• HOME
  • »
  • NEWS
  • »
  • film
  • »
  • Bheeshma Parvam | 'തിരുത കൊടുക്കുന്ന കഥാപാത്രത്തിന് അമൽ നീരദ് K.V. തോമസ് എന്ന് പേരു കൊടുത്താലും വിരോധമുണ്ടാവില്ല'

Bheeshma Parvam | 'തിരുത കൊടുക്കുന്ന കഥാപാത്രത്തിന് അമൽ നീരദ് K.V. തോമസ് എന്ന് പേരു കൊടുത്താലും വിരോധമുണ്ടാവില്ല'

'ഭീഷ്മപർവ്വം' സിനിമയിലെ ദിലീഷ് പോത്തൻ കഥാപാത്രത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി മുൻ എം.പി. കെ.വി. തോമസിന്റെ മകൻ ബിജു തോമസ്

ഭീഷ്മപർവ്വത്തിൽ ദിലീഷ് പോത്തൻ

ഭീഷ്മപർവ്വത്തിൽ ദിലീഷ് പോത്തൻ

  • Share this:
    അഞ്ഞൂറ്റിൽ കുടുംബത്തിലെ നിറസാന്നിധ്യമായ കട്ടിക്കണ്ണടക്കാരൻ എം.പി. ജെയിംസ്. ഡൽഹിക്ക് തിരുത അയക്കുന്നതാണ് കക്ഷിയുടെ മെയിൻ ആയി സിനിമയിൽ കാണിക്കുന്നത്. മൈക്കിളിനെ അത്ര പഥ്യമല്ലാത്ത കുടുംബക്കാരുടെ കൂട്ടത്തിൽ കൂട്ടാവുന്നയാളാണ് ജെയിംസ്. ഭീഷ്മപർവ്വത്തിലെ (Bheeshma Parvam) ദിലീഷ് പോത്തൻ കഥാപാത്രവുമായി അത്രയേറെ രൂപസാദൃശ്യമുള്ള ഒരു രാഷ്ട്രീയ നേതാവ് കേരളത്തിലുമുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. സിനിമ കണ്ട ശേഷം മുൻ എം.പി. കെ.വി. തോമസിന്റെ മകൻ ബിജു തോമസ് കുറിച്ച ഫേസ്ബുക്ക് വാചകങ്ങൾ ശ്രദ്ധേയമാവുകയാണ്. കഥാപാത്രത്തിന് സംവിധായകൻ അമൽ നീരദ് കെ.വി. തോമസ് എന്ന് നാമകരണം ചെയ്താലും വിരോധമില്ല എന്ന് ബിജു എഴുതുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ വായിക്കാം:

    'ഭീഷ്മപർവ്വം' കണ്ടു, സിനിമയെ കുറിച്ച് ഒത്തിരി അഭിപ്രായം വായിച്ചു. എനിക്ക് കൂടുതലൊന്നും പറയാനില്ല. പക്ഷേ അതിലെ ഒരു കഥാപാത്രത്തെ കുറിച്ച് പറയാനുണ്ട്.

    ദിലീഷ് പോത്തന്‍ അഭിനയിച്ച ടി.വി. ജയിംസ്. എൺപതുകളിലെ എംപി, മൂന്ന് പ്രാവിശ്യം ജയിച്ചു, ചതുര കണ്ണട, കഷണ്ടി, പോക്കറ്റിൽ ഡയറി, പേന, കൈയിൽ ബ്രീഫ്കേസ്. പിന്നെ ട്രേഡ്മാര്‍ക്‌ ആയി കുമ്പളങ്ങിയില്‍ നിന്നു ഡല്‍ഹിയില്‍ കൊണ്ട്‌ കൊടുത്തു സ്ഥാനമാനങ്ങളിലേക്ക് വഴി തുറക്കുന്ന തിരുത.

    അമൽ നീരദിന്, കഥാപാത്രത്തിന് കെ.വി. തോമസ് എന്ന് പേര്‌ കൊടുത്താലും, ഞങ്ങള്‍ക്ക് വിരോധമുണ്ടാവില്ല, കാരണം ഇതിലൊക്കെ എത്രയോ വലുതാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സഹായിച്ചിട്ടുള്ളത്.

