• HOME
  • »
  • NEWS
  • »
  • film
  • »
  • മുന്നിലിരുന്ന് ആസ്വദിച്ച് കണ്ടതിന് മറ്റുള്ളവർ അപമാനിച്ചവരാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോയത്

മുന്നിലിരുന്ന് ആസ്വദിച്ച് കണ്ടതിന് മറ്റുള്ളവർ അപമാനിച്ചവരാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോയത്

കേരളത്തിന്റെ ആധുനികത്വം രുപപ്പെട്ടത് പൊതുസ്ഥലങ്ങളില്‍ നിന്നാണ്. സിനിമ നമ്മുടെ സാംസ്‌കാരിക പരിണാമത്തിന്റെ ഭാഗമാണെന്നും സിനിമാതിയറ്ററുകള്‍ സാമൂഹ്യ ഇടമായിരുന്നു

  • Last Updated :
  • Share this:
    തിരുവനന്തപുരം: സിനിമാ തീയറ്ററുകള്‍ വിവേചനങ്ങളില്ലാത്ത മതേതര ഇടം സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായി പ്രശസ്ത സാഹിത്യ നിരൂപകന്‍ പി.കെ രാജശേഖരന്‍. ഡി സി കിഴക്കേമുറി ഫൗണ്ടേഷനും ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈനും ചേര്‍ന്ന് സംഘടിപ്പിച്ച 'സ്‌പേസസ്'-ല്‍അഭിലാഷ് ടോക്കീസ്- കഴിഞ്ഞകാല കാഴ്ചകളുടെ ഇടങ്ങളുടെ സാമൂഹ്യശാസ്ത്രം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആധുനികത്വം രുപപ്പെട്ടത് പൊതുസ്ഥലങ്ങളില്‍ നിന്നാണ്. സിനിമ നമ്മുടെ സാംസ്‌കാരിക പരിണാമത്തിന്റെ ഭാഗമാണെന്നും സിനിമാതിയറ്ററുകള്‍ സാമൂഹ്യ ഇടമായിരുന്നു.

    കേരളത്തിലെ സര്‍വ്വകലാശാലകളില്‍ സിനിമയെക്കുറിച്ചുള്ള പഠനം വേണ്ടരീതിയിലല്ല നടക്കുന്നതെന്ന് പി.കെ രാജശേഖരന്‍ ചൂണ്ടിക്കാട്ടി. തിരക്കഥയെക്കുറിച്ചും നടന്റെ നിറത്തെക്കുറിച്ചും മാത്രം പഠനങ്ങള്‍ നടത്തുമ്പോള്‍ സിനിമയെ മുന്നോട്ട് നയിച്ച കാണിയെയും അതിന് സൃഷ്ടിച്ച ഇടങ്ങളെയും മറക്കുകയാണ്. അവരാണ് സിനിമക്കാരേ സൃഷ്ടിച്ചത്. ഏറ്റവും പിന്നിലിരുന്ന് യാതൊരു ചലനവുമുണ്ടാക്കാതെ കണ്ടവരല്ല, മറിച്ച് മുന്നിലിരുന്ന് സിനിമ കണ്ട് മറ്റുള്ളവര്‍ തറകളെന്ന് അപമാനിച്ചവരാണ് സിനിമയെന്ന മാധ്യമത്തെ മുന്നോട്ടുകൊണ്ടുപോയതെന്ന് പി.കെ രാജശേഖരന്‍ പറഞ്ഞു.

    പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ മധുപാല്‍ തന്റെ പഴയകാല അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നോടൊപ്പം മാറിവരുന്ന സംസ്‌കാരങ്ങളെപ്പറ്റിയും നഷ്ടപ്പെടലുകളെപ്പറ്റിയും ഓര്‍മപ്പെടുത്തി.

    സിനിമ കാണല്‍ എങ്ങനെ സ്വാധീനിച്ചുവെന്ന് ഫിലിം എഡിറ്റര്‍ ബീന പോള്‍ സംസാരിച്ചു. ജനങ്ങളില്‍ അഭിപ്രായ നിര്‍മാണത്തിനും സമൂഹകുട്ടായ്മയ്ക്കുമുള്ള ഒരു പൊതു ഇടമാവണം സിനിമാ തിയറ്ററുകളെന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്ന പ്രദീപ് പനങ്ങാട് അഭിപ്രായപ്പെട്ടു.

    പി കെ രാജശേഖരന്റെ 'സിനിമാ സന്ദര്‍ഭങ്ങള്‍' എന്ന പുസ്തകം മധുപാല്‍, ബീനാ പോളിന് നല്‍കി പ്രകാശനം ചെയ്തു.

    നാലു ദിവസം നീണ്ടുനില്‍ക്കുന്ന സ്‌പേസസില്‍ നൂറിലധികം സെഷനുകളിലായി വിവിധ മേഖലകളിലെ 300-ലധികം പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. സെപ്റ്റംബര്‍ ഒന്നിന് സമാപിക്കും.
    First published: