കുമ്പിടി ഏലിയാസ് പാലാരിവട്ടം ശശിയെ ഓർക്കുന്നോ? എങ്ങനെ മറക്കും, അല്ലെ? നന്ദനത്തിലെ ജഗതിയുടെ കഥാപാത്രം ട്രോളുകളിലൂടെ അനശ്വരമായി നിറഞ്ഞു നിൽക്കുന്ന കാലമാണിത്. അപ്പോഴിതാ കുമ്പിടിക്കൊരു കോംപെറ്റീഷനുമായി കുന്തീശൻ. തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കുന്ന നാദിർഷ ചിത്രം 'മേരാ നാം ഷാജിയിലെ' കഥാപാത്രത്തിനായാണ് കുമ്പിടിയുമായി സാദൃശ്യമുള്ള മുടിയുമായി ധർമ്മജൻ നിൽക്കുന്നത്. മലയാള സിനിമയിൽ പിന്നെയും മുടിയന്മാർ പലതു വന്നു പോയെങ്കിലും, കുമ്പിടിക്കൊരു പകരക്കാരൻ ആവാൻ തക്കവണ്ണം ആരും എത്തിയില്ലെന്നു വേണം പറയാൻ. അപ്പോഴാണ് ധർമ്മജൻ പുതിയ ലുക്കിൽ എത്തിയിരിക്കുന്നത്. എന്തായാലും കുന്തീശന്റെ വിശേഷങ്ങൾ കണ്ടു തന്നെ അറിയണം.
അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. മൂന്നു ഷാജിമാരായി ബിജു മേനോൻ, ബൈജു, ആസിഫ് അലി എന്നിവർ വേഷമിടുന്നു. ഷാജി, ഷാജി സുകുമാരൻ, ഷാജി ജോർജ് എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങൾ. ഇതിൽ കൊച്ചിക്കാരനായ ഷാജിയുടെ 'ചങ്കാ'ണ് ഈ ബഡ്ഡി.
2018 നവംബർ മാസം ചിത്രീകരണം ആരംഭിച്ചു. ബി. രാകേഷ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നൻ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഡി ഒ പി. ദിലീപ് പൊന്നൻ, ഷാനി ഖാദർ എന്നിവരാണ് കഥ. ജോൺ കുട്ടി എഡിറ്റിംഗും എമിൽ മുഹമ്മദ് സംഗീതവും നിർവഹിക്കും. കെ.എം. ഷാജി എം.എൽ.എ.യെ അയോഗ്യനാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ച ദിവസമായിരുന്നു മേരാ നാം ഷാജിയുടെ പ്രഖ്യാപനവും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.