    ചാര കേസില്‍ തുടങ്ങി ഹവാല കേസ് വരെ എല്ലാം സുഹൃത്തുക്കളുടെ സഹായമാണ്.

    ഇതൊക്കെ നേരിട്ട് ഒന്നും ചെയ്യാൻ പറ്റാത്തത് കൊണ്ടുള്ള സഹായങ്ങള്‍.

    ഭീഷ്മപര്‍വ്വത്തിലുള്ള കഥാപാത്രം ന്യൂ ജെൻകാരുടെ സംഭാവനയാണ്. പണ്ടുള്ള സഹപ്രവര്‍ത്തകരുടെ പുതു തലമുറ.

    ഒരു കാര്യത്തിൽ സന്തോഷമുണ്ട്, സിനിമയില്‍ കാണിച്ച പോലെ, ജീവിതത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടില്ല.

    സിനിമയിലുള്ള പോലെ ഒരു ഉപകാരവും ചെയ്യാത്ത എംപി അല്ല. അദ്ദേഹത്തിന്റെ കയ്യൊപ്പുകൾ - കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതിലും, കൊച്ചിയില്‍ മെട്രോ വന്നതിലും, വിമാനത്താവളത്തിലും തൊട്ട് ഭാരതത്തിന്‌ വേണ്ടി ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതില്‍ വരെ നീളുന്നു.

    അല്ലാതെ ഇന്നത്തെ ചെക്കന്‍മാരെ പോലെ ജീൻസും ടി-ഷർട്ടും ഇട്ട്, ബസ് സ്റ്റോപ്പും, കായലോരത്ത് നടപ്പാതയും ഉണ്ടാക്കലല്ല 2019ന് മുമ്പുള്ള എംപിയുടെ സാമർഥ്യം.

    ഒരു കാലത്ത് ഞങ്ങളുടെ വീട്ടില്‍ താമര വിരിയും എന്നായിരുന്നു, പിന്നെ അത് അരിവാള്‍ വെച്ച് മുറിക്കും എന്നായി. പക്ഷേ ഇന്നും ഡാഡിക്ക് ഖദറിന്റെ മുണ്ടും ഷർട്ടും തന്നെയാണ് വേഷം. അല്ലാതെ ഉലകം ചുറ്റും വാണിഭനല്ല.

    ഒരു കാര്യത്തിൽ സന്തോഷമുണ്ട്, ഇന്നും കെ.വി. തോമസിന് പ്രസക്തിയുണ്ട്, സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും പലർക്കും പേടിയുണ്ട്, അല്ലെങ്കില്‍ ഇങ്ങനെ ഒരു കഥാപാത്രം ഈ സിനിമയില്‍ എഴുതി ചേര്‍ക്കപ്പെടില്ല."



    മകന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് കെ.വി. തോമസും ഒരു കുറിപ്പിട്ടിട്ടുണ്ട്:

    "ഞാനും കുടുംബവും സിനിമാ സ്നേഹികളാണ്. പണ്ടൊക്കെ ഒരുമിച്ച് തിയേറ്ററിൽ പോയി മിക്കവാറും എല്ലാ സിനിമയും കാണും. ഇന്ന് മക്കളോക്കെ വളര്‍ന്ന് പല സ്ഥലങ്ങളിലായി. ഇപ്പോൾ ടിവിയിലൂടെ പറ്റാവുന്ന സിനിമകള്‍ കാണാറുണ്ട്.

    എന്റെ മകന്‍ ബിജു, ദുബായില്‍ ജോലി നോക്കുന്നു, അവന്‍ ഒട്ടുമിക്ക സിനിമയും തിയേറ്ററിൽ പോയി ഇന്നും കാണാറുണ്ട്. അവനെന്നും വേറിട്ട അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന്ത് അവന്റെ ചിന്തകളാണ്.



    മമ്മൂട്ടി എന്നും എന്റെ പ്രിയപ്പെട്ട ശിഷ്യനാണ്, ദിലീഷ് പോത്തനെ അറിയാം, നല്ലോരു നടനും ഡയറക്ടറുമാണ്. അമൽ നീരദിന്റെ 'ഭീഷ്മപർവ്വത്തിന്' എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു!'
    Published by:user_57
    First published: