ഇത് ഫാസിലിന്റെ തിരിച്ചു വരവ്. സംവിധായകനല്ല. രണ്ടാം വരവിൽ അഭിനേതാവാണ്. മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിൻറെ സിംഹത്തിൽ കുട്ട്യാലി മരയ്ക്കാരുടെ വേഷമാണ്. ആദ്യം നടൻ മധു കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ വേഷമായിരുന്നുവിത്. ചില കാരണങ്ങളാൽ മധു പിന്മാറിയെന്നാണ് സിനിമാവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സംവിധായകൻ പ്രിയദർശൻ തന്നെയാണ് ഫാസിലിന്റെ പുത്തൻ ലുക്കും ഒപ്പമൊരു നന്ദി വാചകവും കൂടെച്ചേർത്ത് ഫേസ്ബുക് പോസ്റ്റ് ഇട്ടത്.
മോഹൻലാൽ ചിത്രം ലൂസിഫറിലും ഒരു വേഷം ഫാസിലിനുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ ഒന്നാം തിയ്യതി ആയിരുന്നു മരയ്ക്കാർ ചിത്രീകരണം ആരംഭിച്ചത്. നവംബർ മാസം, കേരളപ്പിറവി ദിനത്തിൽ, ആരംഭിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും, പ്രളയ ദുരിതാശ്വാസത്തിനായി നടക്കുന്ന താര സംഘടനയുടെ സ്റ്റേജ് ഷോക്ക് സൗകര്യമൊരുക്കാനായി മാറ്റി വയ്ക്കുകയായിരുന്നു.
വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. മോഹൻലാലിൻറെ കുട്ടിക്കാലം മകൻ പ്രണവ് മോഹൻലാൽ അവതരിപ്പിക്കും. സുനിൽ ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകും. നടൻ മുകേഷ് തന്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുപ്രധാന നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സാബു സിറിളിന്റെ നേതൃത്വത്തിൽ വൻ സജ്ജീകരണങ്ങളാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fazil actor, Fazil director, Kalyani priyadarshan, Keerthy suresh, Manju warrier, Mohanlal, Pranav Mohanlal, Priyadarshan