HOME » NEWS » Film » MOVIES CURTAINS GO UP FOR 25TH IFFK IN FOUR DISTRICTS MM TV

25th IFFK | നാല് ജില്ലകളിലായി ചലച്ചിത്ര മേളയ്ക്ക് തിരശീല ഉയരുന്നു

ആറ് വേദികളിലായി 80 ചിത്രങ്ങളാണ് തിരുവനന്തപുരത്ത് പ്രദർശിപ്പിക്കുക. ഉദ്ഘാടനം നാളെ

News18 Malayalam | news18-malayalam
Updated: February 9, 2021, 4:42 PM IST
25th IFFK | നാല് ജില്ലകളിലായി ചലച്ചിത്ര മേളയ്ക്ക് തിരശീല ഉയരുന്നു
IFFK
  • Share this:
തിരുവനന്തപുരം: 25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് ഫെബ്രുവരി പത്ത് ബുധനാഴ്ച തിരശ്ശീല ഉയരും. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ മേള. ആറ് വേദികളിലായി 80 ചിത്രങ്ങളാണ് തിരുവനന്തപുരത്ത് പ്രദർശിപ്പിക്കുക.

കോവിഡ് പ്രതിസന്ധിക്കിടയിലും ആവേശം ചോരാതെ തിയേറ്ററുകളിലേക്ക് എത്തുകയാണ് ചലച്ചിത്രപ്രേമികൾ. തിരുവനന്തപുരത്തെ കലാഭവൻ അടക്കം ആറു തിയേറ്ററുകളിലാണ് സിനിമാ പ്രദർശനം നടക്കുക. 30ലധികം രാജ്യങ്ങളിൽ നിന്നുള്ള 80 ചിത്രങ്ങളാണ് മേളയുടെ ഭാഗമായി പ്രദർശിപ്പിക്കുക. ആദ്യദിനത്തിൽ നാല് മത്സര ചിത്രങ്ങളടക്കം 18 സിനിമകൾ പ്രദർശിപ്പിക്കും.

ഇറാനിയൻ സംവിധായകൻ ബെഹ്‌മൻ തവോസി സംവിധാനം ചെയ്ത നെയിംസ് ഓഫ് ഫ്ലവേഴ്സാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം. 2500 പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പങ്കെടുക്കാൻ അവസരമൊരുക്കിയിരിക്കുന്നത്. ചലച്ചിത്രമേള ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂർ മുമ്പ് റിസർവേഷൻ ആരംഭിക്കുകയും രണ്ടു മണിക്കൂർ മുമ്പ് അവസാനിക്കുകയും ചെയ്യും. റിസർവേഷൻ അവസാനിച്ചതിനു ശേഷം സീറ്റ് നമ്പർ എസ്എംഎസ് ആയി പ്രതിനിധികൾക്ക് ലഭിക്കും. ആന്റിജൻ ടെസ്റ്റ് നടത്തിയ പ്രതിനിധികൾക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ.

ഈ മാസം 17 മുതൽ 21 വരെ കൊച്ചിയിലും 23 മുതൽ 27 വരെ തലശ്ശേരിയിലുമായി നടക്കുന്ന ചലച്ചിത്രമേളയുടെ സമാപനം പാലക്കാട് വച്ചാണ്. തികച്ചും അസാധാരണമായ സാഹചര്യത്തിൽ ഇതാദ്യമായാണ് ചലച്ചിത്രമേള നടക്കുന്നത്. അതിനാൽ പുതിയ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഒരുക്കങ്ങൾ എല്ലാ വേദികളിലും പൂർത്തിയായി കഴിഞ്ഞു.



ആദ്യ ദിനത്തിൽ നാലു മത്സര ചിത്രങ്ങൾ ഉൾപ്പടെ18 ചിത്രങ്ങൾ

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനത്തിൽ നാലു മത്സര ചിത്രങ്ങളടക്കം പ്രദർശനത്തിനു എത്തുന്നത് 18 ചിത്രങ്ങൾ. മത്സര വിഭാഗത്തിൽ ആദ്യം ബഹ്‌മെൻ തവോസി സംവിധാനം ചെയ്ത 'ദി നെയിംസ് ഓഫ് ദ് ഫ്‌ളവേഴ്‌സ്' എന്ന ചിത്രമാണ് പ്രദർശിപ്പിക്കുന്നത്. ആഫ്രിക്കൻ സംവിധായകനായ ലെമോഹെങ് ജെറെമിയ മൊസെസെയുടെ ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റെസ്റക്ഷൻ, റഷ്യൻ ചിത്രമായ ഇൻ ബിറ്റ്‌വീൻ ഡൈയിങ്, ഇറാനിയൻ ചിത്രം മുഹമ്മദ് റസോൾഫിന്റെ ദെയ്ർ ഈസ് നോ ഈവിൾ എന്നിവയാണ് ആദ്യ ദിനത്തിലെ മത്സരചിത്രങ്ങൾ.

ലോക സിനിമാ വിഭാഗത്തിൽ ഉൾപ്പെട്ട യെല്ലോ ക്യാറ്റ്, സമ്മർ ഓഫ് 85 എന്നിവയാണ് മേളയിലെ ആദ്യ പ്രദർശനങ്ങൾ. ഇതുൾപ്പടെ ഒൻപത് ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ബുധനാഴ്ച പ്രദർശിപ്പിക്കുന്നത്. ഫിലിപ്പ് ലാക്കേറ്റ് സംവിധാനം ചെയ്ത 'നൈറ്റ് ഓഫ് ദി കിങ്‌സ്', ഷൂജൻ വീയുടെ 'സ്‌ട്രൈഡിങ് ഇൻറ്റു ദി വിൻഡ്', 'നീഡിൽ പാർക്ക് ബേബി', 'ഫെബ്രുവരി', 'മാളു', ഇസ്രയേൽ ചിത്രം 'ലൈല ഇൻ ഹൈഫ' എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.

മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ ശംഭു പുരുഷോത്തമന്റെ 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ', സെന്ന ഹെഡ്ജിന്റെ 'തിങ്കളാഴ്ച നിശ്ചയം' എന്നീ ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ പൃഥ്വി കൊനനൂർ സംവിധാനം ചെയ്ത 'വെയർ ഈസ് പിങ്കി?', റെട്രോസ്‌പെക്ടീവ് വിഭാഗത്തിലെ ലീ ചാങ്-ഡോംങ്‌ ചിത്രം 'ഒയാസിസ്', ഗൊദാർദ് ചിത്രം 'ബ്രെത്ലെസ്സ്' എന്നിവയും ആദ്യ ദിനത്തിൽ പ്രദർശിപ്പിക്കും.

മേളയിൽ ഗൊദാർദിൻ്റെ ആറു ചിത്രങ്ങൾ

രാജ്യാന്തര ചലച്ചിത്രമേളയിൽ ഫ്രഞ്ച് നവതരംഗ സിനിമയുടെ പ്രയോക്താക്കളിൽ പ്രമുഖനായ ഷീൻ ലുക് ഗൊദാർദിൻ്റെ ആറ് വിസ്മയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അദ്ദേഹത്തിന്റെ ആദ്യചിത്രമായ 'ബ്രെത് ലെസ്സ്', 'ദ ഇമേജ് ബുക്ക്', 'ഫിലിം സോഷ്യലിസ്മെ', 'വീക്കെൻഡ്', 'ജെഎൽജി - ജെഎൽജി സെൽഫ് പോർട്രയിറ്റ് ഇൻ ഡിസംബർ', 'ഫോർ എവർ മൊസാർട്ട്' എന്നീ സിനിമകളാണ് നാലു നാൾ നീളുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്.

ലോക സിനിമയിലെ അസാധാരണവും ദുർഗ്രഹവുമായ സൃഷ്ടിയെന്ന് വിശേഷിപ്പിക്കുന്ന 'വീക്കെൻഡ്'‌ റോളണ്ട്‌-കോറിൻ ദമ്പതിമാരുടെ കഥയാണ് പ്രമേയമാക്കിയിരിക്കുന്നത് . 'ബ്രെത് ലെസ്സ്' മേളയുടെ ആദ്യദിനത്തിലാണ് പ്രദർശിപ്പിക്കുക.
Published by: user_57
First published: February 9, 2021, 4:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories