യവനിക സിനിമയുടെ തിരക്കഥ സംബന്ധിച്ച് വിവാദം മുറുകുന്നു. തിരക്കഥ രചിച്ച എസ്.എല്‍. പുരം സദാനന്ദന്റെ പേര് ചിത്രത്തിന്റെ പുസ്തകരൂപത്തില്‍ നിന്ന് സംവിധായകൻ കെ.ജി. ജോര്‍ജ് ഒഴിവാക്കി എന്ന് എസ്.എൽ. പുരത്തിന്റെ കുടുംബം ആരോപിച്ചു. അതേസമയം യവനികയുടെ സംഭാഷണം മാത്രമാണ് എസ്.എല്‍. പുരം എഴുതിയതെന്നാണ് കെ.ജി. ജോര്‍ജിന്റെ പ്രതികരണം.
കെ.ജി. ജോര്‍ജും എസ്.എൽ. പുരം സദാനന്ദനും ചേര്‍ന്ന് അണിയിച്ചൊരുക്കിയ ചിത്രമാണ് യവനിക. തിയറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രത്തിന്റെ തിരക്കഥക്ക് കെ.ജി. ജോര്‍ജിനും എല്‍.എല്‍. പുരം സദാനന്ദനും സംസ്ഥാന അവാര്‍ഡും ലഭിച്ചു. എന്നാല്‍ പിന്നീട് തിരക്കഥ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ എല്‍.എല്‍. പുരത്തിന്റെ പേര് ഒഴിവാക്കിയെന്നാണ് പരാതി.
2007 ല്‍ മാതൃഭൂമി പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഇത് ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കെ.ജി. ജോര്‍ജ് തെറ്റിദ്ധരിപ്പിച്ചെന്നാണ് അന്ന് മാതൃഭൂമി നല്കിയ മറുപടി. വീണ്ടും യവനിക സിനിമ തന്റേത്മാത്രമെന്ന് അവകാശപ്പെട്ട് കെ.ജി. ജോര്‍ജ് പൊതുവേദിയില്‍ രംഗത്തെത്തിയതോടെയാണ് എസ്.എല്‍.പുരത്തിന്റെ കുടുംബം പ്രതിഷേധവുമായെത്തിയത്.
അതേസമയം യവനികയുടെ സംഭാഷണം മാത്രമാണ് എസ്.എൽ. പുരം സദാനന്ദന് എഴുതിയതെന്നാണ് കെ.ജി. ജോർജിന്റെ കുടുംബം വിശദീകരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളാല്‍ കെ.ജി. ജോര്‍ജ് ഇപ്പോള്‍ ചികില്‍സയിലാണ്. നാടക ക്യാമ്പിന്റെ കഥ പറഞ്ഞ യവനിക സിനിമ മലയാള സിനിമയിലെ ആദ്യത്തെ ലക്ഷണമൊത്ത കുറ്റാന്വേഷണ സിനിമയെന്നും വിലയിരുത്തപ്പെട്ടതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K G George, Malayalam cinema, S L Puram, Yavanika