• HOME
  • »
  • NEWS
  • »
  • film
  • »
  • Mathukkutty | മാത്തുക്കുട്ടി സിനിമയെടുത്തു, കുഞ്ഞെൽദോയെ സിനിമേലെടുത്തു

Mathukkutty | മാത്തുക്കുട്ടി സിനിമയെടുത്തു, കുഞ്ഞെൽദോയെ സിനിമേലെടുത്തു

Debut director Mathukkutty talks about first movie Kunjeldho | 35കാരൻ സ്ലീവാച്ചനെ പ്ലസ്-ടുക്കാരൻ കുഞ്ഞെൽദോ ആക്കിയ, ദുബായിൽ നിന്നും വിളിച്ചുവരുത്തിയ ആളെ നായികയാക്കിയ 'കുഞ്ഞെൽദോ'യുടെ സംവിധായകൻ മാത്തുക്കുട്ടി ആദ്യ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു

മാത്തുക്കുട്ടിയും കൂട്ടരും

മാത്തുക്കുട്ടിയും കൂട്ടരും

  • Last Updated :
  • Share this:
മറ്റൊരു സിനിമയുടെ സെറ്റിൽ, തന്റെ നായക കഥാപാത്രത്തിന്റെ ഇരട്ടി പ്രായമുള്ള റോൾ ചെയ്യുന്ന, നോട്ടത്തിലും രൂപത്തിലും ഭാവത്തിലും, യാതൊരു സമാനതകളുമില്ലാത്ത അവസ്ഥയിൽ തന്നെ ഹീറോയെ കണ്ടുറപ്പിക്കുക. കേരളക്കരയിലെ എണ്ണം പറഞ്ഞ യുവ അഭിനയപ്രതിഭകളെ കണ്ടു തൃപ്തി വരാതെ ദുബായിൽ നിന്നും വിദേശ മലയാളിയായ യുവതിയെ ഫ്‌ളൈറ്റിൽ നാട്ടിലേക്കു വിളിച്ചു വരുത്തി നായികയാക്കുക. ലോക്ക്ഡൗൺ കാലത്തിനും മുൻപേ ഷൂട്ട് ചെയ്ത ചിത്രം ഏകദേശം രണ്ടു വർഷം റിലീസിനായി കാത്തിരുന്നപ്പോഴും 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ' മട്ടിൽ ഇരിക്കുക. മീറ്റ് കന്നി സംവിധായകൻ, മിസ്റ്റർ മാത്തുക്കുട്ടി (Mathukkutty).

സിനിമാ സംവിധായകൻ എന്ന നിലയിൽ ആൾക്കിത് കന്നിയങ്കം ആണെങ്കിലും കേരളത്തിൽ ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് ആർ.ജെ. മാത്തുക്കുട്ടി. 2010കളിൽ എഫ്.എം. റേഡിയോ തരംഗം അലയടിച്ചപ്പോൾ കേരളം കേട്ട് പരിചയിച്ച ശബ്ദത്തിനുടമയാണ് മാത്തു. മൃദു ഭാഷകനായും, പിന്നെ പ്രേക്ഷക ലക്ഷങ്ങളെ കയ്യിലെടുത്ത ടി.വി. ഷോ അവതാരകനുമായ മാത്തുവിന്റെ ആദ്യ ചിത്രം 'കുഞ്ഞെൽദോ' ഡിസംബർ 24ന് വെള്ളിത്തിരയിലെത്തുന്നു. സിനിമാ വിശേഷങ്ങളുമായി മാത്തുക്കുട്ടി ന്യൂസ്18 മലയാളത്തോടൊപ്പം ചേരുന്നു.

സംവിധായകൻ കൂൾ ആണ്...

കുഞ്ഞെൽദോയ്ക്ക് മുൻപും ശേഷവും പൂർത്തിയാക്കിയ ചിത്രങ്ങൾ കോവിഡിന് ശേഷം പലകുറി റിലീസ് പ്രഖ്യാപിക്കുകയും മാറ്റുകയും ചെയ്തപ്പോഴും 2019 നവംബറിൽ ചിത്രീകരണം കഴിഞ്ഞ 'കുഞ്ഞെൽദോ' നിശ്ശബ്ദനായിരുന്നു. "മറ്റുള്ളവരുടെ അനുഭവം കണ്ട് ഞങ്ങൾ പഠിച്ചതാണ്. അതുകൊണ്ട് റിലീസ് തീയതി പ്രഖ്യാപിച്ചില്ല. ഒരു ഘട്ടത്തിൽ കുഞ്ഞെൽദോയുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്തേക്കു കൊടുക്കേണ്ട എന്നുറപ്പിച്ചു. ഞങ്ങളുടേത് മാസ്സ് പടം അല്ല. ആവർത്തിച്ചു കേട്ട് ഇതൊരു പഴയ സിനിമയാണെന്ന തോന്നൽ ഉണ്ടാവാതിരിക്കാൻ കൂടി വേണ്ടിയാണത്," മാത്തുക്കുട്ടി വ്യക്തമാക്കി.

