ആദ്യ ചിത്രത്തിനായി തുടരെ തുടരെ നിർമ്മാതാക്കളെ കണ്ട് ഒരാൾ പോലും ഒത്തുവരാത്ത തന്റെ സാഹചര്യം വിവരിച്ച യുവ സംവിധായകന് അൽഫോൺസ് പുത്രൻ (Alphonse Puthren) നൽകിയ മറുപടി ശ്രദ്ധ നേടുന്നു. നിരവധി അംഗീകാരങ്ങൾ നേടിയ ഹ്രസ്വചിത്ര സംവിധായകൻ വിഷ്ണു ഉദയനാണ് തന്റെ അവസ്ഥ പറഞ്ഞുകൊണ്ട് ബ്ലോഗ് പോസ്റ്റ് എഴുതുകയും, അതിന്റെ ലിങ്ക് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തത്.
'സിനിമയിലെ ഫാസിസം' എന്നാണ് വിഷ്ണു നൽകിയ തലക്കെട്ട്. താൻ സിനിമയ്ക്കായി കണ്ടുവച്ച യുവ നടിയുമായി സിനിമയെടുക്കാൻ നിർമ്മാതാക്കൾ ആരും മുന്നോട്ടുവരാത്ത സാഹചര്യമാണെന്നു വിഷ്ണു പറയുന്നു. "സിനിമ ഓൺ ആയിട്ടില്ല, ഓർക്കണം. തിരക്കഥ കേൾക്കുന്നതിന് മുന്നേ തന്നെ അതിൽ സംവിധായകനും എഴുത്തുകാരനും മനസ്സിൽ കാണുന്ന നടിയെ മാറ്റണം - അതാണ് ഉപാധി. ഇതെന്ത് ന്യായമാണെന്ന് എനിക്കിന്നും മനസിലായിട്ടില്ല. നിങ്ങൾ ആദ്യം കഥ കേൾക്കു, കഥ കേട്ടിട്ട് ആ കഥാപാത്രം നമ്മൾ പറയുന്ന അഭിനേത്രിക്കു ചേരുന്നില്ല എന്ന് തോന്നുവാണെങ്കിൽ, നമുക്ക് സംവദിക്കാം. നമ്മുടെ കാരണങ്ങൾ നമ്മൾ ബോധിപ്പിക്കും. എന്നിട്ടും ഒരു പരിഹാരമില്ലെങ്കിൽ നമുക്ക് ഒന്നെങ്കിൽ പിരിയാം അല്ലെങ്കിൽ നിങ്ങൾ പറയുന്ന ആളെ വെച്ച് സിനിമയെടുക്കാം. പക്ഷേ കഥപോലും കേൾക്കാതെ, ഇന്ന നടിയാണെങ്കിൽ എനിക്ക് കേൾക്കണ്ട എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?" എന്ന് വിഷ്ണുവിന്റെ ബ്ലോഗിലെ ഒരു ഭാഗത്ത് ചോദ്യമുയരുന്നു. ഇനി അൽഫോൺസ് പുത്രൻ നൽകിയ മറുപടിയിലേക്ക്.
"മറ്റൊരു നിർമ്മാതാവിനായി ശ്രമിക്കുക. 'നേരം' സംഭവിക്കുന്നതിനു മുൻപ് മറ്റൊരു തിരക്കഥയ്ക്ക് വേണ്ടി ഞാൻ 24 ഓളം നിർമ്മാതാക്കളെ കണ്ടു. നേരത്തിന് വേണ്ടി ഞാൻ 30 നിർമ്മാതാക്കളെയെങ്കിലും കണ്ടു. ഷട്ടർ ഹിന്ദിയിൽ വർക്ക്ഔട്ട് ആയില്ല. പിന്നെ 'പ്രേമം'. അതിനായി അൻവർ റഷീദ് സഹകരിച്ചു. പിന്നെ 'പാട്ട്' സിനിമയ്ക്ക് വേണ്ടി എത്രയോ അഭിനേതാക്കളെ പരീക്ഷിച്ചു. പിന്നീട് കോവിഡ് തരംഗങ്ങൾ കാരണം ഷൂട്ടുകൾ വൈകി. അപ്പോൾ 'ഗോൾഡ്' സംഭവിച്ചു. അതുകൊണ്ട് സ്വർണം കിട്ടുന്നത് വരെ കുഴിയെടുക്കുക. ആരോടും പരാതി പറയരുത്. ആരും കേൾക്കില്ല. ശരിയായ രീതിയിൽ കുഴിച്ചാൽ മതി.. നിങ്ങൾക്ക് സ്വർണ്ണമോ പെട്രോളോ വജ്രമോ വരെ ലഭിക്കും. അതുകൊണ്ട് ഒരിക്കൽ തോറ്റാൽ നിങ്ങൾ ഒരു മാരിയോ ഗെയിം കളിക്കുകയാണെന്ന് കരുതുക. കളി കഴിഞ്ഞാൽ വീണ്ടും ആരംഭിക്കുക. നിങ്ങളുടെ സ്ക്രിപ്റ്റിന്റെ സ്രഷ്ടാവ് നിങ്ങളാണ്. അതിനാൽ ആരാണ് മികച്ചതെന്ന് നിങ്ങൾക്കറിയാം. കാത്തിരിക്കൂ... നിൽക്കൂ... കടുവയെപ്പോലെ ക്ഷമയോടെ കാത്തിരിക്കുക, എന്നിട്ട് ലക്ഷ്യത്തിലെത്തുക."
Summary: Director Alphonse Puthren responds to a Facebook post from an up and coming filmmaker, who is walking a tougher road to roll out his maiden movie
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.