• HOME
  • »
  • NEWS
  • »
  • film
  • »
  • Bheeshma Parvam review | തകർത്തുവാരി മൈക്കിളും കൂട്ടരും; 'ഭീഷ്മപർവ്വം' റിവ്യൂ

Bheeshma Parvam review | തകർത്തുവാരി മൈക്കിളും കൂട്ടരും; 'ഭീഷ്മപർവ്വം' റിവ്യൂ

Bheeshma Parvam review | തിയേറ്ററുകൾ പിടിച്ചുകുലുക്കാൻ ഒരു മമ്മൂട്ടി - അമൽ നീരദ് ചിത്രം.

ഭീഷ്മപർവ്വം

ഭീഷ്മപർവ്വം

  • Share this:
പാണ്ഡവർക്കും കൗരവർക്കും ഒരുപോലെ ബഹുമാന്യനായ ഭീഷ്മപിതാമഹൻ. സ്വച്ഛന്ദമൃത്യുവാകാൻ അനുഗ്രഹിക്കപ്പെട്ട നിത്യബ്രഹ്മചാരി. കുരുക്ഷേത്ര യുദ്ധത്തിൽ കൗരവപ്പടയെ നയിച്ച്, യുദ്ധത്തിന്റെ പത്താം നാൾ ശരശയ്യയിലേറി, ആഗ്രഹം പോലെ ഉത്തരായനം കാത്ത് കിടന്ന് മടങ്ങിയ മഹാനുഭാവൻ. മഹാഭാരത കഥയിൽ ആറാമതായ 'ഭീഷ്മപർവ്വം' (Bheeshma Parvam) അദ്ദേഹത്തെക്കുറിച്ചുള്ളതാണ്.

യുഗങ്ങൾക്കിപ്പുറം കേരളത്തിലെ മട്ടാഞ്ചേരിയിൽ, യമഹ രാജ്ദൂത് ഓടി തുടങ്ങിയ, വൈശാലി റിലീസായ തൊള്ളായിരത്തി എൺപത് കാലഘട്ടങ്ങളിലെ മട്ടാഞ്ചേരിയിൽ അഞ്ഞൂറ്റിൽ കുടുംബത്തിൽ തിരുവായ്ക്ക് എതിർവായില്ലാത്ത ഭീഷ്മർ; അതാണ് മമ്മൂട്ടി (Mammootty) കഥാപാത്രം മൈക്കിൾ അഥവാ 'മൈക്കിളപ്പൻ'.

സഹോദരങ്ങൾക്കും, അവരുടെ മക്കൾക്കും നാട്ടുകാർക്ക് പോലും 'മൈക്കിളപ്പൻ' പറഞ്ഞാൽ അതിനപ്പുറമില്ല. വെള്ള ജുബ്ബയും മുണ്ടുമുടുത്ത്, പഴയ തറവാടിന്റെ ഗോവണിപ്പടിയിറങ്ങിയുള്ള ആദ്യ വരവിൽ വലിയ ബിൽഡപ്പുകൾ കൊടുക്കാതെ കഥയുടെ ഒഴുക്കിലൂടെ മമ്മൂട്ടി കഥാപാത്രം മൈക്കിളിനെ കണ്ടും കേട്ടും പരിചയിക്കാം.

അവിടെയും ഇവിടെയുമായി കേൾക്കുന്ന ചെറിയ മുറുമുറുപ്പുകൾ, അഞ്ഞൂറ്റിൽ കുടുംബത്തിന്റെ പാണ്ഡവ-കൗരവ പടകളെ വഴിയേ പരിചയപ്പെടുത്തും. ബിസിനസ് കുടുംബമായ അഞ്ഞൂറ്റിലെ മൂത്തമകൻ പൈലി, അന്യമതത്തിലെ ഫാത്തിമയെ പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരിൽ, കുടിപ്പകയിൽ ജീവൻവെടിയുമ്പോൾ, ജ്യേഷ്‌ഠന്റെ മരണത്തിന് പ്രതികാരം ചെയ്ത് ജയിൽ ശിക്ഷ അനുഭവിച്ച അനുജനായ പഴയ നിയമവിദ്യാർഥിയാണ് മൈക്കിൾ. ഇതേ മൈക്കിൾ നീതി നിഷേധിക്കപ്പെടുന്നവരുടെ അത്താണിയായി അഞ്ഞൂറ്റിൽ തറവാട്ടിൽ നിലകൊള്ളുന്നു.

