1990-കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു സൂപ്പർഹീറോ ചിത്രമാണ് മിന്നൽ മുരളി (Minnal Murali). ഇടിമിന്നലെറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ഒരു നാട്ടിൻ പുറത്തെ തയ്യൽക്കാരന്റെ കഥ പറയുന്ന സിനിമയാണ്. ബേസിൽ ജോസഫാണ് (Basil Joseph) ചിത്രം സംവിധാനം ചെയ്യുന്നത്, മലയാളത്തിലെ യുവനിരയിലെ സൂപ്പർ താരം ടൊവിനോ തോമസിനെ (Tovino Thomas) ടൈറ്റിൽ റോളിൽ അവതരിപ്പിക്കുന്ന സിനിമയാണിത്.
ചിത്രത്തിന്റെ മേക്കിംഗിനെക്കുറിച്ച് സംവിധായകൻ ബേസിൽ ജോസഫിന്റെ വാക്കുകൾ- "മിന്നൽ മുരളി എന്ന ആശയം 2018ൽ എഴുത്തുകാരൻ അരുൺ ആണ് എന്നോട് പറയുന്നത്. രസകരമായ ഒരു ആശയമാണെങ്കിലും, മലയാളത്തിൽ ഒരു സൂപ്പർഹീറോ സിനിമ നിർമ്മിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അതും ഇത്തരം ഒരു കഥ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഒരുക്കുക എന്നത്, ഏറ്റെടുത്താൽ ഇതിനു വേണ്ടി പൂർണമായും സമർപ്പിക്കുക തന്നെ വേണം.
സി.ജിയും ആക്ഷൻ സീക്വൻസുകളും മാത്രമല്ല, തിരക്കഥയും ഈ വിഭാഗത്തിൽ യുക്തി ഭദ്രമാവണം, ഒരു സൂപ്പർഹീറോ കഥയുടെ സ്കെയിലുമായി ഇത് പൊരുത്തപ്പെടുന്നില്ലെങ്കിൽ എല്ലാം പെട്ടെന്ന് തന്നെ തെറ്റിയേക്കാം.
എന്നിരുന്നാലും, ഇത്തരം ഒരു ചിത്രം ഒരുക്കുക എന്നത് ഒരു സ്വപ്നം തന്നെ ആയിരുന്നു, അതുകൊണ്ടുതന്നെ ഇത് ഏറ്റെടുക്കണോ അതോ പ്രാപ്‌തമായ കൈകളിൽ ഏൽപ്പിക്കണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. എന്നാൽ ഈ സിനിമയുടെ കാര്യത്തിൽ, മലയാളത്തിലെ ഒരു സൂപ്പർ ഹീറോ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് ഒരു വെല്ലുവിളി മാത്രമല്ല, ഇത് ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യം കൂടിയായിരുന്നു.
വളരെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ഒരു പ്രചോദനമായിരുന്നു അത്, കൃത്യമായ സമയം മുടക്കി മിന്നൽ മുരളിയെ അവതരിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. മികച്ച അഭിനേതാക്കളും അണിയറപ്രവർത്തകരും ചിത്രത്തിലേക്ക് വന്നു. ഞാൻ മാത്രമല്ല, ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഉള്ള എല്ലാ ആളുകളും അവരുടെ 100% സിനിമയ്ക്ക് നൽകിയിട്ടുണ്ട്, ! അത് പ്രേക്ഷകർക്ക് സിനിമയിൽ കാണാൻ സാധിക്കുമെന്നും ചിത്രത്തെ ഏറ്റെടുക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ബേസിൽ ജോസഫ് പറഞ്ഞു.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രത്തിൽ ഫെമിന ജോർജ്, ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2021 ഡിസംബർ 24 ന് നെറ്റ്ഫ്ലിക്സിൽ സൂപ്പർഹീറോ വിസ്മയം മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തും!
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് 2014-ൽ ബാംഗ്ലൂർ ഡേയ്‌സിന്റെ സഹനിർമ്മാണത്തിലൂടെ അരങ്ങേറ്റം കുറിച്ചു, കേരളത്തിന് പുറത്തുള്ള പ്രധാന സെന്ററുകളിൽ എല്ലാം വിജയകരമായ തിയറ്ററുകളിൽ ഓടിയ ആദ്യ മലയാളം സിനിമ, മലയാള സിനിമയിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. പി.ആർ.ഒ. - എ.എസ്. ദിനേശ്, ശബരി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Brahmastra movie, Rajamouli, S.S. Rajamouli