തലേ ദിവസം കാസർഗോഡ് കോളേജിൽ നടന്ന ഒരു കുടിപ്പകയുടെ പകരം വീട്ടലായിരിക്കും . എങ്ങനുണ്ട്?

എന്നാൽ സത്യം പറയട്ടെ , എനിക്ക് അങ്ങിനെ ഒരു പീഡനം ഉണ്ടാകാഞ്ഞതും ഭാഗ്യമെന്നേ പറയേണ്ടു... പക്ഷെ എന്നിൽ ഒരു ആജ്ഞാശ്ശക്തി അന്തര്ലീനമായിട്ടുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞതും യൂണിവേഴ്സിറ്റി കോളേജിൽ വെച്ചാണ് . നമുക്ക് നേരെ ചീറിപ്പാഞ്ഞു വരുന്ന ഒരു ആനയെ നോക്കി സർവ്വ ശക്തിയും സമാഹരിച്ചു ആക്രോശിച്ചാൽ ആന വിരണ്ടു നില്കുന്നത് ഞാൻ പിന്നീട് പല വീഡിയോയിലും കണ്ടിട്ടുണ്ട് . ഞാൻ ചെയർമാൻ ആയിരിക്കെ നടന്ന ഒരു ചടങ്ങിൽ സഖാവ്
ഇ.എം.എസ് ആയിരുന്നു മുഖ്യാതിഥി .ഒരു പക്ഷെ ഞാൻ ജീവിതത്തിൽ ആദ്യമായും അവസാനമായും ഒരു വേദി അദ്ദേഹവുമായി പങ്കിട്ട ഒരേ ഒരു സന്ദർഭവും അതായിരിക്കണം.മീറ്റിംഗ് കഴിഞ്ഞു എല്ലാവരും പിരിഞ്ഞുകഴിഞ്ഞപ്പോൾ ആവശ്യമില്ലാതെ ഒരു ക്രമാസമാധാന പ്രശ്നമുണ്ടായി . അത്യാവശ്യം കല്ലേറും ഉന്തും തല്ലും ഒക്കെ ചേർന്ന ഒരു മസാല . പുറത്തു നിന്നിരുന്ന പോലീസുകാർ കൂടി ആയപ്പോൾ സംഗതി കുശാലായി . കോളേജിന്റെ ഒരു അടഞ്ഞ ബാൽക്കണിയിൽ നിന്ന എന്നെ ലാക്കാക്കി ഒരു ഭീമാകാരൻ പോലീസ് ചീറിപ്പാഞ്ഞു വരുന്നത് ഞാൻ കണ്ടു . എന്നാൽ എനിക്കെങ്ങോട്ടും ചാടിപ്പോകാനാവില്ല . ഭിത്തിയോട് ചേർന്ന് നിൽക്കാനേ കഴിയുള്ളൂ .അടി ഉറപ്പു തന്നെ . ചെയർമാനായാലും അടി കൊണ്ടാൽ നോവുമല്ലോ .ആ നിമിഷം എന്നിലും ഒരു ആവേശം നിറഞ്ഞു എന്നാലാവുന്ന തരത്തിൽ ഞാൻ അലറി വിളിച്ചു :
"എന്നെ തൊട്ടു പോകരുത്...."
ആ ഗർജ്ജനത്തിനു മുന്നിൽ പോലീസുകാരന്റെ ലാത്തി അറിയാതെ താണത് എങ്ങിനെ എന്ന് എനിക്കും ഇന്നും വിശ്വാസം വരുന്നില്ല . പക്ഷെ കാക്കിക്കുള്ളിലെ ആ മനുഷ്യ സ്നേഹിയെ ഇപ്പോൾ നന്ദിപൂർവ്വം ഓർക്കാതെ വയ്യ .മരിച്ചു പോയ എന്റെ സഹപാഠി ലെനിൻ രാജേന്ദ്രൻ ആ സംഭവത്തെപ്പറ്റി തമാശയായി പറഞ്ഞു പരത്തിയത് എനിക്കോർമ്മയുണ്ട് ...

"യൂണിവേഴ്സിറ്റി കോളേജിലെ ചെയർമാൻ ആയിരുന്നിട്ടു പോലീസിന്റെ ഒരു തല്ലു പോലും കൊള്ളാതെ രക്ഷപെട്ട ഒരാൾ ബാലചന്ദ്ര മേനോൻ മാത്രമായിരിക്കും . ഞാൻ ഇപ്പോഴും കരുതുന്നത് അടിക്കാൻ വന്ന പൊലീസിന് വേണ്ടി ഒന്നുകിൽ മേനോൻ ഒരുപാട്ടു പാടി കാണും ; അല്ലെങ്കിൽ ഒരു മിമിക്രി കാണിച്ചു കാണും . ആ ഗ്യാപ്പിൽ അടികൊള്ളാതെ രക്ഷപെട്ടുക്കാണും "

First published: July 13, 2019, 12:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading