വലിയ തലക്കെട്ടായോ ബ്രേക്കിംഗ് ന്യൂസ് ആയോ വന്ന സമയത്ത്, ഭാഷാ ദേശാന്തരങ്ങൾ മറന്ന് പൊതുജനം തെരുവിൽ മധുരപലഹാരവിതരണം നടത്തിയ ഒരു വാർത്തയുണ്ട്. പിൽക്കാലത്ത് അത് വിഷയമാക്കി മലയാളത്തിൽ തന്നെ ഒരു വിമർശനാത്മക ചിത്രവും ഇറങ്ങുകയുണ്ടായി. സ്ത്രീകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയവരെ എൻകൗണ്ടർ അഥവാ ഏറ്റുമുട്ടൽ നടത്തി നിറയൊഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ. പ്രതി കുറ്റക്കാരനെന്ന് ബോധ്യംവന്നാൽ ഇതിലും വലിയ ശിക്ഷ വേറെയുണ്ടോ എന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളും ട്വീറ്റുകളും നിറഞ്ഞുകവിഞ്ഞ ആ കാലത്തിന് അത്ര പഴക്കമില്ല. നിയമത്തിന്റെ ചട്ടക്കൂടിന് പുറത്ത് നീതി വിധിക്കുന്ന എൻകൗണ്ടർ സ്പെഷ്യലിസ്റ് ആയ ഐ.പി.എസുകാരൻ ക്രിസ്റ്റഫറിന് (Christopher) അത്തരക്കാരുടെ ചങ്കിൽ ബുള്ളറ്റ് തറപ്പിക്കാൻ തെല്ലും ദാക്ഷണ്യമില്ല.
നിയമം അനുശാസിക്കുന്ന വഴിയേ പോയി നീതി ലഭിക്കും വരെ, അല്ലെങ്കിൽ ഉന്നതങ്ങളിൽ സ്വാധീനമുള്ള കുറ്റവാളി പുല്ലുപോലെ ഇറങ്ങിപോകുന്നത് നോക്കിനിൽക്കേണ്ടി വരുന്നതുവരെയോ കാത്തുനിൽക്കാൻ ക്ഷമയില്ലാത്ത ഇദ്ദേഹത്തിന് പൊതുജനങ്ങൾക്കിടയിൽ ഹീറോ എന്നതിൽക്കുറഞ്ഞൊരു വിശേഷണം ഇല്ല. അതിഭാവുകത്വമില്ലാത്ത ആക്ഷൻ ഹീറോയായി മമ്മൂട്ടിയുടെ വൺ മാൻ ഷോ ഇവിടെ, ഇങ്ങനെ ആരംഭിക്കുന്നു.
പാതിരാത്രിയെന്നോ പകൽവെളിച്ചമെന്നോ ഇല്ലാതെ പെണ്ണിനെ കണ്ടാൽ കേറിപ്പിടിച്ചും ശ്വാസംമുട്ടിച്ചും, പെട്രോൾ ഒഴിച്ച് കത്തിച്ചും തലമുടിനാരു പോലും അവശേഷിപ്പിക്കാതെ കൊന്ന് ഉപേക്ഷിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ, പഞ്ചായത്തിൽ ഒരു ക്രിസ്റ്റഫർ എങ്കിലും വേണ്ടേ എന്ന് തോന്നിപ്പോകുന്ന വിധമാണ് ഉദയ് കൃഷ്ണയുടെ സ്ക്രിപ്റ്റിൽ പിറന്ന ഈ പോലീസ് ഉന്നതൻ. കുറ്റവാളി ആരായാലും മുഖം നോക്കാതെ നടപടി എടുക്കാൻ ക്രിസ്റ്റഫറിനെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. അക്കാരണം കൊണ്ട് തന്നെ വ്യക്തിജീവിതത്തിൽ അദ്ദേഹത്തിന് നേട്ടങ്ങളെക്കാൾ ഏറെ നഷ്‌ടങ്ങളുടെ കണക്കുപുസ്തകം മാത്രമേ ബാക്കിയാവുന്നുള്ളൂ താനും.
ഇനിയിപ്പോൾ ക്രിസ്റ്റഫറിനെ വിമർശിക്കാൻ തുനിഞ്ഞാൽ പോലും, അഴിക്കുള്ളിൽ കിടന്ന് ചിക്കനും മട്ടനും ബീഫും കൂട്ടിയടിച്ച് ബോളിവുഡ് സൂപ്പർ താരങ്ങളെ പോലെ ചുവന്നു തുടുത്ത കവിളും ഉരുണ്ട മസിലുമായി മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മുഖത്തേക്കായി നോക്കി പല്ലിളിക്കുന്ന ബലാത്സംഗവീരന്മാരുടെ മുഖം മനസ്സിൽ തെളിഞ്ഞാൽ എതിർത്തൊരു വാക്ക് പറയാൻ കഴിഞ്ഞെന്നു വരില്ല. ഈ കഥയും തിരക്കഥയും മമ്മൂട്ടിയുടെ സ്ക്രീൻ പ്രെസൻസും മാത്രം മതി, ക്രിസ്റ്റഫറിന് മാർക്കിടാം.
വളരെ മികച്ച രീതിൽ ജസ്റ്റിൻ വർഗീസ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഫൈസ് സിദ്ദിഖിന്റെ ക്യാമറാ മികവും സിനിമയുടെ ഒഴുക്കിനു വേണ്ട തീവ്രത കൂട്ടി. പതിഞ്ഞ താളത്തിലെ നടത്തവും, മിതഭാഷണവും, തീക്ഷ്‌ണമായ നോട്ടവും ആരെയും കൂസാതെയുള്ള മനോഭാവവും ചേർന്ന രൂപമാണ് ബി. ഉണ്ണികൃഷ്ണന്റെ ‘ക്രിസ്റ്റഫർ’.
സ്ത്രീകഥാപാത്രങ്ങളിലേക്കു കടന്നാൽ, സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോൾ എന്നിവർക്ക് സ്‌ക്രീനിൽ തുല്യപ്രാധാന്യം ലഭിക്കുന്ന, അതേസമയം, ഏറെ നീണ്ടതുമല്ലാത്ത വേഷങ്ങളാണുള്ളത്. പോലീസ് വേഷത്തിലെ അമലയും, ഹോം സെക്രട്ടറിയായി സ്നേഹയും, വക്കീലായ ഐശ്വര്യയും സിനിമയിലെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളാണ്. ‘വിക്രം’ സിനിമയിൽ ഏജന്റ് ടീനയായി ആക്ഷൻ രംഗങ്ങളിൽ നിറഞ്ഞാടിയ നടി വാസന്തിയെ ഒരു അതിഥിവേഷത്തിലുപരി അവതരിപ്പിക്കാനുള്ള സാധ്യത ഉണ്ടായിരിക്കെ അത് മുഴുവനായി പ്രയോജനപ്പെടുത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മമ്മൂട്ടിക്കൊത്ത അന്യഭാഷാ വില്ലൻ ടാഗിൽ വിനയ് റായ് എന്തുകൊണ്ടും അനുയോജ്യൻ തന്നെ. നായകന് ഏറെ മത്സരം സൃഷ്‌ടിച്ചു കൊണ്ട് അവസാനം വരെ തുടർന്നു എങ്കിലും, വിനയ് റായ്- മമ്മൂട്ടി ഏറ്റുമുട്ടൽ മുറുകും എന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചു തുടങ്ങുമ്പോൾ വേഗം അവസാനിപ്പിക്കാനുള്ള വ്യഗ്രതയിൽ എന്തോ ചെയ്തു എന്ന പ്രതീതിയുണ്ട്. വില്ലൻ പരിവേഷമുള്ളവരായി ഷഹീൻ സിദ്ധിഖ്, ഷൈൻ ടോം ചാക്കോ, ജിനു ജോസഫ് തുടങ്ങിയവരും അണിനിരക്കുന്നു. എന്നാൽ ഷൈൻ ടോമിൽ ‘കുമാരി’യിൽ കണ്ട കഥാപാത്രത്തിന്റെ ചേഷ്‌ടകളുടെ ഒരു പകർപ്പ് ഇവിടെയും കാണുന്നുണ്ട്.
ഒരു ശരാശരി മലയാളി പ്രേക്ഷകൻ ആക്ഷൻ ഹീറോ ചിത്രത്തിൽ പ്രതീക്ഷിക്കുന്ന ചേരുവകൾ ചേരുംപടി ചേർക്കാൻ ‘ക്രിസ്റ്റഫർ’ മറന്നിട്ടില്ല. വമ്പൻ ട്വിസ്റ്റുകളുടെ ഉരുക്കുകോട്ട എന്ന് വിളിക്കാനില്ലെങ്കിലും കാഴ്ചക്കാരെ മടുപ്പിക്കാത്ത ചിത്രത്തിൽ രണ്ടരമണിക്കൂറിൽ കാണാനും ചിന്തിക്കാനുമുള്ള വിഷയങ്ങൾ ധാരാളമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.