കാർന്നോർ ആണെങ്കിലും, മൈക്കിളപ്പൻ വെറുമൊരു മെയിൽ ഷോവനിസ്റ്റാകാനില്ല. സ്വന്തം സഹോദരി അല്ലെങ്കിൽ നാട്ടിലെ ഒരു പരിചയുമില്ലാത്ത പെൺകുട്ടി എന്ന വ്യത്യാസമില്ലാത്ത വിളിച്ചാൽ വിളിപ്പുറത്തെത്താൻ മൈക്കിളപ്പനുണ്ട്. സഹോദരന്റെ മകൻ പീറ്റർ (ഷൈൻ ടോം ചാക്കോ) വീട്ടമ്മയായ ബി.കോംകാരി ഭാര്യ ജെസ്സിയോട് (വീണ നന്ദകുമാർ) മുട്ടക്കറി വിളമ്പാൻ ആൺകോയ്മ കാട്ടി ആക്രോശിക്കുമ്പോൾ, പഠിച്ചതിനു ചേരുന്ന ജോലി ചെയ്യാൻ ജെസ്സിക്ക് തത്ക്ഷണം നിർദ്ദേശം നൽകുന്ന മൈക്കിൾ, സ്ത്രീകളുടെ രക്ഷകൻ എന്ന നിലയിൽ മാത്രമായി ചുരുങ്ങുന്നില്ല. അവരുടെ തീരുമാനങ്ങൾക്കും വിലകല്പിക്കുന്ന വ്യക്തിയാണദ്ദേഹം.

മൈക്കിളിന്റെ അധികാരസ്വാതന്ത്ര്യത്തിൽ ഉള്ളിൽ വെറുപ്പ് സൂക്ഷിക്കുന്ന ചില സഹോദരങ്ങളും അവരുടെ മക്കളും മരുമക്കളും ഒരു പക്ഷം ചേരുമ്പോൾ, പൈലിയുടെ ഭാര്യ ഫാത്തിമയും (നദിയ മൊയ്തു) മറ്റൊരു വിവാഹത്തിലെ അവരുടെ മക്കളും മൈക്കിളിന്റെ സഹോദരി സൂസനും (ലെന) കുടുംബവും, കണക്കപ്പിള്ള മണിയും (കോട്ടയം രമേശ്) മൈക്കിളിനോട് കൂറുള്ള മറുപക്ഷമായി നിലകൊള്ളുന്നു.

ഈ പക്ഷങ്ങൾ തമ്മിലെ സന്ധിയില്ലാ സമരത്തിൽ ഒരിക്കൽ താഴെവച്ച ആയുധം വീണ്ടുമെടുക്കാൻ മൈക്കിൾ നിർബന്ധിതനാവുന്നു.

മലയാളത്തിൽ താരാരാധന ഏറെയുള്ള 'ബിഗ് എം' മാരിൽ ഒരാളായ മമ്മൂട്ടിയെ താരപരിവേഷത്തിൽ കുളിപ്പിച്ച കഥാപാത്രമല്ല മൈക്കിൾ. വൺ മാൻ ഷോ പ്രതീക്ഷിക്കേണ്ട എന്ന് സാരം. മലയാളത്തിലെ ഒരുപിടി യുവതാരങ്ങളെക്കൂടി ഇവിടുത്തെ പാണ്ഡവ-കൗരവ നിരകളിൽ ഉൾപ്പെടുത്തിയെങ്കിൽ, അവർക്കെല്ലാം ആറാടി തിമിർക്കാനുള്ളത് അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നെഴുതിയ സ്ക്രിപ്റ്റിൽ ധാരാളമുണ്ട്. ഷൈൻ ടോം ചാക്കോയുടെ പീറ്റർ, സൗബിൻ ഷാഹിറിന്റെ അജാസ്, ഫർഹാൻ ഫാസിലിന്റെ പോൾ, സുദേവ് നായരുടെ രാജൻ മാധവൻ നായർ എന്നിവരും ആടിത്തിമിർക്കാൻ കൂടിയുണ്ട്.

'ബിഗ്ബി'ക്കു ശേഷം, 'ബിലാലിനും' മുൻപൊരു മമ്മൂട്ടി-അമൽ നീരദ് കോംബോ മട്ടാഞ്ചേരി കഥയുമായി വരുമ്പോൾ ബിലാൽ ജോൺ കുരിശിങ്കൽ ആവർത്തിച്ചാലോ എന്ന സംശയങ്ങൾക്ക് കൃത്യമായ മറുപടി 'ഭീഷ്മപർവ്വത്തിലുണ്ട്'. വീണ്ടുമൊരു ഗ്യാങ്സ്റ്റർ ചിത്രമായി മാറാതെ കുടുംബ ബന്ധങ്ങളും, വൈകാരിക നിമിഷങ്ങളും കൂട്ടിയിണക്കിയ മനോഹരമായ ഒരു തിരക്കഥയുടെ പിൻബലം 'ഭീഷ്മപർവ്വത്തിന്' എന്തുകൊണ്ടും മുതൽക്കൂട്ടായി.

