• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

'വാർത്തയിൽ നിറഞ്ഞു നിൽക്കാനുള്ള ഒരുകൂട്ടം സിനിമാക്കാരുടെ ആവേശം കലക്ഷൻ കുറയ്ക്കുന്നു'


Updated: July 26, 2018, 9:52 PM IST
'വാർത്തയിൽ നിറഞ്ഞു നിൽക്കാനുള്ള ഒരുകൂട്ടം സിനിമാക്കാരുടെ ആവേശം കലക്ഷൻ കുറയ്ക്കുന്നു'

Updated: July 26, 2018, 9:52 PM IST
7 സിനിമകൾ മാത്രമാണ് പണം ഉണ്ടാക്കിയത്. സ്വകാര്യ ജീവിതവും അണിയറക്കഥകളും ജനങ്ങളെ തീയേറ്ററിൽ നിന്ന് അകറ്റുന്നു. സിനിമാക്കാർ അപഹസ്യരായിക്കൊണ്ടിരിക്കുന്നു. മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് നിർമാതാവ് സി.വി സാരഥി എഴുതുന്നു...

സാധാരണക്കാരുടെ സ്വപ്ന ലോകമാണ് സിനിമ. ഒരു സിനിമ തുടങ്ങി അവസാനിക്കുന്ന രണ്ടര മണിക്കൂർ പ്രേക്ഷകൻ ആ സ്വപ്നലോകത്തിലാണ് ജീവിക്കുന്നത്. അവർക്ക് ജീവിതത്തിൽ ഒരിക്കലും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ നായകൻ ചെയ്യുമ്പോൾ അവൻ കയ്യടിച്ചു സ്വീകരിക്കുന്നു. ആ പ്രിവിലേജിന് ആണ് അവർ പണം നൽകുന്നത്. നമ്മൾ ആ സ്വപ്നങ്ങൾ പ്രേക്ഷന് വിൽക്കുന്നവർ മാത്രമാണ്.

സിനിമയിൽ ആകെ രണ്ടു വിഭാഗമേ ഉള്ളു. നല്ല സിനിമയും ചീത്ത സിനിമയും. ഒരു പ്രേക്ഷകനെ അവൻ കാണുന്ന കാഴ്ചയിൽ വ്യാപൃതനക്കാത്ത അവനെ അല്ലെങ്കിൽ അവളെ ആനന്ദിപ്പിക്കാത്ത എന്തെങ്കിലും തരത്തിലുള്ള വികാരങ്ങൾ ഉണർത്താത്ത ഒരു സിനിമയും നല്ല സിനിമയുടെ ഗണത്തിൽ പെടുത്താനാവില്ല. പ്രേക്ഷകരാൽ സ്വീകരിക്കപ്പെടാത്ത ഒരു സിനിമയും വിജയിച്ച സിനിമയല്ല.
Loading...

അതുപോലെ തന്നെ മുഖ്യധാരാ സിനിമയെന്നോ സമാന്തര സിനിമയെന്നോ ഒന്നില്ല. നിരൂപക പ്രശംസ മാത്രം നേടുന്ന സിനിമകളെക്കാൾ എന്തുകൊണ്ടും ഉയരെയാണ് ബോക്സ്ഓഫീസിൽ വിജയിക്കുന്ന സിനിമകൾ. കാരണം അവയില്ലാതെ സിനിമ വ്യവസായത്തിന് തന്നെ നില നിൽപ്പില്ല.

പക്ഷെ നല്ല സമാന്തര സിനിമകൾ ചെയ്യുന്നത് പലപ്പോഴും മുഖ്യധാരാ സിനിമയിലേക്കുള്ള ചവിട്ടുപടി ആകാറുണ്ട്. വലിയ താരങ്ങളെ മുൻനിർത്തി വൻ മുതൽമുടക്കിൽ സിനിമകൾ ചെയ്യാൻ ഇത് അവർക്ക് അവസരം നൽകുന്നു.

എന്നാൽ മിക്കവാറും ഉള്ള എല്ലാ സമാന്തര സിനിമ പ്രവർത്തകരും മുഖ്യധാരാ സിനിമകളെ താഴ്ത്തി കെട്ടാനുള്ള അവസരം പാഴാക്കറില്ല. ദന്ത ഗോപുരങ്ങളിൽ നിന്ന് അവർ മുഖ്യധാരാ സിനിമകളെ അവജ്ഞയോടെ വീക്ഷിക്കുന്നു.
നമ്മൾ സിനിമയുടെ വസന്തകാലം എന്ന് പറയുന്ന 80കളിൽ വാണിജ്യ സിനിമയെന്നോ സമാന്തര സിനിമയെന്നോ വ്യത്യാസം ഉണ്ടായിരുന്നില്ല.നല്ല സിനിമകളും സിനിമ പ്രവർത്തകരും മാത്രം.

ഈ വർഷം 7 സിനിമകൾ മാത്രമാണ് പണം ഉണ്ടാക്കിയിട്ടുള്ളൂ. ചാനൽ റേറ്റിംഗിന് മാത്രമായി അന്തിച്ചർച്ചകളിൽ താരങ്ങളുടെ സ്വകാര്യ ജീവിതവും പോസ്റ്റുമോർട്ടം ടേബിളിൽ നിരത്തിവച്ച ശരീരവയവങ്ങൾപോലെ സിനിമയുടെ അണിയറക്കഥകളും കീറിമുറിക്കപ്പെടുമ്പോൾ അക്ഷരാർത്ഥത്തിൽ ജനങ്ങളെ തീയേറ്ററിൽ നിന്ന് അകറ്റുന്നു. സിനിമാക്കാർ ദിനംപ്രതി അവരുടെ മുന്നിൽ അപഹസ്യരായിക്കൊണ്ടിരിക്കുന്നു.

എത്ര വിരൂപനായ മനുഷ്യജീവിയെയും സഹതാപത്തിന്റെ പുറത്തോ, സഹാനുഭൂതിയുടെ പുറത്തോ ഒന്നാശ്ലേഷിക്കാൻ നമ്മൾ എല്ലാവരും തയ്യാറാകും. എന്നാൽ പോസ്റ്റുമോർട്ടം ടേബിളിൽ കിടക്കുന്ന കബന്ധത്തെ കെട്ടിപിടിക്കാൻ ആരെങ്കിലും തയ്യാറാവുമോ? ജനങ്ങൾ സിനിമയോട് മുഖം തിരിച്ചു തുടങ്ങിയിരിക്കുന്നു. തീയേറ്ററിൽ കലക്ഷൻ കുറഞ്ഞു.

2017 ന്റെ ആദ്യ പകുതിയിൽ തീയേറ്ററിൽ എത്തിയ പ്രേക്ഷകരുടെ പകുതിപോലും ഇത്തവണ തീയേറ്ററുകളിലേക്ക് എത്തിയില്ല.

എന്നാൽ ഒരു വിഭാഗം സിനിമ പ്രവർത്തകരെ ഇതൊന്നും ബാധിക്കുന്നില്ല. പ്രേക്ഷകർ വരുന്നതോ വരാതിരിക്കുന്നതോ അവരുടെ വിഷയമല്ല. ലോകത്തെ അങ്ങോളം ഇങ്ങോളം ഉള്ള ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുവാൻ വേണ്ടി മാത്രം ചിത്രങ്ങൾ എടുക്കുന്നത്. വർഷാവർഷം അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ ഏതാനും നിമിഷങ്ങൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നതിലും പ്രശംസയും അംഗീകാരവും നേടിയെടുക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നു.
പക്ഷെ ഭൂരിഭാഗം വരുന്ന സിനിമ പ്രവർത്തകർക്ക് മുഖ്യധാരാ സിനിമ അവരുടെ ചോറാണ്.

ഒരുകൂട്ടം സിനിമ പ്രവർത്തകരുടെ വാർത്തകളിൽ നിറഞ്ഞു നിൽക്കാനുള്ള അദമ്യമായ ആവേശം തീയേറ്ററുകളിൽ കലക്ഷൻ കുറയ്ക്കുന്നു. പ്രേക്ഷകരുടെ മനം മടുപ്പിക്കുന്നു. കവി കാളിദാസൻ പറഞ്ഞപോലെ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെയാണ് ഇത്.

യാഥാർഥ്യം മനസിലാക്കി ഇത്തരത്തിൽ വാർത്തകൾ സൃഷ്ടിക്കുന്ന പ്രവണതയിൽ നിന്ന് സഹപ്രവർത്തകർ പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും ഇത് തുടർന്നാൽ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തും.

സ്വയം മലർന്ന് കിടന്ന് തുപ്പി നമുക്ക് ടിക്കറ്റിന് കാശ്‌ തരുന്ന പ്രേക്ഷകരുടെ മുന്നിൽ അപഹസ്യരാകാതെ എങ്ങനെ പ്രേക്ഷകരെ തിരിച്ചു തീയേറ്ററിൽ കൊണ്ടുവരാം എന്ന തരത്തിലുള്ള ക്രിയാത്മക ഇടപെടൽ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആഗ്രഹിക്കുന്നു...
First published: July 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