• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദേശീയ പുരസ്കാരം വരുന്നതും കാത്ത് നിൽക്കാതെ കാല യവനികക്കുള്ളിൽ മറഞ്ഞ എം.ജെ.

Delayed honour for M.J. Radhakrishnan | എം.ജെ. വിടപറഞ്ഞ് ഒരു മാസത്തോളം അടുക്കുമ്പോഴാണ് പുരസ്‌കാര പ്രഖ്യാപനം

news18-malayalam
Updated: August 9, 2019, 4:55 PM IST
ദേശീയ പുരസ്കാരം വരുന്നതും കാത്ത് നിൽക്കാതെ കാല യവനികക്കുള്ളിൽ മറഞ്ഞ എം.ജെ.
എം ജെ രാധാകൃഷ്ണൻ
news18-malayalam
Updated: August 9, 2019, 4:55 PM IST
ഈ വർഷത്തെ ദേശീയ പുരസ്കാരം അക്ഷരാർത്ഥത്തിൽ വൈകി വന്ന അംഗീകാരമാവുകയാണ് മലയാളത്തിന്. ലോക്സഭാ തിരഞ്ഞെടുപ്പും പെരുമാറ്റ ചട്ടവും കാരണം പതിവിലും വൈകി പ്രഖ്യാപിച്ച പുരസ്കാരം എത്തുമ്പോഴേക്കും, കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പുരസ്‌കാര ജേതാവായി മലയാള സിനിമയുടെ പ്രിയ എം.ജെ. എന്ന എം.ജെ. രാധാകൃഷ്ണൻ. എം.ജെ. വിടപറഞ്ഞ് ഒരു മാസത്തോളം അടുക്കുമ്പോഴാണ് പുരസ്‌കാര പ്രഖ്യാപനം. എല്ലാ വർഷത്തെയും പോലെ പ്രഖ്യാപനം നടന്നിരുന്നെങ്കിൽ ദേശീയ പുരസ്ക്കാര ജേതാവായ മികച്ച ഛായാഗ്രാഹകൻ എന്ന ആ ശുഭ വാർത്ത കേൾക്കാനായി അദ്ദേഹം നമുക്കിടയിൽ ഉണ്ടാകുമായിരുന്നു.

എം.ജെ.ക്ക് ശേഷം കടന്ന് വന്ന പലരും പുരസ്‌കാര ജേതാക്കളായിട്ടും,  രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധേയനായിട്ടും അവാർഡ് പ്രഭയുള്ള ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച എം.ജെ.ക്ക് എത്രയോ നാളുകൾ മുൻപേ ലഭിക്കേണ്ടിയിരുന്ന അംഗീകാരം കാലം തെറ്റി പൂത്ത പുഷ്‌പമായി അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ സമർപ്പിക്കപ്പെടുന്നു.

എം.ജെ.യുടെ കാഴ്ചകളായി പിറന്ന ദേശാടനവും, കളിയാട്ടവും തുടങ്ങി ഇന്നോളമുള്ള പല ചിത്രങ്ങളും ദേശീയ പുരസ്‌കാര നിറവിൽ തിളങ്ങിയപ്പോഴൊന്നും എം.ജെ.യുടെ പേര് ദേശീയ തലത്തിൽ ഉയർന്നു കേട്ടില്ല. ലോകമാകമാനം മേളകളിൽ മികച്ച വിജയം നേടുക എന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രധാന സവിശേഷതയാണ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ എം.ജെ. ചിത്രങ്ങൾ പ്രദർശിപ്പിക്കാത്ത ഒരു വർഷം പറയുക തന്നെ പ്രയാസം. അടൂരിന്റേയും, ജയരാജിന്റെയും, രഞ്ജിത്തിന്റേയും, ഡോക്ടർ ബിജുവിന്റെയും ക്യാമറക്കണ്ണുകൾ എം.ജെ.യുടേതായിരുന്നു.

ദേശീയ പുരസ്കാരം വരാൻ വൈകിയെങ്കിലും മലയാള സിനിമയിൽ ഏറ്റവും അധികം തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം നേടുന്ന ക്യാമറാൻ എന്ന ഖ്യാതിക്ക്‌ എം.ജെ.ക്ക് തുല്യം മങ്കട രവി വർമ്മ (ഏഴു തവണ) മാത്രം. ദേശാടനം (1996), കരുണം (1999), അടയാളങ്ങൾ, ഒറ്റക്കയ്യൻ (2007), ബയോസ്കോപ് (2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്റെ നിറം (2011), കാട് പൂക്കുന്ന നേരം (2016) തുടങ്ങിയ ചിത്രങ്ങൾ ആണ് എം.ജെ.ക്ക് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രങ്ങൾ.

തുടക്കകാലത്ത് എം.ജെ. അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച ഷാജി എൻ. കരുൺ സംവിധാനം ചെയ്ത 'ഓള്' അദ്ദേഹത്തിന് ആദ്യത്തെയും അവസാനത്തെയും ദേശീയ പുരസ്കാരം നേടിക്കൊടുത്തു എന്നത് തികച്ചും യാദൃശ്ചികം.

First published: August 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...