അമൽ നീരദ് പടമെന്നാൽ പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യമോടിയെത്തുന്ന സംഘട്ടനം, സ്ലോ മോഷൻ, പശ്ചാത്തലത്തിലെ ചടുലതാളം എന്നിവയ്‌ക്കൊപ്പം ഇത്തവണ ആറ്റിക്കുറുക്കിയെടുത്ത സ്ക്രിപ്റ്റും ഒന്നിലധികം അഭിനേതാക്കൾക്ക് അഭിനയിച്ചു തിമിർക്കാനുള്ള അവസരവും കൂടിയായതും 'പടം വേറെ ലെവൽ' എന്ന് പറയാനുംവേണ്ടിയുള്ളതെല്ലാം റെഡി.

ഓർക്കാപ്പുറത്ത് വിടപറഞ്ഞ നെടുമുടി വേണുവും കെ.പി.എ.സി. ലളിതയും മലയാള സിനിമയിൽ അവസാനമായി ഒരേ ഫ്രയിമിൽ നിറഞ്ഞ അപൂർവകാഴ്ച ഇവിടെയുണ്ട്. ദമ്പതികളായ ഇരവിപ്പിള്ള, കാർത്യായനിയമ്മ എന്നിങ്ങനെ ദീർഘനേരമില്ലാത്ത നെഗറ്റീവ് കഥാപാത്രങ്ങളാണ് ഇരുവരും ചെയ്തത്. കഥയുടെ ഗതിമാറ്റാൻ ഈ കഥാപാത്രങ്ങൾ നിമിത്തമാക്കുന്നു.

ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, സുദേവ് നായർ എന്നിവരുടെ വില്ലൻ വേഷങ്ങൾക്ക് പുറമെ, വില്ലനിസം നിറഞ്ഞ ദിലീഷ് പോത്തന്റെ രാഷ്ട്രീയക്കാരൻ കഥാപാത്രം ജെയിംസ്, വൈദികനായ സൈമൺ അച്ചൻ എന്ന ജിനു ജോസഫ് കഥാപാത്രം എന്നിവയും എടുത്തുപറയേണ്ടവയാണ്.

മറ്റൊരു മഹാഭാരതയുദ്ധമായോ, 1980കളുടെ ഫ്ലാഷ്ബാക്കായോ അവസാനിക്കുന്നില്ല 'ഭീഷ്മപർവ്വം'. ദുരഭിമാനക്കൊലക്കെതിരെയുള്ള ഉറച്ച ശബ്ദം കൂടിയാണ് ഈ സിനിമ. അത് ചിത്രത്തിന്റെ ആദ്യ ഷോട്ട് മുതൽ അവസാനം വരെ പല സന്ദർഭങ്ങളിൽ ആവർത്തിച്ചാവർത്തിച്ചു പറയാൻ തിരക്കഥ ശ്രദ്ധപുലർത്തി. വൈദികവൃത്തിയുടെ പിൻബലത്തിൽ ചിലർ ചെയ്തു കൂട്ടുന്ന ദുഷ്പ്രവർത്തികൾ, അധികാരക്കൊതി തുടങ്ങി കാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചുള്ള സസൂക്ഷ്മ നിരീക്ഷണം സ്ക്രിപ്റ്റിന്റെ ഭാഗമാണ്.

നല്ല സിനിമാപാട്ടുകളുടെ കൂട്ടുകാരനിൽ നിന്നും സുഷിൻ ശ്യാം എന്ന സംഗീതജ്ഞൻ സിനിമയുടെ വേലിയേറ്റ-ഇറക്കങ്ങൾക്കൊപ്പം നീന്തുന്ന പശ്ചാത്തലസംഗീതം മികച്ച രീതിയിൽ ചിട്ടപ്പെടുത്തി. കഥാപാത്രങ്ങളെ പഠിക്കാൻ ഛായാഗ്രാഹകൻ ആനന്ദ് സി. ചന്ദ്രൻ ഉപയോഗിച്ച ടൈറ്റ് ഫ്രയിമുകളും, വാം ടോണും പറയാതിരിക്കാനാവില്ല.

പരീക്ഷയിലെ കടുകട്ടി ചോദ്യങ്ങൾക്ക് പ്രതീക്ഷിച്ചതിലും മികച്ച ഉത്തരമെഴുതി മാർക്ക് നേടുന്ന വിദ്യാർത്ഥിയുടേത് പോലത്തെ ഫീലാകും, ഒരു ആക്ഷൻ ഡ്രാമയ്ക്ക് 15 വർഷങ്ങൾക്ക് ശേഷം നായകൻ മമ്മൂട്ടിയും സംവിധായകൻ അമൽ നീരദും ചേർന്നുള്ള ഈ വരവ് കണ്ടാൽ ടിക്കറ്റ് എടുത്ത പ്രേക്ഷകന് ഒരുപക്ഷെ തോന്നുക. സിനിമ കണ്ട് തിയേറ്ററിനു പുറത്തിറങ്ങിയവർ മുഴുവൻ മാർക്ക് കൊടുത്താലും തെറ്റുപറയാനില്ല.
Published by:Meera Manu
First published: