• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES DIRECTOR RAJESH NAIR ABOUT HIS NEW MOVIE 18 HOURS

Rajesh Nair | പെൺകുട്ടികൾക്കായി, പെൺകുട്ടികളുടെ സർവൈവൽ ത്രില്ലർ; '18 അവേഴ്സ്' അണിയറ വിശേഷങ്ങളുമായി രാജേഷ് നായർ

കോവിഡ് ഒന്നാം തരംഗത്തിന്റെയും രണ്ടാം തരംഗത്തിന്റെയും ഇടയിൽ നവാഗതർക്കൊപ്പം ഒരു ചിത്രം. 'സാൾട്ട് മംഗോ ട്രീ' ഉൾപ്പെടെയുള്ള സിനിമകളുടെ സംവിധായകൻ രാജേഷ് നായർ, പുതിയ ചിത്രം '18 അവേഴ്‌സിനെ' കുറിച്ച്

'18 അവേഴ്സ്' സെറ്റിൽ രാജേഷ് നായർ

'18 അവേഴ്സ്' സെറ്റിൽ രാജേഷ് നായർ

  • Share this:
മുൻനിര താരങ്ങളേയും ശ്രദ്ധേയരായ അഭിനേതാക്കളെയും കൊണ്ട് സിനിമകൾ ചെയ്തിട്ടുള്ള സംവിധായകൻ രാജേഷ് നായർ ഇക്കുറി എത്തുന്നത് പുതുമുഖങ്ങൾക്കൊപ്പമാണ്. 'അന്നും ഇന്നും എന്നും', 'എസ്‌കേപ്പ് ഫ്രം ഉഗാണ്ട', 'സാൾട്ട് മംഗോ ട്രീ', 'കല്യാണം', 'തൃശൂർ പൂരം' തുടങ്ങിയ സിനിമകൾക്ക് ശേഷം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന '18 അവേഴ്സ്' എന്ന ചിത്രം ത്രസിപ്പിക്കുന്ന ട്രെയ്‌ലർ കൊണ്ട് ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. കോവിഡ് കാലത്തും സിനിമ അതിജീവിക്കും എന്നും അപ്പോഴും പുത്തൻ വാഗ്ദാനങ്ങളെ കണ്ടെത്തിക്കൊണ്ടുവരാൻ തടസ്സമില്ലെന്നും തെളിയിക്കാൻ ഒരുങ്ങുകയാണ് ഈ രാജേഷ് നായർ ചിത്രം.

ഓൺലൈൻ ഓഡിഷൻ നടത്തി 200 പേരിൽ നിന്നും ഒരുപിടി നവാഗതരെയും കൂട്ടി ക്യാമറയ്ക്കു മുന്നിൽ വരുമ്പോൾ കോവിഡ് ഒന്നാം തരംഗം പടിവാതിൽക്കൽ എത്തിക്കഴിഞ്ഞിരുന്നു. സിനിമയ്ക്ക് പിന്നിലെ അനുഭവങ്ങളുമായി രാജേഷ് നായർ ന്യൂസ് 18 മലയാളത്തിനൊപ്പം ചേരുന്നു.

"കോവിഡ് ഒന്നാം തരംഗത്തിന്റെയും രണ്ടാം തരംഗത്തിന്റെയും ഇടയിലാണ് ചിത്രം ഷൂട്ട് ചെയ്തത്. പരിമിതമായ ക്രൂവുമായി സിനിമ ചെയ്യാൻ അനുവാദമുണ്ടായിരുന്ന സാഹചര്യത്തിൽ, താരചിത്രം വേണ്ടെന്ന് തീരുമാനിച്ചു. പുതുമുഖങ്ങളെ അവതരിപ്പിക്കാമെന്ന ചിന്തയിലേക്ക് പോയത് അങ്ങനെയാണ്," രാജേഷ് നായർ പറഞ്ഞു.

"200 ഓളം പേരെ പങ്കെടുപ്പിച്ച വീഡിയോ കോൾ വഴിയുള്ള ഓഡിഷനിൽ നിന്നും പതിനഞ്ചോളം പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. അവസാന റൗണ്ട് അഭിമുഖത്തിനായി അവരെ വിളിപ്പിച്ചു. അപ്പോഴാണ് വീഡിയോ ഒഡിഷനിൽ കണ്ടെത്താൻ സാധിക്കാതെ പോയ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പതിയുന്നത്. വന്നവരിൽ ഒരാൾ കഥാപാത്രം ആവശ്യപ്പെടുന്നതിനേക്കാൾ ഉയരം കൂടിയ വ്യക്തിയെങ്കിൽ, മറ്റൊരാൾ ഉയരം കുറഞ്ഞയാളായിരിക്കും.

ഓൺലൈനിൽ കാണുമ്പോഴുള്ള പരിമിതിയാണത്. നേരിൽക്കാണുമ്പോൾ ഇക്കാര്യങ്ങളിൽ ഒരു ധാരണയുണ്ടാവും. ഫ്രയിം സെറ്റ് ചെയ്യുമ്പോൾ ഉണ്ടാവാൻ സാധ്യതയുള്ള വിഷയങ്ങൾ കണക്കിലെടുത്ത് രണ്ടുപേരെ അങ്ങനെ ഉൾപ്പെടുത്താൻ സാധിക്കാതെപോയി. അതിനു ശേഷം ഒഡിഷനിൽ കണ്ടെത്തിയവരോട് ഫോട്ടോ എടുത്തയാക്കാൻ പറഞ്ഞിരുന്നു.

കോവിഡ് കാലം ഞങ്ങളെ സംബന്ധിച്ച് ഒരുപാട് പേർക്ക് അവസരം നൽകുകയായിരുന്നു. എല്ലാവർക്കും വളരെയധികം സമയം ഉണ്ടായിരുന്നു. പ്രീ-പ്രൊഡക്ഷൻ നല്ല രീതിയിൽ ചെയ്യാൻ സാധിച്ചു. സിനിമ കൃത്യസമയത്ത് പൂർത്തീകരിച്ചു. 20 ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം.

എന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം മുതലേ കഴിവതും പുതുമുഖങ്ങളെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എന്റെ സിനിമകളിലെ തിരക്കഥാകൃത്തുക്കൾ എല്ലാം നവാഗതരായിരുന്നു. തൃശൂർ പൂരം ഒഴികെയുള്ള സിനിമകളിൽ ക്യാമറ കൈകാര്യം ചെയ്തവർ പുതിയ ആൾക്കാർ ആയിരുന്നു.

കോവിഡ് പരിമിതിയിൽ വാഹനഗതാഗതത്തിൽ നിയന്ത്രണം ഉണ്ടായിരുന്നതിനാൽ തിരുവനന്തപുരത്ത് ചിത്രീകരണം പൂർത്തിയാക്കാൻ വേണ്ടിയായിരുന്നു തീരുമാനം. പക്ഷെ ഒഡിഷനിൽ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ളവർ പങ്കെടുത്തു. തിരുവനന്തപുരംകാർ വളരെ കുറച്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ."

മലയാള സിനിമയിൽ ആരാധകരെ സമ്പാദിച്ച സർവൈവൽ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന സിനിമയാണ് '18 അവേഴ്സ്'. ഈ വിഭാഗം തെരഞ്ഞെടുത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് സംവിധായകൻ വിശദീകരിക്കുന്നു.

"ഞാൻ രണ്ടു പെൺകുട്ടികളുടെ അച്ഛനാണ്. പെൺകുട്ടികൾ ഒരു ദുർഘടസാഹചര്യത്തിൽ അകപ്പെടുമ്പോൾ, അവരുടെ ബുദ്ധിയും കഴിവും ഉപയോഗിച്ച് പുറത്തുവരുന്ന സിനിമകൾ നമ്മൾ ഇതുവരേം കണ്ടിട്ടില്ല. ഒന്നുകിൽ പോലീസ്, അതുമല്ലെങ്കിൽ ഹീറോ വന്നുവേണം, അവരെ രക്ഷിക്കാൻ. ഇന്നത്ത കാലത്ത് നല്ല സ്കൂളുകളിൽ വിദ്യാഭ്യാസം നേടി, സ്പോർട്സിൽ പ്രാവീണ്യമുള്ള പെൺകുട്ടികൾ കായികമായി മുന്നേറാൻ കഴിവുള്ളവരാണ്. ആ ശ്രമം എങ്ങനെ വിജയിക്കുന്നു എന്നതാണ് സിനിമയുടെ തന്തു.

ഒരിടത്ത് അകപ്പെട്ടു പോയ പെൺകുട്ടികൾ, 18 മണിക്കൂറിനുള്ളിൽ, വെല്ലുവിളികൾ നിറഞ്ഞ അപകട സാഹചര്യത്തിൽ നിന്നും രക്ഷപെടുന്നതാണ് സിനിമയുടെ കഥ.സിനിമയിലെ പെൺകുട്ടികൾക്ക് ഒരാഴ്ചയോളം ആക്ടിങ് വർക്ഷോപ്പും ആക്ഷൻ ട്രെയിനിങ്ങും നൽകി. കൃഷ്ണൻ ബാലകൃഷ്ണനാണ് വർക്ക്ഷോപ്പ് നടത്തിയത്. സ്റ്റണ്ട് മാസ്റ്റർ എത്തി ഫൈറ്റും പഠിപ്പിച്ചു. അക്കാരണംകൊണ്ട് ആക്ഷൻ നല്ലരീതിയിൽ ചെയ്യാൻ സാധിച്ചു. പത്തു മിനിറ്റ് നീളുന്ന ഫൈറ്റ് സീക്വൻസ് ക്ളൈമാക്സിലുണ്ട്. ആദ്യമായാണ് അവർ റോപ്പിൽ കയറുന്നത്. അതെല്ലാം നന്നായി പരിശീലനം നടത്തി ചെയ്യിപ്പിച്ചു. അഞ്ച് ആൺകുട്ടികളുമായാണ് പെൺകുട്ടികളുടെ ഫൈറ്റ് സീക്വൻസ്. അവരെയും പരിശീലിപ്പിച്ചിരുന്നു.

ഈ സിനിമ എല്ലാരും കുടുംബമായി കാണുകയും, പെൺകുട്ടികളെ കാണിക്കുകയും ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. പെൺകുട്ടികൾ ആരുടേയും പിറകിലല്ല എന്ന ഓർമ്മപ്പെടുത്തൽ കൂടിയുണ്ട്. കാലഘട്ടം മാറി. ഒരു പുരുഷൻ വന്നാലേ രക്ഷപെടാൻ പറ്റൂ എന്നില്ല. വിവേകവും ബുദ്ധിയും ശക്തിയുമുണ്ടെങ്കിൽ ആരും സഹായിക്കാനില്ലാത്ത സമയത്തും പെൺകുട്ടികൾക്ക് രക്ഷപെടാൻ സാധിക്കും."

ശ്യാമപ്രസാദ്, വിജയ് ബാബു, സുധീർ കരമന, ദേവി അജിത്, സംഗീത സംവിധായകൻ രതീഷ് വേഗ എന്നിവർ സിനിമയിൽ വേഷമിട്ടിട്ടുണ്ട്. മിസ് കേരളയും നടിയുമായ ഇന്ദു തമ്പി ഒരിടവേളക്ക് ശേഷം മടങ്ങിവരുന്ന സിനിമ കൂടിയാണിത്.

"ഇന്ദു സിനിമയിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുന്ന സമയത്താണ് '18 അവേഴ്‌സിൽ' എത്തിച്ചേരുന്നത്. ഇന്ദുവിന്റെ ഭർത്താവ് എന്റെ സുഹൃത്താണ്. സംസാരിച്ചുവന്നപ്പോൾ ഇന്ദു 'ടൈപ്പ് വൺ ഡയബറ്റിസ്' ഉള്ള വ്യക്തിയെന്ന് മനസ്സിലായി.

സാൾട്ട് മംഗോ ട്രീ എഴുതിയ വിനോദ് ആൻഡ് വിനോദ് ആണ് ഈ സിനിമയുടെയും സ്ക്രിപ്റ്റ്. നായികാ കഥാപാത്രത്തിന് ഏതെങ്കിലും തരത്തിലെ ശാരീരിക വെല്ലുവിളി എന്ന ആശയം ഞങ്ങൾ ചർച്ചചെയ്തു. 'ടൈപ്പ് വൺ ഡയബറ്റിക്' ആയ വ്യക്തി ഉപയോഗിക്കുന്ന ഇൻസുലിൻ പമ്പ് നിലച്ചാൽ ഉണ്ടാവുന്ന വിഷയങ്ങൾ കടന്നുവന്നു.അങ്ങനെയാണ് ഇന്ദു സിനിമയുടെ ഭാഗമാവുന്നത്. 'ഈ വേഷം ചെയ്തുകൂടേ' എന്ന് ഇന്ദു തമ്പിയോട് ചോദിക്കുകയും, വളരെ മികച്ച രീതിയിൽ ഇന്ദു ഒഡിഷനിൽ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്‌തു. സിനിമയിൽ ഇൻസുലിൻ പമ്പ് ഉള്ള 'ടൈപ്പ് വൺ ഡയബറ്റിക്' ആയാണ് ഇന്ദു അഭിനയിച്ചിരിക്കുന്നത്. എട്ടു ദിവസം നീളുന്ന ആക്ഷൻ ആണ്. ആക്ഷൻ രംഗങ്ങൾ ഇന്ദു മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്."

ആറുവർഷങ്ങൾ കഴിഞ്ഞും, രാജേഷ് നായരുടെ 'സാൾട്ട് മംഗോ ട്രീയും' ബിജു മേനോന്റെ 'ചൈൽഡ് ലേബർ' രംഗവും ഇപ്പോഴും ഹിറ്റാണ്.

"ഇത്രയും സിനിമ എടുത്തെങ്കിലും സാൾട്ട് മംഗോ ട്രീ ചെയ്തതിന്റെ പേരിലാണ് പ്രേക്ഷകരിൽ നിന്നും ഇപ്പോഴും അംഗീകാരം ലഭിക്കുന്നത്. ബിജു മേനോന്റെ രംഗത്തിനായി 'ചൈൽഡ് ലേബർ' ഉൾപ്പെടെ ചില വിഷയങ്ങൾ ഞങ്ങൾ അന്ന് പരിഗണിച്ചിരുന്നു. ആ ഡയലോഗ് മുഴുവൻ സ്ക്രിപ്റ്റ് എഴുതി തന്നെ അവതരിപ്പിച്ചതാണ്. ശരിക്കും ആ പ്രസംഗം കഴിഞ്ഞാൽ ഷോട്ട് അവസാനിക്കും. പുള്ളി പക്ഷെ 'കുറച്ചു വെള്ളം തരുമോ' എന്ന് പ്രിൻസിപ്പലിനോട് ചോദിക്കുകയും, അതുകഴിഞ്ഞ് 'താങ്ക്യു ചേച്ചി' എന്ന് പറയുകയുകയും കൂടി ചെയ്‌തു. ഷൂട്ടിംഗ് സമയത്ത് ഞങ്ങൾ വീണുകിടന്ന് ചിരിക്കുകയായിരുന്നു. 'സാൾട്ട് മംഗോ ട്രീ' രണ്ടാം ഭാഗം ഉടൻ ഉണ്ടാവും. അതേ ടീം തന്നെയാവും ചെയ്യുക," രാജേഷ് നായർ പറഞ്ഞു.

ഓഗസ്റ്റ് 1ന് '18 അവേഴ്സ്' മനോരമ മാക്‌സിൽ പ്രദർശനത്തിനെത്തും.
Published by:Meera Manu
First published:
)}