വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' (Neelavelicham) എന്ന ചലച്ചിത്രത്തിലെ റിമ കല്ലിങ്ങലിന്റെ കഥാപാത്രചിത്രം പുറത്തിറങ്ങി. ഭാർഗവിയായി വേഷമിടുന്ന റിമ കല്ലിങ്ങൽ നൃത്ത രംഗത്തിന്റെ ഭാഗമായി നിൽക്കുന്ന പോസ്റ്ററാണ് പിന്നണി പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.
തലശ്ശേരിയിൽ ചിത്രീകരണം തുടരുന്ന 'നീലവെളിച്ചം' ഡിസംബറിൽ പുറത്തിറങ്ങുമെന്ന് പിന്നണി പ്രവർത്തകർ അറിയിച്ചു. 1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്റർ സംവിധാനം ചെയ്ത് മധു, പ്രേംനസീർ, വിജയനിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനഃരാവിഷ്കാരമാണ് 'നീലവെളിച്ചം'.
ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സൈജു ശ്രീധരനാണ്. ബിജിബാലും റെക്സ് വിജയനും ചേർന്ന് സംഗീതം നൽകുന്നു. പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കർ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്. മായാനദി, വൈറസ്, നാരദൻ എന്നി ചിത്രങ്ങൾക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് 'നീലവെളിച്ചം'. പി.ആർ.ഒ. - എ.എസ്. ദിനേശ്.
Also read: 'കടുവ'യുടെ ഗര്‍ജനം ഇനി ആമസോണ്‍ പ്രൈമില്‍; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചുതിയേറ്ററുകളില് നേടിയ വന്‍ വിജയത്തിന് പിന്നാലെ പൃഥ്വിരാജ് - ഷാജി കൈലാസ് ചിത്രം കടുവയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 4 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീം ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മലയാള സിനിമയില്‍ നിരവധി ആക്ഷന്‍ സിനിമകള്‍ ഒരുക്കിയ ഷാജി കൈലാസ് ഒരു ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ കടുവ തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.
90-കളില്‍ പാലാ പ്ലാന്ററായിരുന്ന കടുവാക്കുന്നേല്‍ കുരിയാച്ചന്റെയും (പൃഥ്വിരാജ്) ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഐജി ജോസഫ് ചാണ്ടിയുടെയും (വിവേക് ഒബ്റോയ്) ഏറ്റുമുട്ടലിന്റെ കഥയാണ് ആക്ഷന്‍ ഡ്രാമയായ കടുവ പറയുന്നത്. സംയുക്ത മേനോന്‍ നായിയാകുന്ന ചിത്രത്തില്‍ കുരിയച്ചന്റെയും ചാണ്ടിയുടെയും കടുത്ത മത്സരവും അതോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
''കടുവ എന്റെ ഹൃദയത്തോട് വളരെ അടുത്തു നില്‍ക്കുന്ന സിനിമയാണ്. ജീവിതത്തേക്കാള്‍ വലിയ മാസ്സ്, ആക്ഷന്‍ എന്റര്‍ടെയ്നറാണ് ഈ ചിത്രം. കുറച്ചുകാലമായി മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് അപ്രത്യക്ഷമായ ഒരു വിഭാഗമാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസാണ് സിനിമ സംവിധാനം ചെയ്യുന്നത്, ''നടന്‍ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു. മലയാള സിനിമയ്ക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്ന് വളരെയധികം സ്‌നേഹം ലഭിക്കുന്നുണ്ട്, പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുമ്പോള്‍ കടുവയ്ക്ക് അതേ സ്‌നേഹവും അഭിനന്ദനവും ലഭിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.