• HOME
  • »
  • NEWS
  • »
  • film
  • »
  • CBI 5: The Brain review |സേതുരാമയ്യരെ വെള്ളം കുടിപ്പിച്ച കേസ്; കൊലപാതക പരമ്പരകളുടെ ചുരുളഴിച്ച് 'അയ്യർ ദി ഗ്രേറ്റ്'

CBI 5: The Brain review |സേതുരാമയ്യരെ വെള്ളം കുടിപ്പിച്ച കേസ്; കൊലപാതക പരമ്പരകളുടെ ചുരുളഴിച്ച് 'അയ്യർ ദി ഗ്രേറ്റ്'

CBI 5 The Brain review | സേതുരാമയ്യരുടെയും സംഘത്തിന്റെയും അഞ്ചാം വരവ്. സി.ബി.ഐ. 5 റിവ്യൂ

സി.ബി.ഐ. 5: ദി ബ്രെയിൻ

സി.ബി.ഐ. 5: ദി ബ്രെയിൻ

  • Share this:
    സേതുരാമയ്യരെ (മമ്മൂട്ടി - Mammootty) വെള്ളം കുടിപ്പിക്കാനും വേണ്ടി ഒരു കേസ് ഉണ്ടോ? വീട്ടമ്മയായ ഓമന മുതൽ വിദ്യാർത്ഥിനിയായ മൈഥിലി വരെയുള്ളവരുടെ കൊലപാതകം തന്റെ ബുദ്ധി പ്രയോഗിച്ച് തെളിയിച്ച അയ്യർക്ക് മുന്നിൽ ഇവിടെയുള്ളത്, ഏതെങ്കിലും ഒരു മരണമല്ല, വലിയ ചോരക്കളിയില്ലാത്ത, എന്നാൽ അത്യന്തം പ്ലാൻ ചെയ്ത് നടത്തിയ കൊലപാതകങ്ങളാണ്. സി.ബി.ഐയുടെ തലച്ചോർ (CBI 5: The Brain) തിരഞ്ഞെത്തേണ്ടത് ഒന്നിനുപിറകെ ഒന്നായി അരങ്ങേറുന്ന കൊലപാതക പരമ്പര, അഥവാ ബാസ്കറ്റ് കില്ലിംഗിന്റെ പിന്നാലെയാണ്. ആ മരണങ്ങളെ ബന്ധിപ്പിക്കുന്ന കാരണം അന്വേഷിക്കാനായി സേതുരാമയ്യരും സംഘവും വീണ്ടുമെത്തുന്നു.

    കുറ്റാന്വേഷണ ലോകത്തെ നവാഗതരെ സ്വാഗതം ചെയ്ത് പുതിയ ദൗത്യത്തിലേക്കുള്ള ആമുഖമെന്ന നിലയിൽ സേതുരാമയ്യരുടെ സഹപ്രവർത്തകനായ ബാലു (രൺജി പണിക്കർ) നടത്തുന്ന ആമുഖ പ്രസംഗത്തിൽ നിന്നും സി.ബി.ഐയുടെ തിലകക്കുറിയായി മാറിയ ഈ കേസിലേക്ക് കടക്കാം.

    മന്ത്രി സമദ്, അദ്ദേഹത്തിന്റെ പേർസണൽ ഡോക്ടർ വേണു, മരണങ്ങളിൽ ദുരൂഹത ആരോപിക്കുന്ന മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ ഭാസുരൻ, പോലീസ് ഉദ്യോഗസ്ഥൻ ജോസ്‌മോൻ എന്നിവർ അടുത്തടുത്ത് മരണപ്പെടുന്നു. സ്വാഭാവിക മരണം എന്ന് ആർക്കും തോന്നിയേക്കാവുന്ന തരത്തിലെ മന്ത്രിയുടെ മരണം പക്ഷെ അസ്വാഭികമാവുന്നതോടെ സി.ബി.ഐ. ആക്ഷൻ എടുക്കുന്നു. ഇതിനിടെ മന്ത്രിയുടെ പേർസണൽ സ്റ്റാഫ് അംഗം മുത്തുക്കോയയുടെ തിരോധാനവും സംശയാസ്പദമായ സാഹചര്യങ്ങളിൽ അണിചേരുന്നു.

    നാല് കൊലപാതകങ്ങളിൽ തുടങ്ങുന്ന അന്വേഷണം, (കഥാഗതിയിൽ ഒരെണ്ണം കൂടി ചേരുന്നു) കാണാനിരിക്കുന്ന പ്രേക്ഷകന് ലഭിക്കേണ്ട ഒരു കാര്യമുണ്ട്, വ്യക്തത. കേസുകൾ നൂലാമാലകളിൽ പെടുമ്പോഴും, അതിന്റെ സമ്മർദം അവരിലേക്ക്‌ വീഴാതിരിക്കണമെങ്കിൽ തിരക്കഥ അരക്കിട്ടുറപ്പിച്ചിരിക്കണം. കുറ്റാന്വേഷണ സീരീസുകളുടെ കുലപതി എസ്.എൻ. സ്വാമി ആ ജോലി ഭംഗിയായി പൂർത്തീകരിച്ചതിനാൽ, പ്രേക്ഷകർക്ക് അയ്യരുടെയും കൂട്ടരുടെയും അന്വേഷണം ആയാസരഹിതമായി, കൗതുകം ചോരാതെ കണ്ടുകൊണ്ടിരിക്കാം. അടുക്കും ചിട്ടയും ചേർന്ന തട്ടുകൾ ഒരുക്കാൻ സംവിധായകൻ കെ. മധുവും കൂടിയാൽ പിന്നെ പറയേണ്ട കാര്യമില്ല.

    കുറിതൊട്ട്, കൈകൾ പിന്നിൽക്കെട്ടിയുള്ള നടത്തത്തോടെ അവതരിക്കുന്ന സേതുരാമയ്യർക്ക് മുന്നിൽ കെട്ടുപിണഞ്ഞുകിടക്കുന്ന കേസ് ആരംഭിക്കുകയായി. CBI പരമ്പരയ്ക്കു തുടക്കം കുറിച്ച ഒരു സി.ബി.ഐ. ഡയറി കുറിപ്പ് കൃത്യം 34 വർഷം പിന്നിലായിരുന്നു എന്ന് ഓർമ്മിപ്പിക്കേണ്ടി വരും അയ്യരെ വീണ്ടും കാണുമ്പോൾ. അന്നും ഇന്നും അയ്യരുടെ രൂപത്തിനും ബുദ്ധികൂർമതയ്ക്കും തെളിച്ചം കൂടിയെന്ന് മാത്രമല്ല, ഇപ്പോഴും യുവതലമുറയ്ക്ക് മത്സരിച്ചെത്താൻ കഴിയാത്തവണ്ണം അദ്ദേഹം തന്റെ കരിയറിൽ തിളങ്ങുന്നു എന്നുകൂടിയാണ്.

    എല്ലാ സി.ബി.ഐ. കേസുകളും പോലെ തന്നെ ഇവിടെയും പ്രധാന പ്രതി സംശയത്തിന്റെ നിഴലിൽ പെടാതെ അവസാനനിമിഷം വരെ നിൽക്കുന്നുണ്ട് എന്നത് തന്നെയാണ് ഇതിന് പിന്നിലെ ബ്രെയിൻ. ഒടുവിൽ തെളിവാകുന്നതും പ്രതിയുടെ തന്നെ കണക്കുകൂട്ടലുകളിൽ പെടാത്ത തീരെ നിസാരമെന്നു തോന്നിയേക്കാവുന്ന ഒരു തുമ്പും. ഇക്കുറി ഒരുപക്ഷെ സിനിമയ്ക്ക് പേര് നൽകിയത്, കൊലപാതകങ്ങൾക്ക് പിന്നിലും മുന്നിലും തലച്ചോർ അഥവാ ബ്രെയിൻ എത്രത്തോളം പ്രാധാന്യമർഹിക്കുന്നതിനാലാവും.

    ശ്യാം എന്ന സംഗീത സംവിധായകനോട് മലയാള സിനിമ കടപ്പെട്ടിരിക്കുന്നെങ്കിൽ സുപ്രധാന കാരണം സി.ബി.ഐ. പരമ്പരകളുടെ പശ്ചാത്തല സംഗീതം ആവും കാരണം. പരമ്പരയുടെ അഞ്ചാം ഭാഗത്തിൽ അതിനായി അവസരം ലഭിച്ച ജേക്സ് ബിജോയ് ആണ് സിനിമയുടെ മൂഡിനെ പ്രേക്ഷകരിലേക്കെത്തിക്കുന്ന പ്രധാനകണ്ണി.

    അയ്യർക്കൊപ്പം ഇക്കുറി അന്വേഷണ സംഘത്തിൽ ചാക്കോയും (മുകേഷ്), ബാലു എന്ന ബാലഗോപാലും, കിഷോറും (രമേഷ് പിഷാരടി), മാത്യൂസ് (പ്രശാന്ത് അലക്‌സാണ്ടർ) ജ്യോതിയും (അൻസിബ ഹസൻ) ചേരുമ്പോൾ ഏവരും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു പേര് ഇനിയും വന്നിട്ടില്ല; വിക്രം. ഏറെ നാളുകൾക്കു ശേഷം തന്റെ ശാരീരിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ജഗതി ശ്രീകുമാർ വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തുമ്പോൾ, ഈ സി.ബി.ഐ. കഥയിൽ നിർണ്ണായകമാവുന്നതും, അദ്ദേഹമല്ലാതെ മറ്റാരുമല്ല.

    DySP സത്യദാസ് ആയി സായ് കുമാർ വീണ്ടും സി.ബി.ഐ. കഥയിൽ എത്തുന്നു. അനൂപ് മേനോൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ജി. സുരേഷ്‌കുമാർ, ആശ ശരത്, പ്രതാപ് പോത്തൻ, കനിഹ, കൃഷ്ണ, സുദേവ് നായർ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരും ശ്രദ്ധേയപ്രകടനം കാഴ്ചവെയ്ക്കുന്നു.

    മൂന്നു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും, പേരിനു കോട്ടം തട്ടാത്ത, കറയറ്റ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കാണാൻ പ്രേക്ഷകർക്ക് ധൈര്യമായി തിയേറ്ററിൽ കയറാം.
    Published by:user_57
    First published: