അലി അക്ബർ സംവിധാനം ചെയ്യുന്ന 1921പുഴമുതൽ പുഴവരെയുടെ പൂജ ചടങ്ങുകൾ പ്രഖ്യാപിച്ചു. പൂജ, സ്വിച്ച് ഓൺ, ഗാന സമർപ്പണ ചടങ്ങുകളെല്ലാം ഒന്നിച്ചാണ് നടക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെ അലി അക്ബർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സ്വാമി ചിദാനന്ദപുരിയുടെ കാർമിത്വത്തിലാണ് ചടങ്ങുകൾ നടക്കുകയെന്ന് അലി അക്ബർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ചിത്രത്തിനുവേണ്ടി ഇതുവരെ ലഭിച്ച സഹകരണവും പിന്തുണയും ഇനിയും ഉണ്ടാകണമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വലിയ താരനിരയും സാങ്കേതികപ്രവർത്തകരും തനിക്കൊപ്പം ഉണ്ടെന്ന് അലി അക്ബർ പറയുന്നു. ക്രൗഡ് ഫണ്ടിംഗ് സഹായത്തോടെയാണ് അലി അക്ബർ
1921 സംവിധാനം ചെയ്യുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ആത്മ മിത്രമേ,
നാം സ്വപ്നം കണ്ട ഉദ്യമം സാക്ഷാത്കാരത്തിലേക്ക് അടുക്കുകയാണ്.1921പുഴമുതൽ പുഴവരെയുടെ പൂജ, സ്വിച്ച് ഓൺ,ഗാന സമർപ്പണം എന്നിവ ഫെബ്രുവരി രണ്ടാം തീയ്യതി പൂജനീയ സ്വാമി ചിദാനന്ദപുരിയുടെ കാർമ്മികത്വത്തിൽ നടക്കുകയാണ്. നിലവിലുള്ള പരിതസ്ഥിതിയിൽ വിപുലമായ രീതിയിൽ നടത്താൻ കഴിയില്ല എന്നറിയാമല്ലോ. ആയതിനാൽ താങ്കളുടെ സാന്നിധ്യം ആഗ്രഹിച്ചിരുന്നുവെങ്കിലും സാധ്യമാവാത്തതിനാൽ ഈ ഉദ്യമത്തിൽ ഇതുവരെ എനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നതോടൊപ്പം, പൂജാവേളയിലും തുടർന്നും മനസ്സും പ്രാർത്ഥനയും സഹായവും മമധർമ്മയോടൊപ്പം ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു...🙏
നിങ്ങൾ എന്നിലേൽപ്പിച്ച വിശ്വാസം പരിപൂർണ്ണതയിലേക്കെത്താൻ എന്നോടൊപ്പം ഒരു വലിയ നിര താരങ്ങളും, സാങ്കേതിക പ്രവർത്തകരും തന്നെയുണ്ട്... നമുക്ക് ഇനിയും ഒരുപാട് ദൂരം മുൻപോട്ട് പോവേണ്ടതുണ്ട് കൂടെയുണ്ടാവണം.🙏
സസ്നേഹം
അലി അക്ബർ.
നേരത്തേ സിനിമയ്ക്കു വേണ്ടി ഒരുക്കിയ സംവിധാനങ്ങളുടെ വിവരം അലി അക്ബർ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. 6K ക്യാമറയാണ് സിനിമയ്ക്കായി ഉപയോഗിക്കുന്നത്.
മലബാർ കലാപം പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയാണ് 1921.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലാണ് സിനിമയുടെ തിരക്കഥ സമർപ്പിച്ചത്. ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കാൻ ഛായാഗ്രാഹകനായ മകന്റെ സേവനം സംവിധായകൻ മേജർ രവി വാഗ്ദാനം ചെയ്തിരുന്നു.
മമധർമ്മ എന്ന നിർമ്മാണ കമ്പനിയുടെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.