പുതുമുഖ നായിക ഗോപിക ഉദയൻ...

"സിനിമയിൽ ഏറ്റവും ഒടുവിൽ വന്നുചേർന്നയാളാണ് ഗോപിക. ഒരുപാട് അന്വേഷണങ്ങൾക്കൊടുവിലാണ് ഗോപികയിലെത്തിയത്. ഒപ്പമുണ്ടായിരുന്ന ഒരു പെൺകുട്ടിയെ വച്ച് നായികാ കഥാപാത്രത്തിൽ മാറ്റങ്ങൾ വരുത്തി എടുത്താലോ എന്ന് പോലും ചിന്തിച്ചിരുന്നു.

അപ്പോഴാണ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രാജേഷേട്ടന്റെ പരിചയത്തിലെ ഗോപികയെക്കുറിച്ച് പറയുന്നത്. ശേഷം ഫോട്ടോസും വീഡിയോസും കണ്ടു. ഗോപിക ദുബായിലായിരുന്നു. ഞങ്ങൾ ഒരു ടോപ്പിക്ക് കൊടുത്ത് പെർഫോം ചെയ്ത് അയക്കാൻ പറഞ്ഞു. 'ഒരു ഫ്‌ളൈറ്റ് പിടിച്ച് ഇങ്ങോട്ടു പോരെ' എന്ന് ഗോപികയോട് പറയാൻ ആ പ്രകടനം മതിയായിരുന്നു.

അടുത്ത വീട്ടിലെ കുട്ടിയെപ്പോലെ തോന്നണം, ആ കുട്ടിക്ക് അതിന്റേതായ സൗന്ദര്യം വേണം, വീട്ടിലെ അനിയത്തിയോട് തോന്നുന്ന ഇഷ്‌ടമാവണം പ്രേക്ഷകർക്ക് ആ മുഖം കാണുമ്പോൾ ഉണ്ടാവേണ്ടത്. നായികയ്ക്ക് ഗ്ലാമറസ് മുഖം ഒട്ടും പാടില്ല എന്ന് നിർബന്ധമുണ്ടായിരുന്നു. ആ കഥാപാത്രത്തോട് ഗോപിക നീതിപുലർത്തിയിട്ടുണ്ട്."ഏതുപ്രായം അഭിനയിക്കാനും തമിഴകത്ത് ധനുഷ് എങ്കിൽ മലയാളത്തിൽ ആസിഫ് അലി?

പ്ലസ് ടു മുതലുള്ള ഒരാളുടെ വൈകാരിക യാത്രയാണ് സിനിമയിൽ. അത്രയും ഇമോഷണലി ഭദ്രമായുള്ള ഒരാൾ വേണമായിരുന്നു. അങ്ങനെ ആലോചിച്ചപ്പോൾ ആസിഫ് അതിനു ചേർന്നയാളെന്നു തോന്നി. ഒന്നാം ദിവസം തന്നെ ആസി കുഞ്ഞെൽദോ ആവുകയും ചെയ്തു. സാധാരണ നിലയിൽ നിന്നും സ്റ്റാർ ആയി ഉയർന്നയാൾ എന്നനിലയ്ക്ക് നമ്മൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് ആസിഫിന് കൃത്യമായി മനസ്സിലായി. അവൻ അതിനായി നന്നായി പണിയെടുത്തു.

'കെട്ട്യോളാണ് എന്റെ മാലാഖ'യുടെ സെറ്റിൽ നിന്നും ആസിഫ് നേരെ എത്തിയത് കുഞ്ഞെൽദോയിലേക്കാണ്. കൊമ്പൻ മീശയും കുടവയറയും തടിച്ച കവിളുകളും പറ്റെവെട്ടിയ മുടിയുമുള്ള 35 കാരൻ സ്ലീവാച്ചനാണ് മാത്തുക്കുട്ടിയുടെ കന്നിചിത്രത്തിൽ 17 വയസ്സുള്ള പ്ലസ്ടുക്കാരൻ കുഞ്ഞെൽദോ ആവേണ്ടത്.

"സെറ്റിൽ പോയി സ്ലീവാച്ചനെ കണ്ടപ്പോൾ ഞാൻ ആദ്യമൊന്നു പേടിച്ചു. എങ്ങനെയാണ് ആളെ മറ്റൊരു രൂപത്തിലെത്തിക്കുക എന്നൊരു പേടിയുണ്ടായിരുന്നു.

കുഞ്ഞെൽദോ മസിൽമാനോ ക്ഷീണിച്ച പയ്യനോ ആവരുത്. തുടുത്ത മുഖവും പ്രസരിപ്പുമുള്ള, കണ്ടാൽ ഇഷ്‌ടം തോന്നുന്ന യുവാവാവണമായിരുന്നു.

'കെട്ട്യോളാണ് എന്റെ മാലാഖ' പൂർത്തിയാവാൻ 20 ദിവസം ബാക്കി നിൽക്കെ സ്വന്തം നിലയിൽ ആസിഫ് ഭക്ഷണത്തിലും വർക്ക്ഔട്ടിലും ചിട്ടവട്ടങ്ങൾ പാലിച്ചുതുടങ്ങി. എട്ടുകിലോയോളം കുറച്ചു."

ആദ്യ സിനിമ പൂർത്തിയാക്കിയ ശേഷമുണ്ടായ ലോക്ക്ഡൗൺ കാലം എങ്ങനെ വിനിയോഗിച്ചു?

ഞാൻ നാട്ടിലായിരുന്നു. വീട്ടിൽ ഇരിക്കാൻ ഇഷ്‌ടമുള്ളതുകൊണ്ട് ബോറടിച്ചില്ല. വൈകുന്നേരം ക്രിക്കറ്റ് കളിക്കും. രാവിലെ എഴുത്തിലേക്ക് കടക്കും. അങ്ങനെ ഒരു തിരക്കഥ പൂർത്തിയാക്കി.

മറ്റെല്ലാം പൂർണ്ണ നിയന്ത്രണത്തിലായിരുന്നു. നമ്മൾ വിചാരിച്ചാൽ ഒന്നും മാറില്ലെന്നറിയാം. അതുകൊണ്ട് റിലാക്സ് ചെയ്ത് വെബ് സീരീസും സിനിമയും കാണുകയായിരുന്നു പതിവ്. സമൂഹത്തിലെ അവസ്ഥ മാറണമെങ്കിൽ മരുന്ന് വരണം. നമ്മൾ മാസ്ക് വയ്ക്കുക, കൈകൾ വൃത്തിയാക്കുക, മറ്റു മാനദണ്ഡങ്ങൾ എല്ലാം പാലിക്കുക. സ്വന്തം നിയന്ത്രണത്തിലല്ലാത്ത ഒരു കാര്യം സംഭവിച്ചാൽ മാറിയിരുന്ന് റിലാക്സ് ചെയ്യുക എന്ന രീതിയാണ് എപ്പോഴും പാലിച്ചു പോരുക.

ആദ്യമായി സംവിധായകനായപ്പോൾ...

ഇതുവരെയും ഒരുപാടു കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും എനിക്കായുള്ള ഏറ്റവും വലിയ കാര്യം ചെയ്യുന്നത് ഇപ്പോഴാണ്. സിനിമയെ ഇഷ്‌ടപ്പെടാൻ തുടങ്ങിയ കാലത്തേക്കാൾ ഇഷ്‌ടം ഇപ്പോഴുണ്ട്. സിനിമയിൽ നിൽക്കണമെന്ന് വലിയൊരു ആഗ്രഹം തോന്നിത്തുടങ്ങിയിട്ടുണ്ട്.

ഷൂട്ടിംഗ് വളരെ സമാധാനപരമായിരുന്നു. എല്ലാവരും സുഹൃത്തുക്കളായിരുന്നു. പരിചയമുള്ളതും ഏറ്റവും കംഫർട്ടബിളുമായ ടെക്‌നീഷ്യൻസ് ഒപ്പമുണ്ടായി. ഇപ്പോഴും ഓർക്കാൻ സന്തോഷമുള്ള കാര്യങ്ങൾ സെറ്റിൽ നടന്നിട്ടുണ്ട്.

സൗഹൃദങ്ങളുടെ സിനിമയാണ്. അതുകൊണ്ട് ഒ.ടി.ടി. റിലീസ് തുടങ്ങിയ സമയത്തു തന്നെ 'കുഞ്ഞെൽദോ' തിയേറ്ററിൽ തന്നെയാവും റിലീസ് എന്ന് പ്രൊഡ്യൂസഴ്സ് ഉറപ്പിച്ചിരുന്നു. അവർ ഒപ്പം നിന്നുകൊണ്ടാണ് സിനിമ തിയേറ്ററിൽ, ആൾക്കൂട്ടത്തിന്റെ ഇടയിൽ ഇരുന്ന് തന്നെ കാണാമെന്ന സ്വപ്നം സാധ്യമാവുന്നതും.
Published by:Meera Manu
First published: