• HOME
 • »
 • NEWS
 • »
 • film
 • »
 • Brother's Day movie review: ഈ ക്രൈം ത്രില്ലർ പൊളിച്ചു ബ്രോ!

Brother's Day movie review: ഈ ക്രൈം ത്രില്ലർ പൊളിച്ചു ബ്രോ!

Read Brother's Day movie full review | കെട്ടുപിണഞ്ഞ സങ്കീർണ്ണതകളിലൂടെ ബ്രദേഴ്‌സ് ഡേ

 • Share this:
  #മീര മനു

  'ചേട്ടൻ ഡയറക്റ്റ് ചെയ്‌താൽ ഞാൻ ഡേറ്റ് തരാം' സംവിധായകൻ ഷാജോണിന്റെ സ്ക്രിപ്റ്റിന് മേൽ ഏതാനും വർഷങ്ങൾക്ക് മുൻപ് പൃഥ്വിരാജ് നൽകിയ ഈ ഉറപ്പിലാണ് 'ബ്രദേഴ്‌സ് ഡേ' എന്ന ചിത്രം ഇപ്പോൾ കാണികൾക്ക് മുൻപിൽ എത്തിയത്. ഷാജോണിന്റെ ആദ്യ സംവിധാന ചിത്രം. കൂടാതെ കഴിഞ്ഞ കുറെ വർഷങ്ങളായി ഹൊറർ, സയൻസ് ഫിക്ഷൻ തുടങ്ങി വ്യത്യസ്ത ജോണറുകൾ പരീക്ഷിക്കുകയും, സംവിധാനവും നിർമ്മാണവും വരെ മികച്ച രീതിയിൽ ചെയ്ത് തെളിയിച്ചു കാട്ടിയ നായകൻ. ശേഷം ഒരു ഫാമിലി-ക്രൈം ത്രില്ലറിൽ പൃഥ്വി തിരികെ എത്തിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ.

  ഒരു ക്രൈം ചിത്രത്തിന് ആവശ്യമായ സസ്പെൻസ്, നിഗൂഢത എന്നിവ സിനിമയിൽ ഉടനീളം നിലനിർത്തിക്കൊണ്ടാണ് ബ്രദേഴ്‌സ് ഡേയുടെ മേക്കിങ്. ഇടവേള വരെയുള്ള സമയം ഈ സസ്പെൻസ് ആടിയുലയാതെ നിലനിർത്താൻ ഉള്ള ശ്രമമായി കണക്കാക്കാം. ചിത്രം കാണാൻ വരുന്ന കുടുംബ പ്രേക്ഷകർക്കുള്ള ഡോസ് നിറച്ചിരിക്കുന്നത് ഇവിടെയാണ്. ഒരു പക്ഷെ ആ ഘട്ടം കഴിഞ്ഞു കിട്ടുന്നത് വരെയും പ്രേക്ഷകരും നേരിയ ആശയക്കുഴപ്പത്തിലാവാം. കാരണം ഒറ്റ നോട്ടത്തിൽ എങ്ങനെയെന്ന് മനസ്സിലാവാത്ത ഒന്നിലധികം കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കലിലേക്കു അവരെ കൂട്ടിക്കൊണ്ടു പോകുന്ന വഴിയാണിവിടം. ഇതിൽ ഒരു നായകനും രണ്ടു പ്രതിനായകന്മാർക്കും സ്ക്രിപ്റ്റ് പ്രാധാന്യം കൽപ്പിക്കുന്നു. നാല് നായികമാരെ പലയിടങ്ങളിലായി സ്ക്രിപ്റ്റിന്റെ ഗതിവേഗം നിർണ്ണയിക്കുന്നിടത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു.  കഥാതന്തു പറഞ്ഞു കൊണ്ടുള്ള അവലോകനം ബ്രദേഴ്‌സ് ഡേയുടെ കാര്യത്തിൽ സാധ്യമല്ല. തലക്കെട്ടിന്റെ പ്രാധാന്യം എന്തെന്ത് കണ്ടു മനസ്സിലാക്കുന്നതാണ് അഭികാമ്യം. അത്രയും കെട്ടുപിണഞ്ഞു കിടക്കുന്ന സങ്കീർണ്ണതകളിലൂടെയാണ് ഈ സിനിമയുടെ പോക്ക്.

  സ്വപ്നക്കൂടിലോ വെള്ളിനക്ഷത്രത്തിലോ ചോക്കലേറ്റിലോ കണ്ട പൃഥ്വി അല്ലെങ്കിലും, അമർ അക്ബർ അന്തോണിയിലെ അമറിന്റെ അടുത്തോളം തിരികെ എത്തിയ പൃഥ്വിയെയാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക. ഇനിയും വരാനിരിക്കുന്ന മെഗാ പ്രോജെക്റ്റുകളുടെ മദ്ധ്യേ ഇത്തരം ഒരു ചിത്രം പൃഥ്വിരാജ് തിരഞ്ഞെടുത്തത് പ്രേക്ഷകരുടെ ഭാഗത്തു നിന്നും നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കുന്നത് ഇങ്ങനെയാണ്. ഇടക്കൊരു റീലാക്സിങ് ഫീൽ നൽകുന്ന കഥാപാത്രം സമ്മാനിക്കുക. റോണിയെന്ന സഹോദരനും, കാമുകനും, കൂട്ടുകാരനും പൃഥ്വിയിൽ നിന്നും മെയ്‌വഴക്കത്തോടെ പുറത്തു വരുന്നു.

  മറ്റൊരു കാസ്റ്റിംഗ് മികവാണ് വില്ലൻ കഥാപാത്രമായ തമിഴ് നടൻ പ്രസന്ന. ഈ സെലെക്ഷൻ തെറ്റിയില്ല എന്നു പ്രേക്ഷകർ തന്നെ പറയും. പ്രത്യക്ഷത്തിൽ സൗമ്യനായ, എന്നാൽ ചിന്താതീതമായ ക്രൂരതയുടെ പര്യായമായ കൊടുംകുറ്റവാളിയാവാൻ പ്രസന്നയ്ക്ക് തന്റെ ആദ്യ മലയാള ചിത്രത്തിൽ ആവുന്നുണ്ട്. ശരീര ഭാഷയിലും അവതരണത്തിലും ഇത് കൈമോശം വരാതെ തന്നെ അഭിനയിച്ചു ഫലിപ്പിക്കുന്നുമുണ്ട് പ്രസന്ന.  നായികമാരായി ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ, മഡോണ എന്നിവർ ഓരോ ഘട്ടങ്ങളിൽ സ്ക്രിപ്റ്റിൽ പ്രാധാന്യം അർഹിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ സ്ക്രീൻ സ്‌പെയ്‌സ് ലഭിച്ചിരിക്കുന്ന ഐശ്വര്യ തന്റെ സ്വതസിദ്ധമായ പാടവത്തോടെ വ്യത്യസ്ത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സാന്റയെ അവതരിപ്പിച്ചിരിക്കുന്നു.

  ബാംഗ്ലൂർ ഡെയ്‌സിലെ കുട്ടന്റെ അച്ഛനായി, അതുവരെയുള്ള കർക്കശക്കാരൻ കാരണവർ കഥാപാത്രങ്ങളിൽ നിന്നും ട്രാക്ക് മാറ്റി പിടിച്ച വിജയരാഘവന്റെ രസകരമായ അവതരണശൈലിയാണ് ബ്രദേഴ്‌സ് ഡെയിലെ ചാണ്ടി. ചിത്രത്തിലെ ഹ്യൂമർ അംശത്തിന് ഈ കഥാപാത്രം ഒരു മുതൽക്കൂട്ടാണ്.

  ക്ലൈമാക്സ് അവസാനിക്കുന്നിടത്ത് സൈൻ ഓഫിനായി സംവിധായകൻ അതിഥി വേഷത്തിലെത്തുന്നത് സിനിമയുടെ രൂപകൽപ്പനയിൽ ഷാജോണിന്റെ പങ്കും അതിനായി നടത്തിയ ശ്രമത്തിന്റെയും ശുഭപര്യവസായി ആയി മാറുന്നു. കുടുംബങ്ങൾക്കും, ക്രൈം-ത്രില്ലർ ഇഷ്ടപ്പെടുന്ന യുവ ജനതയ്ക്കും തിയേറ്ററിൽ ലഭിക്കുന്ന ഓണസമ്മാനമായിരിക്കും ബ്രദേഴ്‌സ് ഡേ.

  First published: